കാനന കാഴ്ചകളുടെ പറുദീസ
#ഫാറൂഖ് എടത്തറ
പതിവുയാത്രയില്‍നിന്നു വ്യത്യസ്തമായി എന്തെങ്കിലും പദ്ധതികളെ കുറിച്ച് ആലോചിച്ചിരിക്കെയാണ് ഒരുമിച്ചുള്ള ഒരു ദിവസത്തെ യാത്ര എന്ന ആശയം മുളപൊട്ടുന്നത്. സമയം ഒത്തുവന്ന ഒരു ഞായറാഴ്ച രാവിലെ 11.30ന് ഞങ്ങള്‍ സുഹൃത്തുക്കള്‍ അഞ്ചുപേര്‍ നെല്ലിയാമ്പതി ലക്ഷ്യമാക്കി യാത്ര തിരിച്ചു.
ഒന്നരയോടെ നെന്മാറയിലെത്തി ഭക്ഷണം കഴിച്ചു. നെല്ലിയാമ്പതിയിലേക്കുള്ള യാത്രയുടെ രസം യഥാര്‍ഥത്തില്‍ നെന്മാറയില്‍നിന്നു തുടങ്ങുന്നതാണ്. യാത്രയിലെ കാഴ്ചകള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര രസമുള്ളതാണ്. പാലക്കാടിന്റെ വശ്യസൗന്ദര്യം മുഴുവന്‍ പ്രകടമാക്കി, യാത്രികരെ കടുംപച്ച വിരിയിച്ച കാട്ടുചോലകളിലേക്കു കൂട്ടിക്കൊണ്ടു പോകുന്ന നെല്ലിയാമ്പതി ഏറെ മനോഹരമായിരിക്കുമെന്നു യാത്രയുടെ തുടക്കം തന്നെ വിളിച്ചുപറയുന്നുണ്ടായിരുന്നു.
പ്രകൃതിയുടെ മനോഹാരിതയില്‍ ലയിച്ചുകൊണ്ടുള്ള ആ യാത്ര നെന്മാറയില്‍നിന്ന് 34 കിലോമീറ്റര്‍ പിന്നിട്ടതറിഞ്ഞില്ല. നെന്മാറയിലെത്തി വലത്തോട്ട് എട്ട് കി.മീറ്റര്‍ പോയാല്‍ പോത്തുണ്ടി ഡാം എത്തും. മണ്ണുകൊണ്ടുണ്ടാക്കിയ ഇന്ത്യയിലെ ഏറ്റവും വലിയ ഡാമാണ് പോത്തുണ്ടി ഡാം. ഇതു സ്ഥിതിചെയ്യുന്നതാകട്ടെ നയനമനോഹരമായ നെല്ലിയാമ്പതി മലയുടെ താഴ്‌വാരത്തില്‍. ഡാമിനുമുകളില്‍നിന്നു നോക്കിയാല്‍ നെല്ലിയാമ്പതി മലനിരകളുടെ ഹരിതഭംഗി ആവോളം ആസ്വദിക്കാം. പോത്തുണ്ടി ഡാമാണ് നെല്ലിയാമ്പതി കാനന കാഴ്ചകളുടെ കവാടം. ഇവിടെനിന്ന് ഏകദേശം 20 കി.മീറ്റര്‍ സഞ്ചരിച്ചാല്‍ നെല്ലിയാമ്പതിയിലേക്കെത്തും.
