രണ്ടു ദിവസമായി 'നിശ്ചലമായിരുന്ന' മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് വന്നു; പൊലിസിന്റെ വീഴ്ചയാണോയെന്ന് പരിശോധിക്കുമെന്ന് പ്രസ്താവന
തിരുവനന്തപുരം: വാളയാര്‍ പോക്‌സോ കേസില്‍ പ്രതികളെ വെറുതെവിട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ കഴിഞ്ഞ രണ്ടുദിവസമായി പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്കില്‍ പുതിയ പോസ്റ്റ് ഇട്ടു. ഇന്ന് നിയമസഭയില്‍ എം.എല്‍.എമാരുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇതിന്റെ വീഡിയോ ഇട്ടാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
മുഖ്യമന്ത്രി മൗനം പാലിക്കുന്നതിനെതിരെ കടുത്ത രീതിയിലുള്ള പ്രതിഷേധമാണ് നടന്നിരുന്നത്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും വ്യക്തിപരമായ പേജിലും അടിക്കടി പോസ്റ്റുകള്‍ ഇടാറുള്ള പേജുകളില്‍, വലിയ പ്രതിഷേധമുണ്ടായ സംഭവത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവാത്തത് എന്തേയെന്ന് ഫെയ്‌സ്ബുക്കില്‍ പലരും ചോദിച്ചിരുന്നു. ഇതിനിടെയാണ് വൈകിട്ട് അഞ്ചു മണിയോടെ ഒരു പോസ്റ്റ് പ്രത്യേക്ഷപ്പെട്ടത്.
വാളയാര്‍ കേസില്‍ പ്രോസിക്യൂഷന്റെ പരാജയമാണോ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട പൊലിസിന്റെ വീഴ്ചയാണോ എന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടു കുട്ടികളുടെയും ദാരുണമായ അന്ത്യം ആരുടെയും മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. മരണാനന്തരം ആണെങ്കിലും ആ കുട്ടികള്‍ക്ക് നീതി കിട്ടണമെന്നു തന്നെയാണ് സര്‍ക്കാറിന് നിര്‍ബന്ധമുള്ളത്. ഇരയാകുന്നവരുടെ പക്ഷത്താണ് എന്നും ഈ സര്‍ക്കാര്‍. അതില്‍ രാഷ്ട്രീയമില്ല. ഭരണപ്രതിപക്ഷ പരിഗണനയും ഇല്ല. മനുഷ്യത്വം മാത്രമാണ് പരിഗണനാര്‍ഹമായ വിഷയം. അത് മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍ ഉചിതമായ നടപടി ഉണ്ടാകും. പുനരന്വേഷണമാണോ സിബിഐ അന്വേഷണമാണോ എന്താണെന്നൊക്കെ ഉള്ളത് ഗൗരവമായി പരിശോധിച്ച് നടപടികള്‍ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോസ്റ്റിന് കീഴില്‍ കടുത്ത പ്രതിഷേധസ്വരത്തിലുള്ള കമന്റുകളാണ് നിരവധി പേര്‍ ഇട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."