എം.എസ്.എഫ് നേതാക്കളെ ജയിലില്‍ സന്ദര്‍ശിച്ചു
കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി ഡോ. കെ.ടി ജലീല്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനെ തുടര്‍ന്ന് അറസ്റ്റിലായ എം.എസ്.എഫ് നേതാക്കളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ ജയിലില്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം വ്യാഴാഴ്ചയാണ് എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. പ്രകടനവുമായെത്തിയ പ്രവര്‍ത്തകരെ യാതൊരു പ്രകോപനവുമില്ലാതെ പൊലിസ് അക്രമിക്കുകയായിരുന്നുവെന്നാണ് നേതാക്കള്‍ ആരോപിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പൊലിസിനെ കല്ലെറിയുകയും പൊലിസിന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലിസ് ലാത്തി വീശിയത്.
മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പേ തന്നെ പ്രവര്‍ത്തകരെ പൊലിസ് വാഹനത്തില്‍ കസ്റ്റഡിയിലെടുക്കുകയും അന്ന് തന്നെ റിമാന്‍ഡിലാക്കി ജില്ലാ ജയിലിലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ്, ജില്ലാ പ്രസിഡന്റ് ലത്തീഫ് തുറയൂര്‍, സെക്രട്ടറി അഫ്നാസ് ചോറോട് തുടങ്ങി ജില്ലയിലെ പ്രധാനപ്പെട്ട 20 ഓളം നേതാക്കളാണ് ജയിലിലുള്ളത്. പ്രവര്‍ത്തകരുടെ കല്ലേറില്‍ പൊലിസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അടക്കം നിരവധി പൊലിസുകാര്‍ക്ക് പരുക്കേറ്റതിനാല്‍ ജാമ്യം ലഭിക്കാന്‍ ഇനിയും ഒരാഴ്ച നീളുമെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.നജീബ് കാന്തപുരം, പി.കെ ഫിറോസ്, എം.എ സമദ്, ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, അഡ്വ. പ്രവീണ്‍കുമാര്‍, കെ.സി അബു, എന്‍. സുബ്രഹ്മണ്യന്, പി.ജി മുഹമ്മദ്, ആഷിക് ചെലവൂര്‍ എന്നിവരും ജയിലിലെത്തി നേതാക്കളെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."