കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു
ചെന്നൈ: തമിഴ്‌നാട് തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നതിനിടയില്‍ കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് പോയത് പ്രതിസന്ധി വര്‍ധിപ്പിക്കുന്നു. 25 അടി താഴ്ചയിലായിരുന്ന കുട്ടി രക്ഷാപ്രവര്‍ത്തനത്തിനിടെ 68 അടി താഴ്ചയിലേക്ക് പോയതായി രക്ഷാ പ്രവര്‍ത്തകര്‍ പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ട് 5.30ഓടെയായിരുന്നു അപകടം. ഉപേക്ഷിച്ച നിലയിലിട്ടിരുന്ന കുഴല്‍ക്കിണറില്‍ പ്രദേശവാസിയായ ബ്രിട്ടോ എന്നയാളുടെ ഇളയമകനായ സുജിത്താണ് അപകടത്തില്‍പ്പെട്ടത്.
25 അടി താഴ്ചയിലായിരുന്ന കുട്ടിയുടെ കൈയില്‍ കുരുക്കിട്ട് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ വഴുതി പോയി 68 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കിണര്‍ കുഴിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.
അഞ്ചുവര്‍ഷംമുന്‍പ് കുഴിച്ച കിണര്‍ വെള്ളമില്ലാത്തതിനാല്‍ ഉപേക്ഷിച്ചതായിരുന്നു. വീടിനടുത്തുതന്നെയുള്ള കിണറിന്റെ അടുത്ത് കളിക്കുന്നതിനിടയില്‍ മഴപെയ്ത് കുതിര്‍ന്ന കിണര്‍ക്കരയിലെ മണ്ണിടിഞ്ഞതോടെ കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുഴല്‍ക്കിണറിനുള്ളില്‍നിന്ന് കരച്ചില്‍ശബ്ദം കേട്ടു.
വിവരമറിഞ്ഞ് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. സ്ഥിതി സങ്കീര്‍ണമാണെന്ന് കണ്ടതോടെ കൂടുതല്‍ രക്ഷാസേനാംഗങ്ങളെ സ്ഥലത്തെത്തിക്കുകയായിരുന്നു.
കുട്ടി കൈ ചലിപ്പിച്ചിരുന്നതിനാല്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് മനസിലായതോടെ മെഡിക്കല്‍ സംഘം കിണറിനുള്ളിലേക്ക് ഓക്‌സിജന്‍ എത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."