തീരദേശവാസികള്‍ക്കായി പ്രത്യേക പാക്കേജ് ആവിഷ്‌കരിക്കും: മന്ത്രി
മണ്ണഞ്ചേരി: തീരദേശവാസികള്‍ക്കായി പ്രത്യേക പാക്കേജ് ആവിഷ്‌കരിക്കുമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. തീരദേശ വികസനത്തിനും തീരദേശവാസികളുടെ ആവശ്യങ്ങള്‍ സംബന്ധിച്ചും മന്ത്രിസഭ ചര്‍ച്ച ചെയ്യുകയാണ്. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി മാരാരിക്കുളം സെന്റ് അഗസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ നടത്തിയ മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീരദേശവാസികള്‍ക്കായി പ്രത്യേക പാക്കേജിന് പുറമേ ദിശ നിര്‍ണയ ഉപകരണം, സാറ്റ്‌ലൈറ്റ് ഫോണുകള്‍ എന്നിവയും മത്സ്യബന്ധനത്തിനു പോകുന്നവര്‍ക്ക് അനുവദിക്കും. 12 മീറ്റര്‍ വീതിയില്‍ തീരദേശ റോഡുകള്‍ പണിയും. അവയ്ക്കു സ്ഥലം ലഭ്യമാകുന്നില്ലെങ്കില്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കും. അതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഈ ഹൈവേയുടെ വരവോടെ ടൂറിസം മേഖല സജീവമാകും. 10 ലക്ഷം രൂപ അധികം ചെലവാക്കി തീരത്തിന്റെ 50 മീറ്റര്‍ പരിധിയിലുള്ള തീരദേശ നിവാസികളെയും സുരക്ഷ മുന്‍നിര്‍ത്തി മാറ്റി പാര്‍പ്പിക്കും.
മത്സ്യത്തൊഴിലാളികളുടെ ആരോഗ്യപരിപാലനത്തിനായി 100 കോടി മുടക്കി ചെട്ടിക്കാട് ആശുപത്രി തുറക്കും. സ്ഥലം ഉടമസ്ഥരുമായുള്ള തര്‍ക്കം മൂലമാണ് ആശുപത്രി തുറക്കാന്‍ വൈകുന്നത്. മെഡിക്കല്‍ ക്യാംപില്‍ പങ്കെടുത്തവര്‍ക്ക് തുടര്‍ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രിയേഷ്‌കുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമതി അധ്യക്ഷന്‍ കെ.ടി മാത്യു, ഫിഷറീസ് ഡപ്യൂട്ടി ഡയരക്ടര്‍ എം. സിയാര്‍, ഫിഷറീസ് അസി. ഡയരക്ടര്‍ കെ. നൗഷര്‍ഖാന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി. പ്രകാശന്‍, വാര്‍ഡംഗം സുനിത ചാര്‍ളി, വികസനകാര്യ സമതി അധ്യക്ഷന്‍ പി.ബി സുര എന്നിവര്‍ പങ്കെടുത്തു.
അപ്രതീക്ഷിതമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചെങ്കിലും ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാംപില്‍ പങ്കെടുക്കാന്‍ നിരവധിപേരാണെത്തിയത്. മെഡിക്കല്‍ ദന്തല്‍ കോളജ്, ജനറല്‍ ആശുപത്രി, ചേര്‍ത്തല താലൂക്ക് ആശുപത്രി എന്നിവയുടെ സഹകരണത്തോടെയായിരുന്നു മെഡിക്കല്‍ ക്യാംപ്. ക്യാംപില്‍ ശിശുരോഗം, നേത്രരോഗം, ജനറല്‍, ത്വക്ക് രോഗം, ദന്ത വിഭാഗം, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളില്‍ സൗജന്യ പരിശോധനയും മരുന്നും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."