ബോട്ടിനുള്ളില്‍ മത്സ്യത്തൊഴിലാളി ഷോക്കേറ്റ് മരിച്ചസംഭവം: മറ്റ് തൊഴിലാളികളെ ചോദ്യം ചെയ്തു
ചവറ: മത്സ്യബന്ധനത്തിനിടയില്‍ മത്സ്യത്തൊഴിലാളി ബോട്ടിനുള്ളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ബോട്ടിലെ മറ്റ് തൊഴിലാളിലാളികളെ നീണ്ടകര കോസ്റ്റല്‍ പൊലിസ് ചോദ്യം ചെയ്തു. ചവറ ചെറുശേരിഭാഗം മല്ലൂര്‍ വീട്ടില്‍ ബാബുവാണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രി 11ഓടെയായിരുന്നു സംഭവം.അരവിള സ്വദേശി പോളിന്റെ അന്തോണീസ് എന്ന ബോട്ടിലെ തൊഴിലാളിയായിരുന്നു ബാബു.ഇന്‍വര്‍ട്ടറില്‍നിന്ന് ഇരുമ്പുപൈപ്പിലേക്ക് വൈദ്യുതിയെത്തിയതാണ് അപകടത്തിന് കാരണമായത്. സംഭവസമയത്ത് ബോട്ടില്‍ ഒന്‍പത് തൊഴിലാളികളുണ്ടായിരുന്നു.
ബോട്ടിലെ കൈവരിയിലെ പൈപ്പില്‍ പിടിച്ചുനിന്ന ബാബുവിന് ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് മറ്റ് തൊഴിലാളികള്‍ പറയുന്നത്. ഷോക്കേറ്റ ബാബു ബോട്ടിലേക്ക് തന്നെ തെറിച്ചുവീണു. ബോട്ട് ഉടന്‍ കരയ്‌ക്കെത്തിച്ച് ബാബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ട്രോളിങ് നിരോധനകാലത്ത് ബോട്ടിന്റെ അറ്റകുറ്റപണി നടത്തുക പതിവാണ്.
അപകടമുണ്ടായ ബോട്ട് അറ്റകുറ്റപണി നടത്തിയിട്ടുണ്ടോയെന്ന് ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ പരിശോധന നടത്തും. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി കോസ്റ്റല്‍ സി.ഐ പറഞ്ഞു. അതിനു ശേഷമേ ബോട്ടുടമക്കെതിരേ കേസെടുക്കണമോ എന്നത് തീരുമാനിക്കുകയുള്ളൂ. മേരിയാണ് ബാബുവിന്റെ ഭാര്യ. മൂന്നുമക്കളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."