ഹരിത കേരളവും തുണച്ചില്ല; കോവിലകം ചിറയില്‍ വീണ്ടും പായല്‍ നിറഞ്ഞു
നീലേശ്വരം: ഹരിതകേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്ന നീലേശ്വരം കോവിലകം ചിറയില്‍ വീണ്ടും പായല്‍ നിറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു പ്രത്യേക താല്‍പര്യമെടുത്താണു ചിറയില്‍ നടത്തിയത്. മന്ത്രി ഇ. ചന്ദ്രശേഖരനായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. ദിവസങ്ങള്‍ക്കകം നഗരസഭയുടെ പ്രത്യേക ഫണ്ടില്‍ നിന്നു തുക ചെലവഴിച്ചു മുഴുവന്‍ പായലും നീക്കം ചെയ്തു. എന്നാല്‍ തുടര്‍നടപടികള്‍ ഇല്ലാതായതിനാല്‍ മഴ പെയ്തതോടെ ചിറയില്‍ പഴയ പോലെ പായല്‍ നിറഞ്ഞിരിക്കുകയാണ്. വീണ്ടും പായല്‍ മൂടാതിരിക്കാന്‍ ശാസ്ത്രീയ നടപടികള്‍ സ്വീകരിക്കാത്തതും വിനയായി.
ജില്ലയിലെ ഏറ്റവും വിസ്തൃതമായ ജലാശയങ്ങളില്‍ ഒന്നാണിത്. നീലേശ്വരം രാജവംശത്തിന്റെ നിയന്ത്രണത്തിലുള്ള ചിറയില്‍ കിഴക്കു ഭാഗത്തു മന്നന്‍പുറത്തുകാവ് ഭഗവതി ക്ഷേത്രത്തിന്റെ പൂരക്കടവും തെക്കു ഭാഗത്ത് തളിയില്‍ നീലകണ്‌ഠേശ്വര ക്ഷേത്രത്തിന്റെ ആറാട്ടുകടവും പ്രത്യേകം കെട്ടിത്തിരിച്ചിട്ടുണ്ട്. ജില്ലാതല നീന്തല്‍ മത്സരങ്ങള്‍ക്കും നീന്തല്‍ പരിശീലനത്തിനും വേദിയായ ഇവിടം പായല്‍ നിറഞ്ഞതോടെ ആരും തിരിഞ്ഞു നോക്കാതായി.
ചിറയ്ക്കു ചുറ്റും നടപ്പാതയും വിളക്കുകാലുകളും ഒരുക്കി മോടി പിടിപ്പിക്കാനും നഗരസഭയ്ക്കു പദ്ധതിയുണ്ടായിരുന്നു. രാജവംശത്തിന്റെ കൈയിലായതു കൊണ്ടു തന്നെ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാനും കഴിയാത്ത സ്ഥിതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."