ജലം മലിനമാക്കാതിരിക്കാന്‍ ബോധവല്‍ക്കരണം നടത്തണം: ജില്ലാ വികസന സമിതി
തൃശൂര്‍: പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ ജലം മലിനമാക്കാതിരിക്കാന്‍ വ്യാപകമായ ബോധവല്‍ക്കരണം നടത്തണമെന്ന് കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ജില്ലാ വികസന സമിതിയില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജലാശയങ്ങളിലും തോടുകളിലും മാലിന്യം തള്ളുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം. ഇത്തരക്കാരെ പൊലിസ് നിരീക്ഷിക്കുകയും ഇവര്‍ക്ക് ബോധവല്‍ക്കരണം നല്‍ക്കുകയും വേണം. പൊതുജനങ്ങള്‍ ജലാശയങ്ങള്‍ മലിനമാക്കുന്നവര്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
അദാലത്തില്‍ പിഴ അടച്ച് തീര്‍പ്പാക്കിയ കേസുകളില്‍ അപേക്ഷകരുടെ ആധാരം നല്‍കാന്‍ ജില്ലാ ബാങ്ക് കാലതാമസം കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മണ്ണുത്തി-വടക്കുംഞ്ചേരി ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയമായ പ്രവൃത്തിമൂലം പ്രദേശത്ത് മഴയില്‍ റോഡ് താഴുന്നത് അപകടമുണ്ടാക്കുന്നതായി കെ. രാജന്‍ എം.എല്‍.എ ജില്ലാ വികസന സമിതിയില്‍ പ്രമേയം അവതരിപ്പിച്ചു.
തെരുവ് വിളക്കുകള്‍ പുന:സ്ഥാപിക്കാത്തത് അപകടങ്ങള്‍ വര്‍ധിപ്പിക്കാന്‍ കാരണമാകുന്നുണ്ട്. എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയാക്കിയ പ്രവര്‍ത്തികളുടെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് സമയബന്ധിതമായി ജനപ്രതിനിധികള്‍ക്ക് നല്‍കാന്‍ ജില്ലാ കലക്ടര്‍ ഡോ. എ. കൗശിഗന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങളുടെ ഓണ്‍ലൈന്‍ ഡോക്യൂമെന്റേഷനും (ജിയോ ടാഗ്ഗിങ്ങ്) പ്രവര്‍ത്തനങ്ങള്‍ക്കും ദേശീയ തലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയതിന് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എന്‍. വിനോദിനിയെ വികസന സമിതി ജില്ലാ കലക്ടറെ അനുമോദിച്ചു.
52000 പദ്ധതികളുടെ പ്രവര്‍ത്തനമാണ് തൊഴിലുറപ്പിന്റെ വെബ്‌സൈറ്റില്‍ ഡോക്യൂമെന്റ് ചെയ്തത്. ജൂണ്‍ 30 ന് സര്‍വിസില്‍ നിന്ന് വിരമിക്കുന്ന അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന് ജില്ലാ വികസന സമിതി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. എം.എല്‍.എ മാരായ ഗീത ഗോപി, യു.ആര്‍. പ്രദീപ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ യു. ഗീത, ജില്ലാ തല നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വികസന സമിതിയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."