ചുരം കയറാന്‍ തുടങ്ങിയ കയറ്റത്തിന്റെ തുടക്കത്തില്‍ തന്നെ ഫോറസ്റ്റ് ചെക്ക് പോസ്റ്റുണ്ട്. യാത്രയ്ക്കു പോകുന്നവരുടെ എണ്ണം നല്‍കിയ ശേഷമാണ് അവിടെനിന്നു യാത്ര തുടരാനാകുക. പയ്യെ ചുരം കയറിത്തുടങ്ങി. ഇടയ്ക്കുവച്ച് കാര്‍ നിര്‍ത്തി ഡ്രൈവര്‍ പുറത്തേക്കിറങ്ങി. കൊള്ളാം കോഴി ചുട്ടുകഴിക്കാന്‍ പറ്റിയ നല്ല സ്ഥലം. എല്ലാവരും ഇറങ്ങി. പക്ഷേ കൂറ്റന്‍പാറ ഞങ്ങള്‍ക്കെതിരേ നിന്നതിനാല്‍ അതിനു മുതിര്‍ന്നില്ല. പറ്റിയ സ്ഥലമുണ്ടോയെന്ന് കുറെനോക്കി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തലങ്ങും വിലങ്ങും വാഹനവുമായി ചീറിപ്പായുന്നതു കണ്ടപ്പോള്‍ ശ്രമം വേണ്ടെന്നുവച്ചു. പിന്നെ ഒന്നും നോക്കിയില്ല, നേരില്‍ കാണാത്ത വര്‍ഗീസണ്ണന്റെ വീട്ടില്‍ കയറി. കാട്ടില്‍ കയറി പാചകം ചെയ്താല്‍ പിടിക്കപ്പെടുമെന്നതിനാലാണ് വര്‍ഗീസണ്ണന്റെ വീട് തിരഞ്ഞെടുത്തത്. കോഴി ചുടലിന്റെ അവസാന ഭാഗമെത്തിയപ്പോഴേക്കും വര്‍ഗീസണ്ണനും ഭാര്യയും വാഹനമിറങ്ങി. കാര്യം അറിഞ്ഞപ്പോള്‍ അണ്ണനും ഞങ്ങളോടൊപ്പം പാചകത്തില്‍ പങ്കെടുത്തു.
സമയം നാല് മണിയായതോടെ എല്ലാം കഴിഞ്ഞ് നെല്ലിയാമ്പതിയുടെ ഉയരങ്ങളിലേക്ക് ഞങ്ങള്‍ തിരിച്ചു. പോത്തുണ്ടി ഡാമിന്റെ പരിസരത്ത് അല്‍പ്പനേരം നിര്‍ത്തി കാഴ്ചകള്‍ ആസ്വദിക്കുന്നതോടൊപ്പം വീട്ടില്‍നിന്നു കൊണ്ടുവന്ന പഴവും കഴിച്ചു കുറച്ചുനേരം സൊറ പറഞ്ഞിരുന്നു. അവിടന്നങ്ങോട്ട് നെല്ലിയാമ്പതി വരെ ചെറിയ വെള്ളച്ചാട്ടങ്ങളുടെ ഘോഷയാത്രയാണ്. താഴേക്ക് നോക്കിയാല്‍ പേടിതോന്നിക്കുന്ന ചില പ്രദേശങ്ങള്‍. എന്നാല്‍ കാഴ്ചയ്ക്കു ഏറെ ഭംഗയുള്ള സ്ഥലങ്ങളും.
റോഡരികില്‍ പലയിടത്തായി നാലോളം വ്യൂ പോയിന്റുകളുമുണ്ട്. പലയിടത്തും കനത്തമഴയില്‍ കാട്ടിലെ മരങ്ങള്‍ റോഡിലേക്കു വീണുകിടക്കുന്നു. വാഹനങ്ങള്‍ക്കു പോകാന്‍ തടസമായി നില്‍ക്കുന്ന ഒട്ടേറെ മരങ്ങള്‍ നിലത്തു വീണുകിടക്കുന്നത് കണ്ട് അല്‍പം പേടിതോന്നി. ഉയര്‍ന്ന പ്രദേശമായതു കൊണ്ടുതന്നെ എപ്പോഴും മരങ്ങള്‍ കടപുഴകിവീണേക്കാം. ചിലയിടങ്ങളിലൊക്കെ ഗതാഗത തടസമുണ്ടാക്കുന്നുമുണ്ട്. പലയിടത്തും മണ്ണിടിച്ചിലും കണ്ടു. നെല്ലിയാമ്പതി ഫോറസ്റ്റ് റേഞ്ചില്‍ എത്തുമ്പോഴേക്കും പൊലിസുകാര്‍ വാഹനം തടഞ്ഞു. മുന്‍പിലിരുന്ന സുഹൃത്ത് കറുത്ത കൂളിങ് ഗ്ലാസ് വച്ചതും മുണ്ട് തലയില്‍ കെട്ടിയതും കണ്ട് പൊലിസുകാര്‍ക്കു സംശയം; കുപ്പിയുണ്ടോ?. സാറേ ഞങ്ങള്‍ അത്തരക്കാരല്ലെന്ന പേടിയോടെയുള്ള മറുപടി കേട്ടപ്പോള്‍ ചെറുപുഞ്ചിരിയോടെ പോകാന്‍ പറഞ്ഞു. കൂടെ ഒരു ഉപദേശവും, ശ്രദ്ധിച്ച പോകണമെന്ന്.
