സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജാതിവിവേചനം അവകാശങ്ങള്‍ ലഭിക്കാതെ ആദിവാസി സമൂഹം
തിരുവനന്തപുരം: ആദിവാസി ജനതയോട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അയിത്തം. തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ജാതി വിവേചനം വിദ്യാസമ്പന്നരായ ആദിവാസി യുവാക്കള്‍ക്ക് തിരിച്ചടിയാകുന്നു.
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലെ പ്ലീഡര്‍ നിയമനത്തില്‍ നിന്നും ആദിവാസി അഭിഭാഷകയെ ഒഴിവാക്കിയതോടെ ഉദ്യോഗസ്ഥ തലത്തിലെ ജാതി വിവേചനം മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
മന്ത്രിസഭ അംഗീകരിച്ച നാലുപേരുടെ പട്ടികയില്‍ ഒന്നാമതായിരുന്ന തിരുവനന്തപുരം സ്വദേശിനിയെ പട്ടിക വര്‍ഗ വിഭാഗമായതിന്റെ പേരില്‍ ഒഴിവാക്കിയാണ് ഉത്തരവ് പുറത്തിറക്കിയത്.
പ്ലീഡര്‍ നിയമനത്തിന്റെ അഭിമുഖ പരീക്ഷയില്‍ ഉദ്യോഗാര്‍ഥിയോട് ജാതി വിവേചനം കാണിച്ചെന്ന പരാതിയും നേരത്തെ ഉയര്‍ന്നിരുന്നു. പ്ലീഡര്‍ തസ്തികയില്‍ ആദിവാസികള്‍ വേണ്ടെന്ന നിലപാടാണ് ചിലര്‍ക്കുള്ളതെന്ന് ആദിവാസി ഗോത്രമഹാസഭ കണ്‍വീനര്‍ എം. ഗീതാനന്ദന്‍ സുപ്രഭാതത്തോട് പറഞ്ഞു.
ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയിട്ടും വിദ്യാഭ്യാസ മേഖലയില്‍ ആദിവാസി സമൂഹത്തിന് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്ന പരാതിയും ശക്തമായിട്ടുണ്ട്. ഭരണ-ഉദ്യോഗസ്ഥ തലത്തിലെ ജാതി വിവേചനമാണ് ഈ സമൂഹത്തിന് അര്‍ഹമായ പരിഗണന നിഷേധിക്കാന്‍ കാരണം. സമൂഹത്തിന്റെ മുന്‍നിരയില്‍ നിന്നും ആദിവാസി ജനതയെ അകറ്റി നിര്‍ത്തുന്ന സമീപനമാണ് ഭരണ- ഉദ്യോഗസ്ഥ തലത്തിലുള്ളത്. മതനിരപേക്ഷതയുടെ പേരില്‍ അധികാരത്തിലെത്തുന്ന മുന്നണികള്‍ ആദിവാസികളോട് വിവേചനം കാണിക്കുകയാണെന്ന് ഗീതാനന്ദന്‍ വ്യക്തമാക്കി.
പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ പോലും ഈ വിഭാഗത്തിനോട് നീതി പുലര്‍ത്തുന്നില്ലെന്നതാണ് വാസ്തവം.
ഉപരിപഠനത്തിനായി ഇടുക്കി, അട്ടപ്പാടി എന്നിവടങ്ങളില്‍ നിന്നും 15,000ല്‍പ്പരം വിദ്യാര്‍ഥികള്‍ കേരളത്തിലെ നഗരങ്ങളില്‍ എത്തുമ്പോള്‍ 120 വിദ്യാര്‍ഥികള്‍ക്ക് മാത്രം താമസിക്കാന്‍ സൗകര്യമുള്ള മൂന്ന് ഹോസ്റ്റലുകള്‍ മാത്രമാണ് പട്ടിക വകുപ്പിന്റെ കീഴില്‍ കേരളത്തിലുള്ളത്. ഇത്തരത്തില്‍ വിദ്യാഭ്യാസ മേഖലയിലും അടിസ്ഥാന പ്രശ്‌നങ്ങളിലും ആദിവാസി സമൂഹം ഇന്നും പുറകില്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ടൂറിസ്റ്റുകള്‍ക്കായി കോടികള്‍ മുടക്കുകയാണ്.
കൊച്ചിയില്‍ 50 കോടി ചെലവഴിച്ച് ആദിവാസി ഹെറിറ്റേജ് മ്യൂസിയം നിര്‍മിക്കുന്നത് ഇതിനുദാഹരണം. ബജറ്റില്‍ തുക വകയിരുത്തുമ്പോഴും ആദിവാസികളുടെ പ്രധാന ആവശ്യങ്ങളോട് ഇടതുസര്‍ക്കാര്‍ മുഖം തിരിക്കുകയാണ്.
പട്ടികവര്‍ഗ വകുപ്പിന് പ്രത്യേക പദവി നല്‍കിയ യു.ഡി.എഫ് സര്‍ക്കാര്‍ നടപടി എല്‍.ഡി.എഫ് റദ്ദാക്കിയത് അവഗണനയുടെ തെളിവാണെന്നും നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. ആദിവാസി സമൂഹത്തെ രണ്ടാംതരക്കാരായി കാണുന്ന ഭരണതല-ഉദ്യോഗസ്ഥ സമീപനത്തിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."