പ്രവാചക അനുസ്മരണത്തിന്റെ തത്ത്വശാസ്ത്രം
നിങ്ങള്‍ക്ക് മാതാപിതാക്കളെയും സന്താനങ്ങളെയും സര്‍വ മനുഷ്യരേക്കാളും ഞാന്‍ ഏറ്റവും പ്രിയങ്കരനാകും വരെ ഒരാളും സമ്പൂര്‍ണ വിശ്വാസിയാവുകയില്ല (ബുഖാരി, മുസ്‌ലിം) എന്ന പ്രവാചകാധ്യാപനം സുപ്രസിദ്ധമാണ്.
ഓരോ വിശ്വാസിക്കും പ്രവാചകതിരുമേനി (സ്വ) യോടുള്ള പ്രതിബദ്ധത വിവരണാതീതമാണ്. അതുകൊണ്ടുതന്നെയാണ് ഖണ്ഡിതവും സംശയാതീതവുമായി ഖുര്‍ആന്‍ തന്നെ (അഹ്‌സാബ് 6, തൗബ 128) അത് പഠിപ്പിച്ചത്.
നമ്മുടെ ഉത്തുംഗമമായ പ്രതിപത്തിയുടെയും അഗാധ സ്‌നേഹത്തിന്റെയും പദവിയില്‍ വിരാജിക്കുന്ന പ്രേമഭാജനത്തെ അനുസ്മരിക്കുകയും പുകഴ്ത്തുകയും അപദാനപ്രകീര്‍ത്തനങ്ങളാല്‍ ഉജ്വലനാക്കുകയും ചെയ്യുകയെന്നത് കേവലം സ്വാഭാവികമായൊരു രീതിയാണ്. ഇത് തന്നെയാണ് പ്രവാചക സ്‌നേഹവും നബിദിനാഘോഷവും മീലാദ് പ്രോഗ്രാമുകളുമൊക്കെ നാട്ടിലുടനീളം അരങ്ങേറുന്നതിന്റെ തത്ത്വശാസ്ത്രവും. സത്യവിശ്വാസികളില്‍ നിന്ന് ഈയൊരു മാസം മാത്രമല്ല, നിരന്തരമായി ഈ സ്‌നേഹപ്രകടനങ്ങളും അനുസ്മരണങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ബാങ്കിലും ഇഖാമത്തിലും ഖുത്ബയിലും നിസ്‌കാരങ്ങളിലും പൊതുസദസ്സുകളിലും അല്ലാതെയുമായി എത്രവട്ടം അവിടത്തെ നാം പറയുന്നു, അനുസ്മരിക്കുന്നു, അനുഗ്രഹ പ്രാര്‍ഥന നടത്തുന്നു... ഇതിനുള്ള സാഹചര്യങ്ങള്‍ അല്ലാഹുവിന്റെ ശരീഅത്ത് തന്നെ സംവിധാനിച്ചിരിക്കുകയാണ്.
ഓറിയന്റലിസ്റ്റുകളും മറ്റ് ഇസ്‌ലാം വിരോധികളും സോളമന്‍ റഷ്ഡിമാരുമൊക്കെയായി പരസഹസ്രങ്ങള്‍ അവിടത്തെ ഇകഴ്ത്തുകയും അവഹേളിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. അവരത്രയും പരാജയപ്പെട്ടിരിക്കുകയാണ്. 'നബീ, അങ്ങയുടെ സ്മരണ നാം ഉയര്‍ത്തിവച്ചിരിക്കുന്നു.' (ഖുര്‍.94:4) അതുകൊണ്ട് തന്നെ ഒരു സൃഷ്ടിക്കും മറ്റൊന്നു ചെയ്യാനാവില്ല.
ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ ചില സുഹൃത്തുക്കള്‍ ഇന്നും തങ്ങളുടെ ആ പഴയ അപപാഠം ആവര്‍ത്തിക്കുകയാണ്: നബി ഒരു സാധാരണ മനുഷ്യനാണ്, നബി ദിനാഘോഷം ബിദ്അത്തും പരിവര്‍ജ്യവുമാണ്... അത്തരക്കാരില്‍ നിഷ്പക്ഷരായ സത്യാന്വേഷികളുടെ പുനര്‍വിചിന്തനത്തിനായി ചില വസ്തുതകള്‍ പരാമര്‍ശിക്കുന്നത് നന്നായിരിക്കും:
നബീ, അങ്ങ് പ്രഖ്യാപിക്കുക: അല്ലാഹുവിന്റെ ഔദാര്യവും അനുഗ്രഹവും കൊണ്ട് അവര്‍ സന്തോഷിച്ച് കൊള്ളട്ടെ.(സൂറ: യൂനുസ് 58). താങ്കളുടെ നാഥന്റെ അനുഗ്രഹം അനുസ്മരിക്കുക (സൂറ: ള്ളുഹാ 10) എന്നും ഖുര്‍ആനിലുണ്ട്. തിരുമേനി (സ്വ) യുടെ അനുയായികളാണ് നാം എന്നതും ലോകത്തിനൊന്നടങ്കം അനുഗ്രഹമായാണ് അല്ലാഹു മുഹമ്മദ് നബി (സ്വ) യെ നിയോഗിച്ചത് എന്നതും അത്യമൂല്യമായ അനുഗ്രഹങ്ങളാണ്. അതുകൊണ്ടുതന്നെ ആ നിയോഗത്തില്‍ സന്തോഷിക്കാനും ആഹ്ലാദിക്കാനും അര്‍ഹതപ്പെട്ടവര്‍ തന്നെയാണു നാം. സൂറ: യൂനുസിലെ മേല്‍പറഞ്ഞ 58 ാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍, തിരുനബി(സ്വ) യാണ് അവിടെ ഉദ്ദേശിക്കപ്പെട്ട അനുഗ്രഹമെന്ന് ഇമാം ഇബ്‌നു അബ്ബാസ്(റ) പ്രസ്താവിച്ചിട്ടുണ്ട്.( ദുര്‍റുല്‍ മന്‍സൂര്‍ 2:308)
പദ്യമോ ഗദ്യമോ ആയി നബി (സ്വ) യുടെ ജീവ ചരിത്രമോ അപദാനമോ പറയുക, അവിടത്തെ ഏതെങ്കിലും വിശേഷണങ്ങളോ ഗുണങ്ങളോ അനുസ്മരിക്കുക, ഖുര്‍ആന്‍ സൂക്തങ്ങളോ സ്വലാത്തോ ചൊല്ലുക, അന്ന പാനാദികളോ മധുര പലഹാരമോ വിതരണം ചെയ്യുക, പ്രവാചക ചരിത്രത്തിന്റെ ഏതെങ്കിലും വശത്തേക്ക് വെളിച്ചം വീശുന്ന പ്രസംഗം ചെയ്യുക തുടങ്ങിയ കാര്യങ്ങളില്‍ ഏത് അനിസ്‌ലാമികം എന്നാണാവോ നമ്മുടെ സുഹൃത്തുക്കള്‍ പറയുന്നത്. നബി ദിനാഘോഷങ്ങളില്‍ ശരീഅത്തിന് വിരുദ്ധമായി, അനിസ്‌ലാമികമായി യാതൊന്നും ഉണ്ടാകരുതെന്ന് പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്; അത് നബി ദിനത്തില്‍ മാത്രമല്ല കല്യാണത്തിലും മറ്റു കൂടിച്ചേരലുകളിലും സമ്മേളനങ്ങളിലുമൊക്കെ അനിവാര്യമാണല്ലോ.
അടിസ്ഥാനപരമായി മതപരമായ വല്ല ഗുണവും ഇതിലുണ്ടോ എന്നതും ചിന്തനീയമാണ്. മേല്‍ സൂചിപ്പിച്ച കാര്യങ്ങളൊക്കെ പ്രതിഫലാര്‍ഹവും ഗുണപ്രദവുമാണെന്നു പ്രത്യേകം പറയേണ്ടതില്ല. മുസ്‌ലിംകള്‍ പരസ്പരം കണ്ടുമുട്ടുന്നതും കുശലാന്വേഷണങ്ങള്‍ നടത്തുന്നതും നബി(സ്വ) യെ കുറിച്ച് പഠിക്കാനവസരമുണ്ടാകുന്നതുമൊക്കെ വമ്പിച്ച നേട്ടങ്ങളാണ.് പ്രവാചകന്മാരുടെയോ ഖുലഫാഉര്‍റാശിദുകളുടെയോ കഥാകഥനത്തിനോ അപദാന പ്രകീര്‍ത്തനത്തിനോ ആളുകളെ സംഘടിപ്പിക്കുന്നതുതന്നെ പുണ്യകര്‍മമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. പിന്നെ, സര്‍വ പ്രവാചകരിലും ശ്രേഷ്ഠരായ തിരുനബി(സ്വ) യുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.
