കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി കളത്തിലിറങ്ങുന്നു
തിരുവനന്തപുരം: വരുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് തകര്‍ന്നടിയുന്ന കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെട്ടി ഘടകകക്ഷികളുടെ പിന്തുണയോടെ ഉമ്മന്‍ചാണ്ടി കളത്തിലിറങ്ങുന്നു.
ഡിസംബറില്‍ കേരള യാത്രയ്ക്ക് ഒരുങ്ങുകയാണ് ഉമ്മന്‍ചാണ്ടി. നിയമസഭാ സമാജികനായതിന്റെ അന്‍പതാം വാര്‍ഷിക ആഘോഷവുമായി ബന്ധപ്പെട്ടാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ എത്തിയ്ക്കാന്‍ വേണ്ടി ഉമ്മന്‍ചാണ്ടി കേരള യാത്ര നടത്തുന്നത്.
മഞ്ചേശ്വരത്ത് കേരള യാത്ര ഉദ്ഘാടനം ചെയ്യാന്‍ സോണിയ ഗാന്ധിയെയും സമാപന സമ്മേളനത്തിന് തിരുവനന്തപുരത്ത് രാഹുല്‍ ഗാന്ധിയെയും എത്തിക്കാനാണ് എ ഗ്രൂപ്പിന്റെ തീരുമാനം. കേരള യാത്ര കഴിയുന്നതോടെ പ്രതിപക്ഷ നേതൃസ്ഥാനം എ ഗ്രൂപ്പ് ഉമ്മന്‍ചാണ്ടിക്കു വേണ്ടി ആവശ്യപ്പെടും. രമേശ് ചെന്നിത്തലയെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ എട്ടു നിലയില്‍ പൊട്ടുകയും പിണറായി വിജയന് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്നും എ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനെ അറിയിച്ചു.
പാലാ ഉപതെരഞ്ഞെടുപ്പിലും കൈയിലുണ്ടായിരുന്ന കോന്നിയും വട്ടിയൂര്‍ക്കാവും കൈവിട്ടതും എറണാകുളത്ത് വോട്ട് കുറഞ്ഞതും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും വീഴ്ചയായാണെന്നാണ് എ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്.
നേതൃമാറ്റം ഉടന്‍ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്‌ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ ഉമ്മന്‍ചാണ്ടി നേതൃസ്ഥാനത്ത് എത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശം പിടിയ്ക്കാന്‍ ഉമ്മന്‍ചാണ്ടി കളത്തിലിറങ്ങിയാലേ കഴിയൂവെന്ന് ഘടകകക്ഷി നേതാക്കളും ഹൈക്കമാന്‍ഡിനെ അറിയിക്കും.
നിലവില്‍ കോണ്‍ഗ്രസ് ദുര്‍ബലമായി മാറുകയാണ്. അതാണ് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ കണ്ടത്. പാലായില്‍ തമ്മില്‍ തല്ലിനിന്ന കേരള കോണ്‍ഗ്രസുകാരുമായി ചര്‍ച്ച നടത്തിയത് ചെന്നിത്തലയും മുല്ലപ്പള്ളിയുമായിരുന്നു. അന്ന് ശക്തമായ നിലപാട് സ്വീകരിച്ചില്ല. തന്ത്രം മെനയുന്നതില്‍ പരാജയപ്പെട്ടു. അന്ന് നിലപാട് സ്വീകരിച്ചിരുന്നുവെങ്കില്‍ പാല കൈവിട്ടു പോകില്ലായിരുന്നു എന്നും എ ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.
വട്ടിയൂര്‍ക്കാവിലും കോന്നിയിലും സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ പ്രതിപക്ഷ നേതാവിനും കെ.പി.സി.സി പ്രസിഡന്റിനും വീഴ്ചയുണ്ടായി. എന്‍.എസ്.എസ് പരസ്യ നിലപാട് സ്വീകരിച്ചപ്പോള്‍ അതിനൊപ്പം നിന്നു. ഒരു സമുദായ നേതാവിന്റെ ചൊല്‍പ്പടിയ്ക്കുനിന്നു കൊടുത്തു. എന്‍.എസ്.എസിനെ കൂട്ടുപിടിച്ചപ്പോള്‍ കോണ്‍ഗ്രസിനൊപ്പം നിന്ന ന്യൂനപക്ഷങ്ങള്‍ സി.പി.എമ്മിലേയ്ക്ക് ചാഞ്ഞു. ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസിന് കേരളത്തിലും പിടിച്ചുനില്‍ക്കാന്‍ പാടുപെടുമെന്നും എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. കൂടാതെ നിയമസഭയില്‍ ഉള്‍പ്പെടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തികച്ചും പരാജയമാണെന്നും എ ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.
അടുത്ത തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഉമ്മന്‍ചാണ്ടിയെ നേതൃസ്ഥാനത്തിറക്കാതെ കോണ്‍ഗ്രസില്‍നിന്ന് ഒഴുകി മാറിയ ന്യൂനപക്ഷ വോട്ടുകള്‍ തിരിച്ചുവരില്ലെന്ന് പ്രവര്‍ത്തകരും പറയുന്നു. അഞ്ചു മാസം മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗംഭീരവിജയം നേടിയ ശേഷമുള്ള ഈ തിരിച്ചടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയപ്രതീക്ഷകളെ ഇല്ലാതാക്കുമെന്നും എ ഗ്രൂപ്പ് നേതാക്കള്‍ വിലയിരുത്തുന്നു.
മഞ്ചേശ്വരത്ത് ന്യൂനപക്ഷ വിഭാഗം യു.ഡി.എഫിനോടൊപ്പം നിലയുറപ്പിച്ചപ്പോള്‍ കോന്നിയിലും വട്ടിയൂര്‍ക്കാവിലും എറണാകുളത്തും കോണ്‍ഗ്രസിന് ക്രൈസ്തവ വോട്ടുകള്‍ നഷ്ടപ്പെട്ടു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും ക്രൈസ്തവ വോട്ടുകള്‍ എല്‍.ഡി.എഫിന് പോയെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പോടെ സ്ഥിതിഗതികള്‍ മാറിയിരുന്നു.
എന്നാല്‍ ഉപതെരഞ്ഞെടുപ്പായപ്പോള്‍ കോന്നിയിലും വട്ടിയൂര്‍ക്കാവിലും എറണാകുളത്തും ക്രൈസ്തവ വോട്ടുകള്‍ വന്‍തോതില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കു ലഭിച്ചു. അകന്നു നില്‍ക്കുന്ന ന്യൂനപക്ഷ പിന്തുണ ഉറപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയെ നേതൃസ്ഥാനത്ത് കൊണ്ടുവന്നാലേ കഴിയൂ എന്നാണ് എ ഗ്രൂപ്പിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."