ഗജ ചുഴലിക്കാറ്റ്; മരണസംഖ്യ 33 ആയി
ചെന്നൈ: ഗജ ചുഴലിക്കാറ്റിലും കനത്ത മഴയിലുമുണ്ടായ വിവിധ അപകടങ്ങളില്‍ തമിഴ്‌നാട്ടില്‍ മരിച്ചവരുടെ എണ്ണം 33 ആയി. നാഗപട്ടണത്തും വേദാരണ്യത്തുമുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവരെയെല്ലാം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മഴയും കാറ്റും ശക്തമായി തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കെടുതിയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തതായും മോദി പറഞ്ഞു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് തീരമേഖലയില്‍ 1,27,448 മരങ്ങള്‍ കടപുഴകിവീണതായാണ് കണക്കാക്കുന്നത്. നിരവധി വൈദ്യുതിക്കാലുകളും തകര്‍ന്നിട്ടുണ്ട്.
പുതുക്കോട്ട, തഞ്ചാവൂര്‍, കടലൂര്‍ ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. മത്സ്യബന്ധനത്തിന് പോയ 173 ബോട്ടുകള്‍ കാറ്റിലകപ്പെട്ട് ശ്രീലങ്കന്‍ തീരത്തടിഞ്ഞിട്ടുണ്ട്. 120 ബോട്ടുകള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ടെന്നും സംസ്ഥാന ദുരന്തനിവാരണ സേന അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."