അയ്യപ്പ ഭക്തരുടെ വാഹനമടക്കം ആര്‍.എസ്.എസ് സംഘം തടയുന്നു; ഹര്‍ത്താലിനെതിരെ കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: അയ്യപ്പ ഭക്തരുടെ വാഹനമടക്കം ആര്‍.എസ്.എസ് സംഘം തടയുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തീര്‍ത്ഥാടകര്‍ക്ക് വെള്ളംപോലും ലഭ്യമാകാത്ത വിധത്തിലാണ് ബി.ജെ.പിയുടേയും ഹിന്ദു ഐക്യവേദിയുടേയും സമരം. പല സ്ഥലത്തും അയ്യപ്പഭക്തര്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല സ്ത്രീപ്രവേശന വിധിയെ ഒരു സുവര്‍ണാവസരമായി കാണുന്നവര്‍ക്ക് അയ്യപ്പനോടും അയപ്പഭക്തരോടും യാതൊരുവിധ പ്രതിബദ്ധതയുമില്ലെന്ന് തിരിച്ചറിയുന്ന സന്ദര്‍ഭമാണിതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദിയും ബി.ജെ.പിയും നേതൃത്വം നല്‍കുന്ന ഹര്‍ത്താലില്‍ സാധാരണ സമരങ്ങള്‍ക്ക് നല്‍കുന്ന ഇളവുപോലും നല്‍കാന്‍ അവര്‍ തയ്യാറാവുന്നില്ലെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.
ശബരിമലയെ തകര്‍ക്കാന്‍ ആരാണ് കരുക്കള്‍ നീക്കുന്നതെന്ന് മനസിലാക്കാന്‍ കഴിയുന്ന കാര്യങ്ങളാണ് ഇതൊക്കെ. ശശികല ടീച്ചര്‍ നാട്ടിലെമ്പാടും വിഷം ചീറ്റിക്കൊണ്ടിരിക്കുകയാണ്. ഒരു മാസത്തിനിടയില്‍ നാലുതവണ ശശികല ശബരിമല സന്ദര്‍ശിക്കുന്നത് ഏത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. ശബരിമല ക്ഷേത്രത്തെ ചോരക്കളമാക്കി മാറ്റുന്നതിനാണ് ഇതിലൂടെ അവര്‍ ശ്രമിക്കുന്നത്. മരക്കൂട്ടത്ത് വച്ച് മടങ്ങിപ്പോകാന്‍ നിരന്തരമായി ശശികലയോട് പൊലിസ് അഭ്യര്‍ഥിച്ചു.
എന്നാല്‍ അതിനവര്‍ തയ്യാറായില്ല. രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ശശികലക്കെതിരെ നടപടി എടുത്തതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."