സ്വന്തം ജന്മദിനം നബി(സ്വ) ആഘോഷിച്ചിരുന്നുവോ എന്ന് ചോദിക്കുന്നവരുമുണ്ട്. അതെ എന്നാണ് അതിന്റെ ഉത്തരം. വാരാന്തം നോമ്പനുഷ്ഠിച്ചുകൊണ്ടായിരുന്നു അത്. ഖതാദ(റ) ഉദ്ധരിക്കുന്ന ഹദീസില്‍ ഇങ്ങനെ കാണാം: തിങ്കളാഴ്ചത്തെ നോമ്പിനെപ്പറ്റി നബിയോടൊരാള്‍ ചോദിച്ചു. അവിടന്ന് പ്രതികരിച്ചു: ഞാന്‍ പ്രസവിക്കപ്പെട്ട ദിവസമാണത്; എനിക്കു വഹ്‌യ് ലഭിച്ചതും അന്നു തന്നെ (മുസ്‌ലിം:1162) ഓരോ ആഴ്ചയും വ്രതമനുഷ്ഠിച്ചു കൊണ്ട് നബി(സ്വ) ജന്മദിന സ്മരണ പുതുക്കിക്കൊണ്ടിരുന്നു എന്നര്‍ഥം. നിയമാനുസൃതമായ ഏതു കാര്യമനുവര്‍ത്തിച്ചുകൊണ്ടും അതാകാമെന്നാണ് ഹദീസിന്റെ താല്‍പര്യം.
ദിക്‌റും സ്വലാത്തും പ്രവാചകാപദാനപ്രകീര്‍ത്തനവുമൊക്കെ മതപരമായ കാര്യങ്ങളാണല്ലോ. എന്നാല്‍ അത്തരം ആരാധനകള്‍ ഏതെങ്കിലും പ്രത്യേക ഘട്ടങ്ങളോ സമയങ്ങളോ ആയി ബന്ധപ്പെടുത്തുന്ന രീതി നബി(സ്വ) പഠിപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്. അതിനും അതെ എന്നു തന്നെയാണ് മറുപടി. മുഹര്‍റമാസത്തിലെ പ്രസിദ്ധമായ ആശൂറാ വ്രതാനുഷ്ഠാന സംഭവം അതിനു മതിയായ തെളിവാണ്. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: നബി തിരുമേനി മദീനയില്‍ വന്നപ്പോള്‍ ജൂതന്മാര്‍ ആശൂറാ വ്രതമനുഷ്ഠിക്കുന്നതായി കണ്ടു. അന്വേഷിച്ചപ്പോള്‍ അവരുടെ മറുപടി ഇതായിരുന്നു: ഇസ്രായേല്യരെ അവരുടെ ശത്രു (ഫറോവ) വില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയ ദിവസമാണിത്. അവിടന്ന് പ്രതികരിച്ചു: ''മൂസാനബിയോട് നിങ്ങളേക്കാള്‍ കടപ്പാടുള്ളവന്‍ ഞാനാണ് ''. അങ്ങനെ അവിടന്ന് ആ ദിനം നോമ്പനുഷ്ഠിക്കുകയും മറ്റുള്ളവരോടതിനു കല്‍പ്പിക്കുകയും ചെയ്തു(ബുഖാരി 2:704). പ്രവാചകരുടെ ഓര്‍മകള്‍ പുതുക്കാന്‍ ആരാധനാ കര്‍മങ്ങളാകാമെന്നതിനു സ്പഷ്ടമായ തെളിവാണിത്. മാത്രമല്ല, മൂസാ നബിയുടെ സുരക്ഷയും ഫറോവയുടെ സംഹാരവും ഇസ്രയേല്യരെ ബാധിക്കുന്ന വിഷയമാണ്; തിരു നബി (സ്വ) യുടെ നിയോഗമാകട്ടെ പ്രപഞ്ചത്തിന്റെയാകമാനം മോക്ഷവും അനുഗ്രഹവുമാണ്. (സൂറ: അമ്പിയാഅ്: 107) നിരവധി ഹദീസുകളിലും ഇതു കാണാം.
