വില്ലേജ് ഓഫിസുകളില്‍ റവന്യു മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം
ജീവനക്കാരിലെ കള്ളനാണയങ്ങള്‍ വകുപ്പിനും സര്‍ക്കാരിനും ചീത്തപ്പേരുണ്ടാക്കുന്നു
ചെറുവത്തൂര്‍: കാസര്‍കോട് ജില്ലയിലെ വില്ലേജ് ഓഫിസുകളില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ മിന്നല്‍ സന്ദര്‍ശനം. ചെറുവത്തൂര്‍, കാഞ്ഞങ്ങാട് സൗത്ത് വില്ലേജ് ഓഫിസുകളിലാണ് മന്ത്രിയെത്തിയത്. ഭൂനികുതി സ്വീകരിക്കാത്തതിനാല്‍ കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫിസില്‍ കര്‍ഷകന്‍ ആത്മഹത്യചെയ്ത പശ്ചാത്തലത്തിലാണ് പരിശോധനക്കായി മന്ത്രി എത്തിയത്. കാസര്‍കോട് ജില്ലാ വികസന സമിതി യോഗം കഴിഞ്ഞു വൈകിട്ട് മൂന്നോടെ ജില്ലാ കലക്ടര്‍ ജീവന്‍ബാബുവിനൊപ്പം മന്ത്രി ആദ്യം എത്തിയത് കാഞ്ഞങ്ങാട് സൗത്ത് വില്ലേജ് ഓഫിസിലേക്കായിരുന്നു. വൈകിട്ട് നാലിന് ചെറുവത്തൂരിലുമെത്തി. ഈ സമയം വില്ലേജ് ഓഫിസിലുണ്ടായിരുന്നവരോട് ഓഫിസിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള സമീപനങ്ങളെ കുറിച്ച് മന്ത്രി ചോദിച്ചറിഞ്ഞു.
കരമടയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു സ്ത്രീയുടെ പരാതി മന്ത്രി നേരിട്ട് കേട്ടു. വിഷയം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ചെറുവത്തൂര്‍ വില്ലേജ് ഓഫിസര്‍ക്ക് നിര്‍ദേശവും നല്‍കി. ഓഫിസില്‍ ലഭിക്കുന്ന അപേക്ഷകളില്‍ മനപൂര്‍വം കാലതാമസം വരുത്തരുതെന്നും ജനങ്ങളോട് നല്ല നിലയില്‍ പെരുമാറണമെന്നും ഉപദേശിച്ചാണ് മന്ത്രി മടങ്ങിയത്.
ഉദ്യോഗസ്ഥരില്‍ ബഹുഭൂരിപക്ഷവും ജനപക്ഷ നിലപാട് സ്വീകരിക്കുന്നവരാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ചിലര്‍ കാട്ടുന്ന കൊള്ളരുതായ്മകള്‍ മൂലം വകുപ്പിനും സര്‍ക്കാരിനും ചീത്തപ്പേരുണ്ടാവുകയാണ്. അത് അനുവദിക്കാനാകില്ല. നികുതി അടക്കല്‍, പോക്കുവരവ് നടത്തല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് തത്സമയം ചെയ്തുകൊടുക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ജീവനക്കാര്‍ വച്ചുതാമസിപ്പിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
വില്ലേജ് ഓഫിസുകളുമായി ബന്ധപ്പെട്ട് വലിയ ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിജിലന്‍സ് പരിശോധന നടന്നുവരുന്നതിനിടയിലാണ് മന്ത്രിയും പരിശോധനയ്ക്കായി രംഗത്തെത്തിയത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."