മനോഹരമായ ഈ കുന്നിന്‍പ്രദേശവും മലനിരകളും ആരുടെയും ഹൃദയം കവരുന്നതാണ്. നെല്ലിദേവതയുടെ ഊരായ നെല്ലിയാമ്പതിക്കാടുകളുടെ കുളിരും സൗന്ദര്യവും അനുഭവിക്കണമെങ്കില്‍ നെല്ലിയാമ്പതിയിലേക്കു തന്നെ വരണം. പാവപ്പെട്ടവരുടെ ഊട്ടിയെന്നും നെല്ലിയാമ്പതിയെ ചിലര്‍ വിളിക്കുന്നുണ്ട്. എന്നാല്‍, ഊട്ടിക്കു പകരമാകാന്‍ നെല്ലിയാമ്പതിക്കോ നെല്ലിയാമ്പതിക്കു പകരമാവാന്‍ ഊട്ടിക്കോ ആവില്ല എന്നതാണു വാസ്തവം. യാത്രയുടെ മനോഹാര്യതയും അനുഭൂതികളും രണ്ടു സ്ഥലങ്ങളിലും വ്യത്യസ്തം തന്നെയാണ്.
നെല്ലി ദേവതയുടെ ഊര് എന്നാണ് നെല്ലിയാമ്പതിയുടെ അര്‍ഥം. കേരളത്തിലെ ആദിമനിവാസികള്‍ തങ്ങളുടെ ദൈവങ്ങള്‍ മലകളിലും മരങ്ങളിലും വസിക്കുന്നുവെന്നു സങ്കല്‍പ്പിച്ചിരുന്നവരാണ്. ഇതില്‍ തന്നെ കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടിരുന്നവര്‍ അമ്മദൈവങ്ങളെ മാത്രമേ ആരാധിച്ചിരുന്നുള്ളൂ. ഇത്തരത്തില്‍ നെല്ലിമരത്തില്‍ ആസ്ഥാനമാക്കിയ ദേവതയുടെ പേരില്‍നിന്നാണ് നെല്ലിയാമ്പതിയുടെ സ്ഥലനാമോല്‍പ്പത്തി എന്നാണ് പറയപ്പെടുന്നത്. തമിഴ്‌നാട്ടില്‍നിന്നും തെക്കന്‍ കേരളത്തില്‍നിന്നും കുടിയേറിവന്ന ഒരു ചെറിയ ജനസമൂഹമാണ് നെല്ലിയാമ്പതിയെ ചായയും കാപ്പിയും ഓറഞ്ചും വിളയുന്ന സ്ഥലമാക്കിയത്. ഇവരില്‍ പലരും 30ഉം 35ഉം കൊല്ലമായി ഇവിടത്തെ എസ്റ്റേറ്റ് തൊഴിലാളികളാണ്. ആര്‍ക്കും വലിയ പരാതികളോ പരിവട്ടങ്ങളോ ഇല്ലതാനും.
പച്ചവിരിച്ച നെല്‍പാടങ്ങളുടെ പശ്ചാത്തലമൊരുക്കി കാഴ്ചകളുടെ അതിരുകളില്‍ നിരന്നുനില്‍ക്കുന്ന സഹ്യപര്‍വതനിരകളും ഇടയ്ക്കിടക്ക് തലയുയര്‍ത്തി നില്‍ക്കുന്ന പനകളും വൃത്തിയുള്ള നാട്ടുപാതകളും ജീവനുള്ള നാട്ടുകവലകളും മനകളും തുടങ്ങി പാലക്കാടന്‍ ഗ്രാമങ്ങളെ വ്യത്യസ്തമാക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്. പറിച്ചെറിഞ്ഞ പുല്‍നാമ്പുകളും പിച്ചിച്ചീന്തിയ മരച്ചില്ലകളും പോകുന്ന വഴിയിലുടനീളം കാണാം.