നബി ദിനാഘോഷ പ്രഭാഷണങ്ങളിലും മൗലിദുകളിലും ചര്‍ച്ചാവിധേയമാകുന്നത് മതപരമായ കാര്യങ്ങളും ചരിത്രപ്രതിപാദനങ്ങളുമാണ്. ഖുര്‍ആന്‍ നിര്‍വഹിച്ച കാര്യമാണതെന്നു കാണാം. സൂറത്തു ഹൂദില്‍ അല്ലാഹു പറയുന്നു: പ്രവാചക ശ്രേഷ്ഠന്മാരുടെ വൃത്താന്തങ്ങളില്‍ നിന്ന് അങ്ങയുടെ ഹൃദയത്തെ ദൃഢീകരിക്കുന്ന കഥകളാണ് നാം ഈ പ്രതിപാദിച്ചു തരുന്നതൊക്കെയും. (സൂക്തം: 120). തിരുമേനി (സ്വ) യുടെ ബൃഹത്തായ ജീവിതത്തിലെ ഏടുകളും അധ്യായങ്ങളും കേള്‍ക്കുക വഴി ശ്രോതാക്കള്‍ക്ക് യാതൊരു നേട്ടവും ലഭിക്കില്ലെന്ന് തട്ടി വിടാന്‍ എത്ര വലിയ ധാര്‍ഷ്ട്യമാണ് വേണ്ടത്!
നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ പിന്‍പറ്റണം എന്നു ലോകത്തോടു പ്രഖ്യാപിക്കാനാണു നബിയോടുള്ള ഖുര്‍ആനിക കല്‍പ്പന. (3:30) സകല മനുഷ്യരെക്കാളും നബി (സ്വ) യെ സ്‌നേഹിക്കുന്നയാള്‍ മാത്രമേ പൂര്‍ണ വിശ്വാസിയാകൂ എന്ന് ഹദീസുകളിലുമുണ്ട്. ഈ സ്‌നേഹ പ്രകടനത്തിന്റെ ഒരു ഭാഗമാണ് മൗലിദാഘോഷം; നബിയെക്കുറിച്ച് പഠിക്കാനും പ്രവാചക സ്‌നേഹം വളര്‍ത്താനും ജനങ്ങള്‍ക്കത് വഴിതെളിക്കുകയും ചെയ്യുന്നു.
വെള്ളിയാഴ്ചയുടെ സവിശേഷതകള്‍ വിവരിക്കവെ 'അന്നാണ് ആദം നബി സൃഷ്ടിക്കപ്പെട്ടത് ' എന്ന് നബി(സ്വ) പ്രതിപാദിച്ചതായി കാണാം(മുസ്‌ലിം). ഹജ്ജ് കര്‍മങ്ങളില്‍ പലരും ഇബ്‌റാഹീം, ഇസ്മാഈല്‍, ഹാജറ ബീവി എന്നിവരെ അനുസ്മരിച്ചു കൊണ്ടുള്ളതാണ്. ഇബ്രാഹീം നബി (അ) നിന്ന സ്ഥലത്ത് നിങ്ങള്‍ നമസ്‌കാര സ്ഥലമാക്കുക എന്നും ഖുര്‍ആന്‍ (2:125)വ്യക്തമാക്കിയിട്ടുണ്ട്. മതകര്‍മങ്ങള്‍ പലതും വിവിധ അനുസ്മരണീയ സംഭവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നര്‍ഥം.
തന്റെ ജന്മദിനമായതുകൊണ്ട് തിങ്കളാഴ്ച നബി (സ്വ) തങ്ങള്‍ നോമ്പ് അനുഷ്ഠിച്ചു എന്ന് നാം നേരത്തെ പറഞ്ഞു. ഉമ്മത്തിനോട് ആ വ്രതമനുഷ്ഠിക്കാന്‍ അവിടന്ന് നിര്‍ദേശിക്കുകയുമുണ്ടായി. എന്നാല്‍ പില്‍ക്കാലത്ത് ഉടലെടുത്ത മൗലിദാഘോഷമാണ് ചര്‍ച്ചാവിഷയമെന്നും അത് ദീനില്‍ ഇല്ലാത്തതാണെന്നുമാണ് ചിലരുടെ വാദം. പക്ഷേ, അനുവദനീയമോ ഉദാത്തമോ ആയ കാര്യങ്ങള്‍ പുതിയ രൂപ ഭാവങ്ങളോടെ നടപ്പില്‍ വരുത്തുക എന്നത് തിരു നബി (സ്വ) അംഗീകരിച്ചതും പ്രോത്സാഹിപ്പിച്ചതുമാണ് എന്നതാണ് വസ്തുത. 'ഇസ്‌ലാമില്‍ നല്ലൊരു ചര്യ ആരെങ്കിലുമുണ്ടാക്കിയാല്‍, വഴിയേ അത് അനുവര്‍ത്തിക്കുന്നവരുടെയൊക്കെ കൂലിയില്‍ നിന്ന് ഒരു വിഹിതം അയാള്‍ക്ക് നല്‍കപ്പെടും...'