കലക്ടറുടെ നിര്‍ദേശത്തിന് പുല്ലുവില: ബസുകളുടെ മത്സരയോട്ടത്തില്‍ പുറമേരിയില്‍ വീണ്ടും അപകടം
എടച്ചേരി: മുന്‍ ജില്ലാ കലക്ടറുടെ നിലവിലുളള ഓര്‍ഡറിന് പുല്ലുവില കല്‍പ്പിച്ചു കൊണ്ട് നാദാപുരം മേഖലയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം തുടരുകയാണ്.
നിയമം ലഘിച്ച് അമിതവേഗതയില്‍ ബസ് ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കും, യാത്രക്കാരോടും വിദ്യാര്‍ഥികളോടും മാന്യമല്ലാത്ത നിലയില്‍ പെരുമാറുന്ന ബസ് ജീവനക്കാര്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് പൊലിസിനും, ആര്‍.ടി.ഒ അടക്കമുളള ഉദ്യോഗസ്ഥര്‍ക്കും മുന്‍ കലക്ടര്‍ ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം നിര്‍ദേശങ്ങളെ അവഗണിച്ച് കൊണ്ടാണ് മിക്ക ഡ്രൈവര്‍മാരും അമിതവേഗതയില്‍ ബസോട്ടം തുടരുന്നത്.
അമിതവേഗതയിലെത്തിയ ബസ് പുറമേരിയില്‍ വീണ്ടും അപകടം സൃഷ്ടിച്ചു. ഇന്നലെ വൈകുന്നേരം വടകര നിന്ന് തൊട്ടില്‍പാലത്തേക്കു പോവുകയായിരുന്ന വിനായക ബസ് റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്കിന്റെ സൈലന്‍സറും ബോഡിയും തകര്‍ന്നു. ഇതേ ബസാണ് കഴിഞ്ഞ ദിവസം പുറമേരി തണ്ണീര്‍ പന്തലില്‍ വച്ച് നടുറോഡില്‍ നിര്‍ത്തിയിട്ട് ആളെയിറക്കിയത്.
അന്ന് നാട്ടുകാര്‍ താക്കീത് ചെയ്ത് വിട്ട ഇതേ ബസാണ് ഇന്നലെ വൈകുന്നേരവും അമിതവേഗതയിലെത്തി ബൈക്കിലിടിച്ചത്.
ബൈക്ക് യാത്രികരായ ദമ്പതിമാര്‍ തൊട്ടടുത്ത കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ കയറിയ ഉടനെയാണ് സംഭവം നടന്നത്. പുറമേരി ടൗണില്‍ കഴിഞ്ഞ ആഴ്ചയും സ്‌കൂട്ടര്‍ യാത്രക്കാരനെ ബസ് തട്ടിയിരുന്നു.
ബസുകളുടെ മത്സരയോട്ടം കാരണം നാട്ടുകാരും ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റം നടക്കുന്നതും പതിവാണ്.മുതലാളിമാര്‍ ഏര്‍പ്പെടുത്തിയ കലക്ഷന്‍ ബത്തയാണ് ഡ്രൈവവര്‍മാരെ അമിത വേഗതയ്ക്ക് പ്രേരിപ്പിക്കുന്നത്. കൂടുതല്‍ കലക്ഷന്‍ ലഭിക്കാന്‍ വേണ്ടിയുള്ള ഈ മത്സരയോട്ടത്തിനിടെ അപകടങ്ങളും യാത്രക്കാരുമായുള്ള വാക്കേറ്റങ്ങളും പെരുകിയതോടെ മുതലാളിമാര്‍ കലക്ഷന്‍ ബത്ത ഒഴിവാക്കിയിരുന്നു.
പകരം ഒരേ റൂട്ടിലോടുന്ന ഏതാനും ബസുകളുടെ മുതലാളിമാര്‍ കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് കൂട്ടായ്മയിലെ മുഴുവന്‍ ബസുകളുടെയും കലക്ഷന്‍ തുല്യമായി വീതിച്ചെടുക്കുകയും ചെയ്തിരുന്നു. ഇത് ബസുകളുടെ മത്സരയോട്ടത്തെ ഒരു പരിധി വരെ നിയന്ത്രിച്ചിരുന്നു.
എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് ശേഷം മുതലാളിമാര്‍ തമ്മിലുള്ള ഈ ധാരണ പൊളിഞ്ഞതോടെ കാര്യങ്ങള്‍ വീണ്ടും പഴയപടിയിലായി. ഇപ്പോള്‍ എല്ലാം ബസ് ജീവനക്കാര്‍ക്ക് തോന്നിയപോലെയാണ് കാര്യങ്ങള്‍. ഏത് സ്ഥലത്ത് നിര്‍ത്തിയും ആളെ കയറ്റാനും ഇറക്കാനും ബസ് ജീവനക്കാര്‍ക്ക് ആരെയും പേടിയില്ലാത്ത അവസ്ഥയാണ്.ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാന്‍ ട്രാഫിക് പൊലിസ് തയാറാകുന്നില്ലെന്ന ആരോപണവുമുണ്ട് .
സമയം തെറ്റിയത് കാരണമാണ് അമിതവേഗതയിലെത്തുന്നതെന്നാണ് ഡ്രൈവര്‍മാരുടെ വിശദീകരണം. ചുരുങ്ങിയ കാലയളവിലുണ്ടായ ചെറിയ ചെറിയ അപകടങ്ങള്‍ പതിവായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരക്കെ പരാതിയുണ്ട്. അധികൃതര്‍ കണ്ണടക്കുന്നതിലാണ് പലപ്പോഴും ദുരന്തത്തിന് കളമൊരുങ്ങുന്നതെന്ന് യാത്രക്കാര്‍ മുന്നറിയിപ്പും നല്‍കുന്നു.
തൊട്ടില്‍പ്പാലം വടകര റൂട്ടിലാണ് സ്വകാര്യ ബസുകളുടെ മത്സരയോട്ടം ഏറ്റവും കൂടുതല്‍. യാത്രക്കാര്‍ ജീവന്‍ പണയം വച്ചാണ് ഈ റൂട്ടുകളില്‍ ഓടുന്ന ബസുകളില്‍ യാത്ര ചെയ്യുന്നത്. നിരവധി തവണ സ്വകാര്യ ബസുകളുടെ അമിത വേഗത മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒരു നടപടിയും ഇന്നുവരെ ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പരാതി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."