ഗീലാനിയുടെ മൃതദേഹം ഖബറടക്കത്തിനായി കശ്മിരിലെത്തിച്ചു
ന്യൂഡല്‍ഹി: അന്തരിച്ച കശ്മിരി മനുഷ്യാവകാശ പ്രവര്ത്തകന് സയ്യിദ് അബ്ദുര്‍റഹ്്മാന്‍ ഗീലാനിയുടെ മൃതദേഹം ഖബറടക്കത്തിനായി കശ്മിരിലെത്തിച്ചു. പൊലിസിന്റെ ഇടപെടലിനും തര്‍ക്കത്തിനും ഒടുവില്‍ എയിംസില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമാണ് ഇന്നലെ വിമാനത്തില്‍ കശ്മിരിലെത്തിച്ചത്. ഗീലാനിയുടെ മൃതദേഹത്തോട് പൊലിസ് അനാദരവ് കാട്ടിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
മരിച്ച ദിവസം തന്നെ മൃതദേഹം ഡല്‍ഹിയില്‍ നിന്ന് ആംബുലന്‍സ് വഴി കശ്മിരിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഫോര്‍ട്ടിസ് ആശുപത്രിയുടെ മുന്നില്‍ വച്ച് പൊലിസ് തടയുകയായിരുന്നു.
മൃതദേഹം കയറ്റിയ ആംബുലന്‍സിന്റെ ചാവി ഊരി മാറ്റിയ പൊലിസ് പോസ്റ്റ്മോര്‍ട്ടം നടത്താതെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി.
ഗീലാനിയെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ സാധാരണ മരണമാണെന്ന് അറിയിക്കുകയും ബന്ധുക്കള്‍ക്ക് പരാതിയില്ലാത്ത സാഹചര്യവുമുള്ളതിനാല്‍ പോസ്റ്റ്മോര്‍ട്ടം വേണ്ടെന്നായിരുന്നു ബന്ധുക്കളുടെ നിലപാട്. രാത്രി രണ്ടുമണിക്കൂറോളം ഇതു സംബന്ധിച്ച തര്‍ക്കമുണ്ടായി. ഈ സമയമത്രയും മൃതദേഹവുമായി ആംബുലന്‍സ് പെരുവഴിയില്ക്കിടന്നു.
രാത്രി നടന്ന തര്‍ക്കത്തിനൊടുവില്‍ ഇന്നലെ കാലത്ത് എയിംസില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടം നടത്തുകയും കശ്മിരിലേക്ക് വിമാനത്തില്‍ കൊണ്ടുപോകുകയുമായിരുന്നു. ഇതിനിടെ ഗീലാനിയെ കയറ്റിയ ആംബുലന്‍സില്‍ രണ്ടു പോലിസുകാര്‍ കയറാന്‍ ശ്രമിച്ചെങ്കിലും ബന്ധുക്കള്‍ സമ്മതിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."