നെല്ലിയാമ്പതി അടുത്തപ്പോള്‍ എസ്റ്റേറ്റുകളുടെ ലോകമായി. തേയിലയും കാപ്പിയും കൂടാതെ റബറും അടയ്ക്കയും കുരുമുളകും കൃഷിയിനങ്ങളായിട്ടുണ്ട്. ഒരുകാലത്ത് ഓറഞ്ചുതോട്ടങ്ങള്‍ ധാരാളമുണ്ടായിരുന്ന സ്ഥലമാണ് നെല്ലിയാമ്പതി. ബ്രിട്ടീഷുകാരാണ് കാടുകയറി മരങ്ങള്‍ മുറിച്ച് നെല്ലിയാമ്പതിയില്‍ തോട്ടങ്ങള്‍ സ്ഥാപിച്ചുതുടങ്ങിയത്. ചെറുതും വലുതുമായി അന്‍പത്താറോളം എസ്റ്റേറ്റുകള്‍. അവയില്‍ പാട്ടക്കാലാവധി കഴിഞ്ഞവ വനംവകുപ്പ് തിരിച്ചുപിടിക്കുന്നുണ്ട്. തിരിച്ചുപിടിച്ച തോട്ടങ്ങള്‍ വനമായിമാറാന്‍ അനുവദിക്കുകയാണ്. പലതിലും നിയമയുദ്ധം തന്നെ നടന്നുകൊണ്ടിരിക്കുന്നു.
മുകളിലേക്ക് കയറുംതോറും നല്ല തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. പല തരത്തിലുള്ള ജന്തുവര്‍ഗങ്ങളുടെ ശബ്ദങ്ങള്‍, ഒഴുകിയിറങ്ങുന്ന ചെറു അരുവികള്‍, മിക്ക ഭാഗങ്ങളിലും ഇടുങ്ങിയ റോഡാണെങ്കിലും തലങ്ങും വിങ്ങും വാഹനങ്ങള്‍ ചീറിപ്പായുകയാണ്. വഴിയില്‍ പലയിടങ്ങളിലായി വാനരന്മാരും മലയെണ്ണാന്മാരും അങ്ങോട്ടും ഇങ്ങോട്ടും ഓടിനടക്കുന്നതു കാണാം. യാത്രയ്ക്കിടയില്‍ മൂന്ന് ഹില്‍ പോയിന്റുകളുണ്ട്. അവിടെനിന്നു നോക്കിയാല്‍ പോത്തുകുണ്ട് ഡാം അടക്കം ചുറ്റുമുള്ള ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കും. മഞ്ഞ് മൂടിയാല്‍ ഈ ദൃശ്യങ്ങളൊന്നും കാണാന്‍ സാധിക്കില്ല. നാലരയോടെ തന്നെ അവിടെയെത്തി.
മനോഹരമായ കാഴ്ചകള്‍... പ്രകൃതി സൗന്ദര്യത്തിന്റെ മാസ്മരികത വിടര്‍ത്തുന്ന മറ്റൊരു സ്ഥലംകൂടി കണ്ടതിന്റെ സന്തോഷം അടക്കിപ്പിടിക്കാന്‍ സാധിച്ചില്ല. കാപ്പിത്തോട്ടങ്ങള്‍, തേയിലത്തോട്ടങ്ങള്‍, ഓറഞ്ച് ഫാം, രാമവര്‍മ എസ്റ്റേറ്റ്, സീതാര്‍കുണ്ട് എസ്റ്റേറ്റ്, സീതാര്‍കുണ്ട് വ്യൂ പോയിന്റ്, വെള്ളച്ചാട്ടം, മാന്‍പാറ എന്നിവയെല്ലാം നെല്ലിയാമ്പതിയില്‍ വന്നാല്‍ കാണാം. നിറമുള്ള കാഴ്ചകണ്ട് തുരുതുരാ ഫോട്ടോകള്‍ ഒപ്പിയെടുത്തു. ഇടയ്ക്ക് കുരങ്ങന്മാരും കൂട്ടിനെത്തി. പുകവലിച്ചും മദ്യപിച്ചും കുറേപേര്‍ അപ്പുറത്ത് ആനന്ദിക്കുന്നു. ഇപ്പുറത്ത് കുടുംബവുമായി വന്ന കുറേപേര്‍ ഗ്രൂപ്പ് ഫോട്ടോയുമെടുത്ത് ആഹ്ലാദം പങ്കിടുന്നു. ഒരു ദിവസത്തെ യാത്ര. ഓര്‍മകളില്‍നിന്നു മായാത്ത ഒരു ദിനം. നെല്ലിയാമ്പതിയില്‍നിന്ന് തിരിച്ച് വീട്ടിലേക്കു പോകുമ്പോള്‍ ആ കാട്ടുപാതകളുടെ കുളിരും കൂടെപ്പോന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."