യു.ഡി.എഫ് നഗരസഭകളില്‍ ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ മാറ്റം; ഡി.സി.സി നേതൃത്വം പ്രതിസന്ധിയില്‍
ആലപ്പുഴ: ഭരണ പ്രതിസന്ധി തുടരുന്ന ആലപ്പുഴയില്‍ ഡി.സി.സി നേതൃത്വം നോക്കുകുത്തിയായി. ജില്ലയിലെ നാലു നഗരസഭകളില്‍ മൂന്നിലും കരാര്‍ പ്രകാരം ചുമതലയേറ്റ നഗരസഭാധ്യക്ഷന്‍മാര്‍ പദവിവിട്ട് തുടര്‍ഭരണത്തിന് കളമൊരുക്കിയിപ്പോള്‍ ആലപ്പുഴയില്‍ കരാര്‍ ലംഘിക്കപ്പെട്ടു. ആലപ്പുഴയില്‍ മൂന്ന് സമിതി അധ്യക്ഷന്‍മാരും വൈസ് ചെയര്‍പേഴ്‌സണും കരാര്‍ പ്രകാരം സ്ഥാനം വിട്ടൊഴിഞ്ഞപ്പോള്‍ ചെയര്‍മാന്‍ പദവി ഒഴിയാതെ തോമസ് ജോസഫ് തുടരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
കോണ്‍ഗ്രസിലെ തന്നെ സീനിയര്‍ അംഗവും മണ്ഡലം പ്രസിഡന്റുമായ ഇല്ലിക്കല്‍ കുഞ്ഞുമോനാണ് ധാരണ പ്രകാരം ചെയര്‍മാന്‍ പദവി നല്‍കേണ്ടത്. എന്നാല്‍ ചെയര്‍മാന്‍ പദവി വിട്ടൊഴിയുന്നതിനെ കുറിച്ച് തോമസ് ജോസഫിന് ഇതുവരെയും ഡി.സി.സി പ്രസിഡന്റ് നോട്ടീസ് നല്‍കിയിട്ടില്ലെന്ന ആക്ഷേപമാണ് നിലനില്‍ക്കുന്നത്. അതേസമയം മുന്‍ധാരണകളോടെയാണ് ചെയര്‍മാന്‍ പദവി തോമസ് ജോസഫിന് നല്‍കിയതെന്നും ഡി.സി.സി പ്രസിഡന്റ് ഇടപ്പെട്ട് ഇക്കാര്യം പൂര്‍ണമായും നടപ്പിലാക്കേണ്ടതാണെന്നും ജില്ലയിലെതന്നെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. മുന്‍ ഡി.സി.സി അധ്യക്ഷന്‍ എ.എ ഷുക്കൂറിന്റെ കാലയളവിലാണ് വീതം വക്കല്‍ നടന്നിട്ടുള്ളത്. എന്നാല്‍ കരാറുകള്‍ എഴുതി തയാറാക്കിയിട്ടില്ലെന്നതാണ് നിലവിലെ ചെയര്‍മാന് തുണയാകുന്നത്. ജില്ലയില്‍തന്നെ ചേര്‍ത്തലയിലും ഹരിപ്പാടും ചെയര്‍മാന്‍മാര്‍ പദവിട്ട് തൊട്ടടുത്ത അനുയായിക്ക് നല്‍കി മാതൃകയായിട്ടുണ്ട്. പ്രശ്‌നങ്ങള്‍ നിലനിന്ന ചെങ്ങന്നൂരില്‍ ഇപ്പോള്‍ ധാരണയായി. എന്നാല്‍ ആലപ്പുഴയില്‍ ചെയര്‍മാന്‍ പദവിയെ ചൊല്ലി തര്‍ക്കം രൂക്ഷമായിട്ടും ഡി.സി.സി നേതൃത്വം അനങ്ങാപാറ നയം സ്വീകരിക്കുന്നത് കൗണ്‍സിലര്‍മാര്‍ക്കിടയില്‍ തന്നെ മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ ഇപ്പോഴത്തെ നേതൃത്വത്തിന് അനഭിമതനാണ്. കെ.സി വേണുഗോപാല്‍ എം.പിയുടെ കടുത്ത നിയന്ത്രണത്തിലുള്ള ജില്ലാ നേതൃത്വത്തിന് കുഞ്ഞുമോനെ ചെയര്‍മാന്‍ പദവിയിലെത്തിക്കുന്നതില്‍ അത്ര താല്‍പര്യമില്ല. അതെസമയം ധാരണ പ്രകാരം കുഞ്ഞുമോനെ ചെയര്‍മാന്‍ ആക്കണമെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ് അംഗങ്ങളില്‍ ഭൂരിപക്ഷവും ഘടകക്ഷികളും. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരൂമാനം ഡി.സി.സിയുടെതാണെന്ന് ഘടകകക്ഷി നേതാക്കളും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."