ഐ.ആര്‍.ടി.സിയില്‍ തദ്ദേശസ്ഥാപനപ്രതിനിധികള്‍ക്കായി ത്രിദിന മാലിന്യ സംസ്‌കരണ പരിശീലനം
മുണ്ടൂര്‍: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി സംഘടിപ്പിച്ച ത്രിദിന മാലിന്യ സംസ്‌കരണ പരിശീലന പരിപാടിക്ക് മുണ്ടൂര്‍ ഐ.ആര്‍.ടി.സിയില്‍ തുടക്കമായി. ഓരോ അംഗവും സ്വന്തം പഞ്ചായത്തിലെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ പരിപാടിയില്‍ പങ്കുവച്ചു.
ഐ.ആര്‍.ടി.സിയുടെ മാലിന്യസംസ്‌കരണ പ്ലാന്റ് പുതുപ്പരിയാരം പഞ്ചായത്തിലെ മാലിന്യ നിര്‍മാര്‍ജനം അനായാസമാക്കുന്നത് സംബന്ധിച്ച് പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പരിപാടിയില്‍ പ്രതിപാദിച്ചു. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വേര്‍തിരിച്ചു നീക്കം ചെയ്യുന്നതിനുളള ബുദ്ധിമുട്ടുകളും സ്വകാര്യ വിതരണ എജന്‍സി പഞ്ചായത്തിനോട് കാണിക്കുന്ന ചൂഷണമനോഭാവവും തൃപ്പൂണിത്തുറ പഞ്ചായത്ത് വിശദമാക്കി.
മാലിന്യ നിര്‍മാര്‍ജനം പഞ്ചായത്തിന്റെയോ മുന്‍സിപ്പാലിറ്റിയുടെയോ മാത്രം ഉത്തരവാദിത്വമായി കാണുന്ന പൊതുസമീപനവും പരിശീലന പരിപാടിയില്‍ ചര്‍ച്ചയായി. വീടുകളില്‍നിന്ന് ജൈവമാലിന്യം വേര്‍തിരിച്ച് ശേഖരിച്ച് ജൈവവളം ഉല്‍പാദിപ്പിക്കുന്നതും അത് പഞ്ചായത്ത് വാങ്ങി വില്‍പന നടത്തുന്നത് സംബന്ധിച്ചും ഒരു അംഗം വിശദീകരിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കി നടപ്പാക്കുന്ന ശുചിത്വ യജ്ഞം ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി പറഞ്ഞു.
മാലിന്യ നിര്‍മാര്‍ജനം ശരിയായ രീതിയില്‍ നടപ്പാക്കികൊണ്ട് പകര്‍ച്ചപനി ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ പ്രതിരോധിക്കേണ്ടതുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സമഗ്രമായ മാലിന്യ പരിപാലനത്തിന്റെയും സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെയും സാങ്കേതികവും നിയമപരവുമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും അനുയോജ്യ മാതൃകകള്‍ സംബന്ധിച്ച പ്രായോഗിക അറിവുകള്‍ പങ്കുവെക്കുകയുമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ബിനുമോള്‍, മുണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ കുട്ടികൃഷ്ണന്‍, ഐ.ആര്‍.ടി.സി ഡയറക്റ്റര്‍ ഡോ. എന്‍.കെ ശശിധരന്‍ പിള്ള, രജിസ്ട്രാര്‍ പി.കെ നാരായണന്‍ പങ്കെടുത്തു.
ഘട്ടം ഘട്ടമായാണ് പരിശീലനം നടപ്പാക്കുക. സംസ്ഥാനത്തെ വിവിധ മുന്‍സിപ്പാലിറ്റികള്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള 200ഓളം പ്രതിനിധികളാണ് പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."