മഴക്കാല മുന്‍കരുതലുകള്‍
നമ്മുടെ ചുറ്റുപാടുകളില്‍ കൊതുക് നിവാരണം നടത്തിയാല്‍ ഒരു പരിധിവരെ രോഗങ്ങള്‍ ഒഴിവാക്കാവുന്നതാണ്. വൃത്തിഹീനമായ ചുറ്റുപാടുകളിലും വെള്ളം കെട്ടിക്കിടക്കുന്നിടത്തുമാണ് പ്രധാനമായും കൊതുകുകള്‍ പ്രജനനം നടത്തുന്നത്. അതുകൊണ്ട് പ്ലാസ്റ്റിക് കുപ്പികള്‍, പാത്രങ്ങള്‍, ഓട, ചിരട്ട എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്.
ചുറ്റുപാടുകളിലുള്ള മാലിന്യം നശിപ്പിക്കുക, ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും നമ്മുടെ ചുറ്റുപാടുകള്‍ പരിശോധിച്ച് വെള്ളം കെട്ടിനില്‍പ്പുണ്ടെങ്കില്‍ അത് ഒഴുക്കിക്കളയുക, ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക, കുളിക്കാനിറങ്ങുമ്പോള്‍ കൈ നീളമുള്ള ഉടുപ്പുകള്‍ ഉപയോഗിക്കുക, വൈകുന്നേരമാകുമ്പോള്‍ ജനലും വാതിലും അടച്ചിടുക എന്നിവ ശീലമാക്കിയാല്‍ കൊതുക് കടിയില്‍ നിന്ന്് രക്ഷനേടാം. കൂടാതെ എലിപ്പനി പോലെയുള്ള ജന്തുജന്യ രോഗങ്ങളും മഴക്കാലത്ത് വ്യാപകമാണ്. ഇതില്‍ നിന്നും രക്ഷനേടാന്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
രോഗവാഹകരായ ജന്തുക്കളുമായി സഹവര്‍ത്തിക്കുമ്പോള്‍ വ്രണങ്ങളിലൂടെയും മുറിവുകളിലൂടെയും രോഗാണുക്കള്‍ നമ്മുടെ ശരീരത്തിലേക്ക് കടക്കും. ഇതില്‍ നിന്ന് മുക്തി നേടാനായി ഇത്തരം ജന്തുക്കള്‍ നമ്മുടെ വീടിനുള്ളില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൂടാതെ നമ്മുടെ ഭക്ഷണപാദാര്‍ഥങ്ങളിലൂടെയും രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്. മഴക്കാലത്ത് പരമാവധി വേവിച്ച ചൂട് ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. ഇവ വൃത്തിയുള്ള പാത്രങ്ങളില്‍ അടച്ച് സൂക്ഷിക്കേണ്ടതാണ്. പഴകിയതും തുറന്നിട്ടതും ഐസിട്ടതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കൃത്യമായ മുന്‍കരുതലുകളോടെയും ജാഗ്രതയോടെയും മഴക്കാലത്തെ വരവേല്‍ക്കുകയാണെങ്കില്‍ മഴക്കാലം നമുക്ക് രോഗമുക്ത മഴക്കാലമാക്കി മാറ്റാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."