തട്ടേക്കാട് വഴി തെറ്റിയെത്തിയ അപൂര്‍വ്വയിനം രാജഹംസം കൗതുകമായി
ദീപു ശാന്താറാം
കോതമംഗലം: കാലാവസ്ഥ വ്യതിയാനത്തില്‍ വഴി തെറ്റി അപൂര്‍വ്വയിനം രാജഹംസം തട്ടേക്കാട് വിരുന്ന് എത്തി. വലിപ്പം കൊണ്ടും, രൂപഭംഗികൊണ്ടും കാഴ്ചക്കാര്‍ക്ക് വിസ്മയമായ കാഴ്ച്ചയൊരുക്കിയാണു രാജഹംസം തട്ടേക്കാട് എത്തിചേര്‍ന്നത്. പക്ഷികളുടെ പറുദീസയായ തട്ടേക്കാട് തേടിയെത്തുന്ന ആദ്യ രാജഹംസമാണ് ഇത്.
ഗ്രെയ്റ്റര്‍ ഫഌമിങ് ഗോ എന്ന ശാസ്ത്രീയ നാമമുള്ള രാജഹംസം ആദ്യമായാണ് തട്ടേക്കാട് മേഖലയിലെത്തുന്നത്. ഇന്ത്യയില്‍ ഗുജറാത്തിലെ കച്ചിലും, സൈബീരിയ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലുമാണ് രാജഹംസങ്ങള്‍ കാണപ്പെടുന്നത്. കടല്‍ക്കരയിലെ ചതുപ്പുകളിലാണ് ഇവ കൂട്ടമായി വസിക്കുന്നത്.
നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇവ കൂട്ടമായി ദേശാടനം ചെയ്യാറുണ്ട്. പ്രതികൂല കാലാവസ്ഥയില്‍പെട്ട് വഴി തെറ്റി എത്തിയതാവാം ഈ രാജഹംസമെന്നാണ് നിഗമനം.
ഭൂതത്താന്‍കെട്ട് ഡാമിലെ ജലാശയത്തില്‍ വീണ് കിടക്കുന്ന അവസ്ഥയിലാണ് പക്ഷിയെ പക്ഷി സങ്കേതം അധികൃതര്‍ക്ക് കിട്ടുന്നത്.മൂന്ന് കിലോ ഭാരം വരുന്ന ഈ പക്ഷിക്ക് നാല് അടി ഉയരമുണ്ട്.
കടല്‍ക്കരയിലെ ചതുപ്പില്‍ ഉയരത്തില്‍ മണ്‍കൂനകള്‍ ഉണ്ടാക്കി അതിനു മുകളിലെ കുഴികളിലാണ് മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്.റോസും, വെള്ളയും ഇടകലര്‍ന്ന തൂവലും, നീളമുള്ള ചുണ്ടും ഉള്ള ഈ പക്ഷിയുടെ കഴുത്ത് പാമ്പിനെ അനുസ്മരിപ്പിക്കുന്നതാണ്.
വെള്ളത്തിലും കരയിലുമുള്ള ചെറുപ്രാണികളും സസ്യങ്ങളുടെ വിത്തുകളുമാണ് പ്രധാന ആഹാരം. കാലിന് നേരിയ പരിക്ക് പറ്റിയ രാജഹംസത്തെ പക്ഷി സങ്കേതത്തിലെ ഉദ്യോഗസ്ഥരായ ഡോ.ആര്‍.സുഗതന്‍, ഷാജി, ഷിബു, സ്റ്റീഫന്‍ എന്നിവരാണ് പരിചരിച്ചത്.
സുഖം പ്രാപിച്ച ഈ പക്ഷിയെ ഉടനെ വിവരങ്ങള്‍ രേഖപ്പെടുത്തിയ വളയം കാലില്‍ ഘടിപ്പിച്ച് പറത്തി വിടുമെന്നും കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് വഴിതെറ്റിയെത്തിയതാവാമെന്നും തട്ടേക്കാട് പക്ഷി സങ്കേതം അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."