തകര്‍ന്നുവീണ് കുത്തക മണ്ഡലങ്ങള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ തകര്‍ന്നുവീണത് മൂന്നു കുത്തക മണ്ഡലങ്ങള്‍. രണ്ട് മണ്ഡലങ്ങള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍ അരൂരിലെ എല്‍.ഡി.എഫ് ആധിപത്യത്തിന് ഷാനിമോള്‍ ഉസ്മാന്‍ തടയിട്ടു. 56 വര്‍ഷം ഇടതോരം ചേര്‍ന്നു സഞ്ചരിച്ചിരുന്ന അരൂരില്‍ ചെങ്കൊടി മാറ്റിക്കെട്ടിയ ഷാനിമോള്‍ ഉസ്മാനും, വട്ടിയൂര്‍ക്കാവ് മണ്ഡലം രൂപീകൃതമായതു മുതല്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയും 2016ലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്ത് തള്ളപ്പെട്ട സി.പി.എം തിരുവനന്തപുരം മേയര്‍ പ്രശാന്തിലൂടെ വട്ടിയൂര്‍ക്കാവ് തിരിച്ചു പിടിച്ചതും, 23 വര്‍ഷമായി കോണ്‍ഗ്രസിനൊപ്പം നിന്ന കോന്നി ഡി.വൈ.എഫ്.ഐ നേതാവ് ജിനീഷ്‌കുമാറിലൂടെ തിരിച്ചു പിടിച്ചതുമാണ് ഈ തെരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ ജയം.
1957ല്‍ അരൂര്‍ മണ്ഡലം രൂപീകൃതമായ ശേഷം നടന്ന 15 തെരഞ്ഞെടുപ്പുകളില്‍ പത്തിലും (1965, 1967, 1970, 1980, 1982, 1987, 1991, 2006, 2011, 2016) അരൂര്‍ ഇടത്തേക്കാണു ചാഞ്ഞത്. വലത്തേക്കു ചിന്തിച്ചപ്പോഴാകട്ടെ, രണ്ടു തവണ (1996, 2001) യു.ഡി.എഫിലായിരുന്ന കമ്മ്യൂണിസ്റ്റായ ഗൗരിയമ്മയ്‌ക്കൊപ്പവും ഒരു തവണ (1977) കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഗൗരിയമ്മയെ തോല്‍പിച്ച സി.പി.ഐക്ക് ഒപ്പവും.
ആദ്യത്തെ രണ്ടു തെരഞ്ഞെടുപ്പുകളില്‍ മാത്രമാണ് (1957, 1960) നിയമസഭയില്‍ അരൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗമുണ്ടായിരുന്നത്. ഈ അരൂരാണ് നാലാമങ്കത്തിനിറങ്ങിയ ഷാനിമോള്‍ ഉസ്മാന് തുണയായത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എ.എം ആരിഫിനെ ആലപ്പുഴ പിടിയ്ക്കാന്‍ നിയോഗിക്കുമ്പോഴും പാര്‍ട്ടി മുന്നില്‍കണ്ടിരുന്നത് ആരെ നിര്‍ത്തിയാലും അനായാസം അരൂരില്‍ ജയിച്ചുകയറാമെന്നു തന്നെയായിരുന്നു.
എന്നാല്‍ സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് 2016ല്‍ 40,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എ.എം ആരിഫ് വിജയഭേരി മുഴക്കിയ അരൂര്‍ ഇത്തവണ ഷാനിമോളിലൂടെ യു.ഡി.എഫ് തിരിച്ചെടുത്തു. രണ്ടുദിവസം പൂര്‍ണമായും അരൂര്‍ കേന്ദ്രീകരിച്ച് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചെലവിട്ടു. എന്നാല്‍ അരൂരില്‍ ഇത്തവണ രാഷ്ട്രീയക്കാറ്റ് വലത്തേക്കാണു വീശിയത്.
വട്ടിയൂര്‍ക്കാവിലാകട്ടെ ഒരു വിജയ പ്രതീക്ഷയും സി.പി.എമ്മിനില്ലായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 43,000 വോട്ടുകള്‍ നേടി ടി.എന്‍ സീമ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിയടയേണ്ടി വന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐയിലെ സി.ദിവാകരന്‍ വെറും 23,000 വോട്ട് മാത്രമാണ് ഇവിടെ നേടാന്‍ കഴിഞ്ഞത്.
അവിടെ നിന്നാണ് പ്രശാന്ത് 14,465 വോട്ടുകളൂടെ ഭൂരിപക്ഷത്തില്‍ വെന്നിക്കൊടി പാറിച്ചത്. ജനപ്രിയനായ സ്ഥാനാര്‍ഥിയെ അവതരിപ്പിച്ച് വിജയം കൊയ്യാമെന്ന ഇടത് തന്ത്രം സമ്പൂര്‍ണമായും ഫലം കണ്ടത് വട്ടിയൂര്‍ക്കാവിലാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലായി അടൂര്‍ പ്രകാശും ആന്റോ ആന്റണിയും കൂറ്റന്‍ മുന്നേറ്റം കാഴ്ചവച്ച കോന്നിയാണ് ഇടതുമുന്നേറ്റത്തില്‍ മൂക്കുകുത്തിയ മറ്റൊരു മണ്ഡലം. ത്രികോണ മത്സര പ്രതീതി സൃഷ്ടിച്ച മണ്ഡലത്തില്‍ ആശങ്കകളില്ലാത്ത വിജയം സാധ്യമാക്കാന്‍ കഴിഞ്ഞുവെന്നത് എല്‍.ഡി.എഫിന്റെ നേട്ടമാണ്.
മാത്രമല്ല ശബരിമല സ്ഥിതിചെയ്യുന്ന മണ്ഡലത്തിന് തൊട്ടടുത്ത് കിടക്കുന്നതും ശബരിമല മാത്രം പറഞ്ഞ് വോട്ട് പിടിച്ച ബി.ജെ.പിയെ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളിയാണ് കോന്നിയില്‍ സി.പി.എം അട്ടിമറി ജയം കാഴ്ച വച്ചത്. അടൂര്‍ പ്രകാശിന്റെ എതിര്‍പ്പിനെ തള്ളി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് തോല്‍വിയ്ക്ക് പ്രധാന കാരണമായി. മൂന്ന് കുത്തക മണ്ഡലങ്ങളിലും മാറിമറിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ കാരണങ്ങളിലേക്കാവും ഇനി രാഷ്ട്രീയ കേരളത്തിന്റെ ചര്‍ച്ച വഴിമാറുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."