സുനന്ദയുടെ ഫോണിലെ വിവരങ്ങള്‍ പൊലിസ് സി.ബി.ഐയോട് ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്കറിന്റെ മൊബൈല്‍ഫോണില്‍ നിന്നും ലാപ്ടോപ്പില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ കൈമാറാന്‍ ഡല്‍ഹി പൊലിസ് സി.ബി.ഐയോട് ആവശ്യപ്പെട്ടു. സുനന്ദ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണം മൂന്നരവര്‍ഷം കഴിഞ്ഞിട്ടും യാതൊരു പുരോഗതിയും ഇല്ലാത്തതിനെ തുടര്‍ന്ന് സംഭവം പുനരന്വേഷിക്കുന്ന ഡല്‍ഹി പൊലിസിലെ പ്രത്യേക സംഘം (എസ്.ഐ.ടി) ആണ് വിവരങ്ങള്‍ ആരാഞ്ഞ് സി.ബി.ഐക്കു കീഴിലുള്ള സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് (സി.എഫ്.എസ്.എല്‍) കത്തെഴുതിയത്.
പ്രധാനമായും സുനന്ദ ഉപയോഗിച്ചിരുന്ന ബ്ലാക്ക്ബെറി ഫോണിലെ ചാറ്റ് വിവരങ്ങളാണ് പൊലിസ് ആരാഞ്ഞത്. കേസുമായി ബന്ധപ്പെട്ട് സുനന്ദയുടെയും തരൂര്‍-സുനന്ദ ദമ്പതികളുടെ ജീവനക്കാരും അടുത്തസുഹൃത്തുക്കളും ഉള്‍പ്പെടെ 50ഓളം പേരുടെയും മൊബൈല്‍ഫോണുകളും ടാബുകളും പൊലിസ് പിടിച്ചെടുത്തിരുന്നു. ദമ്പതികളുടെ കൈവശം നാല് ലാപ്ടോപ്പുകള് ഉണ്ടായിരുന്നതായാണ് പൊലിസ് പറയുന്നത്. ഇതിലെ ചാറ്റ് വിവരങ്ങള്‍ പരിശോധിക്കാനായി സി.എഫ്.എസ്.എല്‍ ഉള്‍പ്പെടെയുള്ള വിവിധ ലാബുകളിലേക്ക് അയക്കുകയും ചെയ്തിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ലഭിച്ച വിവരങ്ങളാണ് പൊലിസ് ആവശ്യപ്പെട്ടത്. കേസിന്റെ അന്വേഷണം മന്ദഗതിയിലായത് സംബന്ധിച്ചും സി.ബി.ഐക്കയച്ച കത്തില്‍ പൊലിസ് സൂചിപ്പിച്ചിട്ടുണ്ട്.
അന്വേഷണം വേഗത്തിലാക്കുമെന്നും മറ്റു ലാബുകളില്‍നിന്നുള്ള വിവരങ്ങളും ഉടന്‍ ശേഖരിക്കുമെന്നും എസ്.ഐ.ടിയിലെ ഒരംഗം പറഞ്ഞു. ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ ഈശ്വര്‍ സിങ് നേതൃത്വം നല്കുന്ന എസ്.ഐ.ടിയില്‍ കൊട്ല മുബാറക്പൂര്‍ പൊലിസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ (എസ്.എച്ച്.ഒ) വീര്‍ കിഷന് പാല് സിങ് യാദവ്, ലോധി കോളനി പൊലിസ് സ്റ്റേഷന് എസ്.എച്ച്.ഒ രവിശങ്കര്‍, സരോജിനി പൊലിസ് സ്റ്റേഷനിലെ ഭീകരവിരുദ്ധ സമിതി (എ.ടി.ഒ) ഇന്‍സ്പെക്ടര്‍ പ്രതീപ് റാവത്ത് എന്നിവരാണ് അംഗങ്ങള്‍.
2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ചാണക്യപുരിയില്‍ സ്ഥിതിചെയ്യുന്ന പഞ്ചനക്ഷത്ര ഹോട്ടലായ ലീലാ പാലസില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."