നിരോധിത നോട്ട് വേട്ടയില്‍ റെക്കോര്‍ഡ്: കേരളാ പൊലിസില്‍ മികച്ച നേട്ടവുമായി എം.പി മോഹനചന്ദ്രന്‍
പി.മുസ്തഫ വെട്ടത്തൂര്‍
പെരിന്തല്‍മണ്ണ: മുന്‍ സി.ആര്‍.പി.എഫ് എസ്.ഐയും നിലമ്പൂര്‍ സ്വദേശിയുമായ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്‍ വീണ്ടും കേരളാ പൊലിസിന്റെ അഭിമാനമാകുന്നു. തന്റെ പൊലിസ് തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ക്കൂടി ചാര്‍ത്തി, 2017ലെ മികച്ച പ്രവര്‍ത്തനത്തിന് സംസ്ഥാന പൊലിസ് മേധാവിയുടെ 'ബാഡ്ജ് ഓഫ് ഹോണര്‍' പുരസ്‌കാരം കരസ്ഥമാക്കിയ ഇദ്ദേഹം നോട്ടുനിരോധനത്തിന് രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ 128 കോടിയുടെ അസാധുനോട്ടുകളാണ് ഇതുവരെ പിടിച്ചെടുത്തത്. രണ്ടു വര്‍ഷംകൊണ്ട് പെരിന്തല്‍മണ്ണ സബ് ഡിവിഷന്‍ പരിധിയില്‍ മാത്രം പിടിച്ചെടുത്തത് 18 കോടി രൂപയുടെ നിരോധിത 500,1000 രൂപയുടെ ഇന്ത്യന്‍ കറന്‍സികളാണ്. നോട്ടുനിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ മലപ്പുറം പൂക്കോട്ടുംപാടത്തുനിന്നും 85ലക്ഷം രൂപയുടെ നിരോധിത നോട്ടുകളുമായി നാലംഗ സംഘത്തെയും വലയിലാക്കി. കഴിഞ്ഞ ഒക്ടോബറില്‍ നിലമ്പൂരില്‍ നിന്നും 110 കോടി കോടി വിലമതിക്കുന്ന നിരോധിത തുര്‍ക്കി കറന്‍സിയുമായി അഞ്ചുപേരെയും പിടികൂടി. സംസ്ഥാന പൊലിസ് സേനയില്‍ തന്നെ ഒരു ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ നിരോധിത നോട്ടുവേട്ടയിലെ റെക്കോര്‍ഡാണിത്.
വാട്ട്‌സ്ആപ് ഹര്‍ത്താലിന്റെ ആസൂത്രകരെ ദിവസങ്ങള്‍ക്കുള്ളില്‍ വലയിലാക്കാന്‍ പദ്ധതിയാസൂത്രണം ചെയ്ത ഈ 51കാരന്‍ മുന്‍പും ഒട്ടനവധി കേസുകള്‍ക്ക് വ്യക്തത വരുത്തി ശ്രദ്ധേയനായിട്ടുണ്ട്. സംസ്ഥാനത്തെ വലിയ ബാങ്ക് കവര്‍ച്ചകളായ ചേലേമ്പ്ര, പെരിയ, പൊന്ന്യം, കാന്നാണി, തിരുനാവായ ബാങ്ക് കവര്‍ച്ചാ കേസുകളിലെ പ്രതികളെ പിടിച്ചത് മോഹനചന്ദ്രന്‍ ഉള്‍പ്പെടെയുള്ള അന്വേഷണ സംഘമാണ്. തിരൂരങ്ങാടി കൊടിഞ്ഞിയിലെ പാത്തുമ്മക്കുട്ടി വധക്കേസിലെ പ്രതി ഇസ്‌ലാം ഖാനെയും സംഘത്തെയും യു.പി മൊറാദാബാദിലെത്തി സാഹസികമായി പിടികൂടി. അരീക്കോട് കുനിയില്‍ ഇരട്ടക്കൊലക്കേസ്, നിലമ്പൂര്‍ രാധാവധക്കേസ് എന്നിവ അന്വേഷിച്ച പ്രത്യേക സംഘത്തിലും ഉണ്ടായിരുന്നു. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലും തുടര്‍ന്ന് നടന്ന ബിബിന്‍ കൊലക്കേസിലും പ്രതികളെ വലയിലാക്കാന്‍ ഇദ്ദേഹത്തിന്റെ സംഘം നിര്‍ണായക പങ്കാണ് വഹിച്ചത്. കാസര്‍ക്കോട്ടെ റിയാസ് മൗലവിയുടെ ഘാതകരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്നതും ഈ ടീം തന്നെ. ശാസ്ത്രീയാന്വേഷണത്തിലൂടെ മേലാറ്റൂരിലെ ഷെഹീന്‍ തീരോധാനത്തിന്റെ ചുരുളഴിച്ചതും ഇദ്ദേഹത്തിന്റെ കഴിവാണ്. മാവോയിസ്റ്റ് ഭീഷണി നിലനിന്നപ്പോള്‍ ജില്ലാ പൊലിസ് മേധാവി ആശ്രയിച്ചതും മോഹനചന്ദ്രന്റെ അന്വേഷണ സംഘത്തെയായിരുന്നു. ഹൈവേ കൊള്ളക്കാരനും ക്വട്ടേഷന്‍ ഗുണ്ടാസംഘത്തലവനായ കോടാലി ശ്രീധരന്‍, വാഹനമോഷ്ടാവ് വീരപ്പന്‍ റഹീം എന്നിവരെ സാഹസികമായി പിടികൂടിയിരുന്നു.
സംഘര്‍ഷ സാധ്യതയുള്ളതും വെല്ലുവിളി നിറഞ്ഞതുമായ കേസുകളുടെ ചുരുളഴിച്ച് കേരളാ പൊലിസിന്റെ അഭിമാനമായ മോഹനചന്ദ്രന്‍ വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലിസ് മെഡലും നേടിയിട്ടുണ്ട്. നേരത്തെ സി.ആര്‍.പി.എഫില്‍ എസ്.ഐആയിരുന്ന ഇദ്ദേഹത്തിന് ബ്ലാക് കാറ്റ് കമാന്‍ഡോ പരിശീലനവും ലഭിച്ചിട്ടുണ്ട്. സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ പരിശീലനം ലഭിച്ച് വി.വി.ഐ.പി സുരക്ഷാസംഘത്തിലുമുണ്ടായിരുന്നു. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ എസ്.പി.ജി സുരക്ഷാസംഘത്തിലുണ്ടായിരുന്നു. കേന്ദ്രസര്‍വിസില്‍ നിന്നും രാജിവച്ചാണ് കേരള പൊലിസില്‍ എസ്.ഐയായി ചേര്‍ന്നത്. 60ഓളം ഗുഡ് സര്‍വിസ് എന്‍ട്രികളും മുഖ്യമന്ത്രിയുടെ പൊലിസ് മെഡലും ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."