ആധാര്‍ കാര്‍ഡ് പുതുക്കാന്‍ കഴിയുന്നില്ലെന്ന് പരാതി
പുതുക്കാട്: ജില്ലയിലെ പല അക്ഷയ കേന്ദ്രങ്ങളിലും ആധാര്‍ പുതുക്കല്‍ നടത്താന്‍ കഴിയുന്നില്ലെന്ന് പരാതി ഉയരുന്നു.
രാജ്യത്ത് കേരളത്തിലെ അക്ഷയ കേന്ദ്രങ്ങളില്‍ മാത്രമാണ് ആധാര്‍ പുതുക്കാന്‍ സൗകര്യം ഉള്ളത്. എന്നാല്‍ ജില്ലയില്‍ ഗുരുവായൂര്‍, കോലഴി, വരന്തരപ്പിള്ളി, കോടാലി എന്നീ കേന്ദ്രങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ആധാര്‍ രേഖയുടെ പുതുക്കല്‍ നടത്താന്‍ കഴിയുന്നത്. അത് കൊണ്ട് തന്നെ ഈ കേന്ദ്രങ്ങളില്‍ വാന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. രണ്ട് വിധത്തിലാണ് ആധാര്‍ പുതുക്കുന്നത്.
ഒന്ന് ഓപ്പറേറ്റര്‍ വഴിയും, മറ്റൊന്ന് സൂപ്പര്‍വൈസറുടെ സാന്നിധ്യത്തിലും ആണ്. അംഗ പരിമിതരുടെ കാര്യത്തില്‍ ഇടതു കയ്യിന്റെ തള്ള വിരലിന്റെ രേഖ കിട്ടാന്‍ പറ്റില്ലെങ്കില്‍ പകരം കണ്ണുകളുടെ രേഖകളാണ് ആധാറില്‍ ഉപയോഗിക്കുന്നത്. ഇത്തരം കേസുകളിലാണ് സൂപ്പര്‍വൈസറുടെ സാന്നിധ്യം ആവശ്യമുള്ളത്. സാധാരണ ഗതിയില്‍ ഓപ്പറേറ്റര്‍ വഴിയാണ് പുതുക്കല്‍ പ്രക്രിയ നടത്തുന്നത്.
എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ മാസം 15 മുതല്‍ ആധാര്‍ പുതുക്കല്‍ നടത്തുന്നതിന് അക്ഷയ കേന്ദ്രങ്ങളില്‍ ജി.പി.എസ് അഥവാ ഗ്ലോബല്‍ പൊസിഷനിംഗ് സംവിധാനം ഘടിപ്പിക്കണമായിരുന്നു.
മിക്കവാറും കേന്ദ്രങ്ങള്‍ ഇവ ഘടിപ്പിച്ചെങ്കിലും പല സ്ഥലത്തും വിവിധ കാരണങ്ങളാല്‍ ഈ സംവിധാനം പ്രവര്‍ത്തനരഹിതമായതാണ് ആധാര്‍ പുതുക്കല്‍ മുടങ്ങാന്‍ കാരണം പാന്‍ കാര്‍ഡും, മൊബൈല്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശദത്തിന്റെ പാശ്ചാത്തലത്തില്‍ അനേകം പേര്‍ക്ക് തങ്ങളുടെ ആധാര്‍ കാര്‍ഡ് പുതുക്കേണ്ടി വന്നിരിക്കയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം നടപ്പിലാക്കാനുള്ള അവസാന തീയതി നീട്ടണമെന്ന ആവശ്യമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്.
അതോടൊപ്പം എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ആധാര്‍ പുതുക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."