മത വിദ്യാര്‍ഥിയുടെ കൊലപാതകം; ജുനൈദ് ഡല്‍ഹിയില്‍ വന്നത് ഖുര്‍ആന്‍ മനഃപാഠമാക്കിയതിന് മാതാവ് നല്‍കിയ പണവുമായി
ന്യൂഡല്‍ഹി: ഖുര്‍ആന്‍ മുഴുവനായി മനപ്പാഠമാക്കിയതിനെ തുടര്‍ന്ന് 'ഹാഫിള്' പദവി ലഭിച്ചതിനെതുടര്‍ന്ന് മാതാവ് സ്‌നേഹോപഹാരമായി നല്‍കിയ പണവുമായാണ് ജുനൈദ് സഹോദരനൊപ്പം ഡല്‍ഹിയിലേക്കു വന്നത്. മൂന്നുദിവസം മുന്‍പാണ് ജുനൈദിന് ഹാഫിള് ബഹുമതി ലഭിച്ചത്. 1,500 രൂപയാണ് മാതാവ് നല്‍കിയിരുന്നത്. പെരുന്നാള്‍ ദിവസം കുടുംബത്തിലെ പ്രധാനികളെ വിളിച്ച് ജുനൈദിനെ ആദരിക്കാന്‍ തീരുമാനിച്ച് അതിനുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നതിനിടയിലാണ് മകന്റെ മരണവിവരം ആ കുടുംബത്തിലേക്ക് എത്തുന്നത്. മകന്‍ ഹാഫിളായതിലുള്ള സന്തോഷത്തിലായിരുന്നു പിതാവ് ജലാലുദ്ദീനും.
16 വയസുകാരനായ കുട്ടിയെ ഇത്രക്രൂരമായി കൊല്ലാന്‍ അവനെന്തുതെറ്റാണ് ചെയ്തതെന്ന് പിതാവ് ജലാലുദ്ദീന്‍ ചോദിക്കുന്നു. ജുനൈദിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാക്കിര്‍ (24) പരിക്കുകളോടെ എയിംസില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ അഞ്ചുമുറിവുകളാണുള്ളത്. ഇതിലൊന്ന് നെഞ്ചിലാണ്. പ്രതികളെ തിരിച്ചറിയാന്‍ പരുക്കേറ്റ ജുനൈദിന്റെ സഹോദരന്‍ ഹാശിമിന്റെ സഹായം പൊലിസ് തേടിയിട്ടുണ്ട്.
ഹരിയാനയിലെ ബല്ലഭ്ഗഡിലെ ഇടത്തരം കുടുംബത്തില്‍ നിന്നുള്ളവരാണിവര്‍. പിതാവ് ജലാലുദ്ദീനും മൂത്തമകന്‍ ഷാക്കിറും ടാക്‌സി ഡ്രൈവര്‍മാരാണ്. വ്യാഴാഴ്ച രാത്രിയാണ് സീറ്റ് തര്‍ക്കത്തെത്തുടര്‍ന്നുള്ള വഴക്ക് കൊലയില്‍ കലാശിച്ചത്. ഇവരോട് ഇടയ്ക്കുകയറിയ അഞ്ചംഗസംഘം എഴുന്നേല്‍ക്കാന്‍ പറഞ്ഞെങ്കിലും ഇവര്‍ വിസമ്മതിച്ചു. ഇതോടെ അഞ്ചംഗസംഘം വര്‍ഗീയമായി അധിക്ഷേപിക്കുകയും ശല്യംചെയ്യുകയുമായിരുന്നു. 'ബീഫ് തീനി'കളെന്നും ദേശവിരുദ്ധരെന്നും ആക്രോശിച്ചായിരുന്നു ആക്രമണം. ജുനൈദടക്കമുള്ളവര്‍ക്ക് ഇറങ്ങേണ്ട സ്റ്റേഷനില്‍ ഇറങ്ങാനും അനുവദിച്ചില്ല. കുതറാന്‍ ശ്രമിച്ചപ്പോള്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. പിന്നീട് ഇവരെ ഓടിക്കൊണ്ടിരുന്ന ട്രെയിനിനു പുറത്തേക്കു വലിച്ചെറിയുകയുംചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."