മന്ത്രിയുടെ ഭാര്യയുടെ രാജി: രജിസ്ട്രാറുടെ തലയില്‍ കെട്ടിവയ്ക്കാന്‍ നീക്കം -എ.എ ഷുക്കൂര്‍
ആലപ്പുഴ: മന്ത്രി ജി. സുധാകരന്റെ ഭാര്യ വഹിച്ചിരുന്ന ഡോംടെക് ഡയരക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന വിവാദം സിന്‍ഡിക്കേറ്റ് രജിസ്ട്രാറുടെ തലയില്‍ കെട്ടിവച്ച് തലയൂരാന്‍ നടത്തുന്ന ശ്രമം അപഹാസ്യമാണെന്ന് മുന്‍ എം.എല്‍.എ എ.എ ഷുക്കൂര്‍ ആരോപിച്ചു. സിന്‍ഡിക്കേറ്റില്‍ അംഗങ്ങളായുള്ളവര്‍ വൈസ്ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍, തിരഞ്ഞെടുക്കപ്പെട്ടതും, നോമിനേറ്റ് ചെയ്യപ്പെട്ടവരുമായ അംഗങ്ങള്‍ മാത്രമാണ്. സിന്‍ഡിക്കേറ്റ് യോഗത്തില്‍ മിനിറ്റ്‌സ് തയ്യാറുന്നത് രജിസ്ട്രാര്‍ അല്ല. വൈസ്ചാന്‍സലര്‍ നല്‍കുന്ന മിനിറ്റ്‌സ് കോപ്പി എഴുതി തയ്യാറാക്കി അംഗങ്ങള്‍ക്ക് അയക്കുകയും തിരുത്തോ, മറ്റു നിര്‍ദേശങ്ങളോ ഉണ്ടെങ്കില്‍ അവര്‍ നല്‍കുന്ന നിദേശങ്ങള്‍ വൈസ് ചാന്‍സലര്‍ പരിശോധിച്ച് തിരുത്ത് രേഖപ്പെടുത്തി രജിസ്ട്രാര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്.
അതിനുശേഷമാണ് രജിസ്ട്രാര്‍ ഔദ്യോഗിക മിനിറ്റ്‌സ് ബുക്കിലേക്ക് എഴുതി ചേര്‍ക്കുകയും ചെയ്യുന്നത്. എഴുതിയതിന് ശേഷം വൈസ്ചാന്‍സലര്‍ പരിശോധിച്ച് ഒപ്പിട്ടു നല്‍കുന്ന മിനിറ്റ്‌സ് ബുക്കില്‍ തിരുകികയറ്റാന്‍ എങ്ങനെ സാധിക്കും. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ തിരുകികയറ്റ് നടന്നിട്ടുണ്ടെങ്കില്‍ എല്ലാവരും ചേര്‍ന്ന് ആര്‍ക്കോ വേണ്ടി നടത്തിയ അഴിമതി രജിസ്ട്രാറുടെ തലയില്‍ മാത്രം കെട്ടിവെച്ച് കൈകഴുകാനാണ് ശ്രമിക്കുന്നത്.
കാലാവധി അവസാനിച്ച സിന്‍ഡിക്കറ്റ് അംഗങ്ങള്‍ക്ക് കാലാവധി നീട്ടിക്കൊടുക്കുവാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുവാന്‍ രജിസ്ട്രാര്‍ യഥാസമയം സര്‍ക്കാരിന് കത്ത് അയച്ചില്ല എന്ന കാരണവും കൂടി അധിക വീഴ്ചയായി ആരോപിച്ചു നടത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രജിസ്ട്രാര്‍ രാജിവച്ചത്. ഈ വിഷയത്തില്‍ നടന്നിട്ടുള്ള ക്രമക്കേട് പുറത്തു കൊണ്ടുവരുവാനും, ക്രമക്കേടിന് കുടപിടിച്ചവര്‍ ആരൊക്കെയാണെന്നും കണ്ടുപിടിക്കാന്‍ മന്ത്രി സുധാകരന്‍ രാജിവെയ്ക്കുകയും, യാഥാര്‍ഥ്യം കണ്ടുപിടിക്കാന്‍ സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഷുക്കൂര്‍ അവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."