പൊതുസ്ഥലത്തെ പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യല്‍ പുരോഗതിയില്‍
തളിപ്പറമ്പ്: ദേശീയപാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ നീക്കംചെയ്യുന്ന പ്രവര്‍ത്തി തുടരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ആയിരക്കണക്കിന് പരസ്യബോര്‍ഡുകളാണ് നീക്കംചെയ്തത്. പൊതുസ്ഥലങ്ങളില്‍ കൂറ്റന്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുകയും ഇവ കാല്‍നട യാത്രക്കാര്‍ക്കും വാഹനമോടിക്കുന്നവര്‍ക്കും ഭീഷണിയായതിനെ തുടര്‍ന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടറുടെ അധ്യക്ഷതയില്‍ ഈ മാസം ആദ്യം ചേര്‍ന്ന യോഗത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് നടപടി ആരംഭിച്ചത്.
തളിപ്പറമ്പ് താലൂക്കിന് കീഴില്‍ തളിപ്പറമ്പ,് പയ്യന്നൂര്‍, ശ്രീകണ്ഠപുരം, ആലക്കോട് മേഖലകളിലായി നാല് ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലാണ് പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യുന്നത്. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എ. മാനസന്‍, സി.വി പ്രകാശന്‍, ടി.വി കൃഷ്ണരാജ്, പി.വി അശോകന്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.
തളിപ്പറമ്പ് മേഖലയില്‍ നിന്നു ശേഖരിച്ച പരസ്യബോര്‍ഡുകള്‍ താലൂക്ക് ഓഫിസിലും പയ്യന്നൂരില്‍ നിന്നു ശേഖരിച്ചവ പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയിലും ശ്രീകണ്ഠപുരത്തു നിന്നു ശേഖരിച്ചവ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലും ആലക്കോട് നിന്നു ശേഖരിച്ചവ ആലക്കോട് പഞ്ചായത്ത് ഓഫിസിലും സൂക്ഷിച്ചിരക്കയാണ്. താമസിയാതെ ഇവ പരസ്യമായി ലേലം ചെയ്യുമെന്ന് തളിപ്പറമ്പ് തഹസില്‍ദാര്‍ എം. മുരളി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."