വിനോദിന് വെള്ളപ്പൊക്കം വിനയായപ്പോള്‍ മനുവിന് അപരനും
കൊച്ചി: യു.ഡി.എഫിന്റെ കോട്ടയായ എറണാകുളത്ത് കോണ്‍ഗ്രസ് നേതാവ് ടി.ജെ വിനോദിനു നിലവിലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് അടുത്തെത്താന്‍ കഴിയാതെ പോയത് തെരഞ്ഞെടുപ്പു ദിവസം പെയ്ത കനത്ത മഴയും വെള്ളപ്പൊക്കവും. എന്നാല്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി മനു റോയിക്ക് തിരിച്ചടിയായത് അപരന്‍.
കടുത്ത മത്സരത്തിനൊടുവില്‍ യു.ഡി.എഫിന്റെ അഭിമാനമായ എറണാകുളം നിലനിര്‍ത്തിയെങ്കിലും ടി.ജെ വിനോദിന് സിറ്റിങ് എം.പിയായ ഹൈബി ഈഡന്‍ നിലനിര്‍ത്തിയിരുന്ന ഭൂരിപക്ഷത്തിന് അടുത്തെത്താന്‍ പോലും കഴിയാത്തത് വന്‍ തിരിച്ചടിയായി.
കാല്‍നൂറ്റാണ്ടായി കൊച്ചിന്‍ കോര്‍പറേഷന്‍ ജനപ്രതിനിധിയായി നിലകൊള്ളുന്ന വിനോദ് 3,750 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മനു റോയിയെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡന്‍ 21,949 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മണ്ഡലം നിലനിര്‍ത്തിയത്. 2019ല്‍ ലോക്‌സഭയിലേക്ക് ഹൈബി മത്സരിക്കുമ്പോള്‍ പി. രാജീവിനെതിരേ എറണാകുളം മണ്ഡലത്തില്‍ 31,178 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു.
ഇത്തവണ യു.ഡി.എഫിനു വിനയായത് പോളിങ് ദിവസം നേരിട്ട കനത്ത മഴയായിരുന്നു. ശക്തമായ മഴയില്‍ എറണാകുളം മുങ്ങിയതോടെ പോളിങ് 57.86 ശതമാനമായി കുറഞ്ഞു. കൂടാതെ കൊച്ചി നഗരസഭാ ഭരണത്തിനെതിരായ വികാരവും പ്രതിഫലിച്ചു. ഇക്കാര്യം ഹൈബി ഈഡന്‍ എം.പി വാര്‍ത്താസമ്മേളനത്തിലൂടെ തുറന്നടിക്കുകയും ചെയ്തു.
എന്നാല്‍ പ്രതീക്ഷയ്ക്കപ്പുറം മികച്ച പ്രകടനം മനു റോയി കാഴ്ചവച്ചെങ്കിലും തിരിച്ചടിയുടെ ആഘാതം കൂട്ടിയത് അപരനും ചിഹ്നവുമായിരുന്നു. മനുവിന്റെ അപരന്‍ മനു കെ.എം 2,572 വോട്ടുകളാണു നേടിയത്. 2004ല്‍ എല്‍.ഡി.എഫിന് അട്ടിമറി വിജയം നല്‍കിയ സെബാസ്റ്റ്യന്‍ പോളിന്റെ ചിഹ്നമായ ടെലിവിഷന്‍ ലഭിച്ചത് അപരനായിരുന്നു. കൂടാതെ നോട്ടയ്ക്ക് 1,309 വോട്ടുകള്‍ ലഭിക്കുകയും ചെയ്തു. ഇത് യു.ഡി.എഫിനെ പിന്തുണച്ചു. എന്നാല്‍ ടി.ജെ വിനോദിന്റെ അപരന്‍ 206 വോട്ടില്‍ ഒതുങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."