എന്ന ഹദീസ് (മുസ്‌ലിം 4:2059)പ്രസിദ്ധമാണ്. പുതുതായി നടപ്പാക്കപ്പെട്ടതൊക്കെ ദുര്‍മാര്‍ഗമാണെന്ന ഹദീസില്‍ നിന്ന് ഇത്തരം ശ്രേഷ്ഠ കാര്യങ്ങള്‍ ഒഴിവാണ് എന്ന് ഇമാം നവവി (റ) യും മറ്റും വിവരിച്ചിട്ടുണ്ട്. (ശര്‍ഹു മുസ്‌ലിം: 7104). ഒരു ഇമാമിന്റെ കീഴില്‍ ഇരുപത് റക്അത്തായി തറാവീഹ് നടപ്പാക്കിയതിനെപ്പറ്റി 'ഇത് ഉദാത്തമായ പുത്തന്‍ നടപടി (ബിദ്അത്ത്) യാകുന്നു' എന്നാണ് ഉമറുബ്‌നുല്‍ ഖത്താബ് പ്രസ്താവിച്ചത്. നിര്‍ബന്ധവും സുന്നത്തുമായ ബിദ്അത്തുകള്‍ വരെയുള്ളതായി പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. (ശര്‍ഹു മുസ്‌ലിം 6 : 154 നോക്കുക)
മുസ്‌ലിം ലോകത്തെ പ്രാമാണികമായ നാലു കര്‍മശാസ്ത്ര സരണികളിലെയും പണ്ഡിത പ്രഭുക്കള്‍ മൗലിദാഘോഷം അനുവദനീയമാണെന്നും പുണ്യമാണെന്നും സ്പഷ്ടമായി പ്രതിപാദിച്ചിട്ടുണ്ട്. ഹനഫി മദ്ഹബിലെ പ്രശസ്ത പണ്ഡിത പ്രതിഭയായ അല്ലാമാ ഇബ്‌നു ആബിദീന്‍ ഇമാം ഇബ്‌നു ഹജറിന്റെ മൗലിദിന്ന് ഒരു വ്യാഖ്യാനം തന്നെ എഴുതുകയും വിഷയത്തിന്റെ പ്രാധാന്യവും പ്രാമാണികതയും അതില്‍ വിവരിക്കുകയും ചെയ്തിട്ടുണ്ട്. മാലിക്കി പണ്ഡിതരായ ഇബ്‌നു അബ്ബാദ് തന്റെ മവാഹിബുല്‍ ജലീലി (2:407) ലും ശൈഖ് വന്‍ശരീസി തന്റെ അല്‍ മിഅ്‌യാറി (2:489) ലും ശൈഖ് മുഹമ്മദ് അല്ലീശ് തന്റെ മിനഹുല്‍ ജലീലി (2:123) ലും മൗലിദിന്റെ പവിത്രതയെ സംബന്ധിച്ച് പ്രാമാണികമായി വിവരിച്ചതായി കാണാം. ഹന്‍ബലി മദ്ഹബിലെ ഇബ്‌നു റജബ് (ലഥാഇഫൂല്‍ മആരിഫ്:105) ഇബ്‌നു ഖയ്യിമില്‍ ജൗസിയ്യ (മദാരിജുസ്സാലികീന്‍ 498) തുടങ്ങി പലരും അത് പുണ്യകര്‍മമാണെന്ന് തന്നെയാണു പറയുന്നത്. ശാഫിഈ പണ്ഡിത മഹാരഥരുടെ വിവരണങ്ങള്‍ നമുക്കിടയില്‍ സാര്‍വത്രികമായി ഉദ്ധരിക്കപ്പെടാറുള്ളതാണല്ലോ.
മൗലിദിന്റെയും നബി ദിനാഘോഷങ്ങളുടെയും ബദ്ധവൈരികളായ ചില ഉല്‍പതിഷ്ണുക്കളുടെ മാര്‍ഗദര്‍ശിയും മാതൃകാ പുരുഷനുമായ ഇബ്‌നു തൈമിയ്യ പോലും അത് പുണ്യ കര്‍മവും പ്രതിഫലാര്‍ഹമായ കാര്യവുമാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
ആഘോഷകരുടെ സദുദ്ദേശ്യവും തിരുമേനിയോട് കാണിക്കുന്ന ആദരവുമാണ് കാരണം എന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.( ഇഖ്തിളാഉ സ്സ്വിറാത്തില്‍ മുസ്തഖീം . 2: 617 നോക്കുക) .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."