പ്രതിഭകള്‍ക്ക് സ്വാഗതമോതി കാഞ്ഞങ്ങാട്ടെ 20 വീടുകള്‍
കാഞ്ഞങ്ങാട്: ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനായി എത്തുന്നവര്‍ക്ക് ആതിഥ്യമരുളുന്നത് വീടുകളില്‍. ഇരുപതിലധികം സുന്ദര വീടുകളും അഞ്ചിലധികമുള്ള പുത്തന്‍ ക്വാര്‍ട്ടേഴ്‌സുകളുമാണ് അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനായി കാഞ്ഞങ്ങാട്ടെത്തുന്ന വിദ്യാര്‍ഥികള്‍ക്കായി തയാറായിട്ടുള്ളത്. താമസസൗകര്യമൊരുക്കിയ വീടുകളില്‍ ഗൃഹപ്രവേശനത്തിന് തിയതി കണ്ടെത്തിയവയുമുണ്ടെന്നതും പ്രത്യേകതയാണ്. നഗരാതിര്‍ത്തിയിലുള്ള അടച്ചിട്ട വീടുകളും പ്രതിഭകള്‍ക്കായി തുറന്നുകൊടുക്കും.
സാധാരണ മത്സരിക്കാനായി എത്തുന്ന പ്രതിഭകള്‍ക്ക് സ്‌കൂളുകളിലും ലോഡ്ജുകളിലുമാണ് താമസ സൗകര്യമൊരുക്കാറുള്ളത്. എന്നാല്‍ തങ്ങളുടെ നാട്ടിലെത്തുന്ന ഒരു മത്സരാര്‍ഥിയും പാര്‍പ്പിട സൗകര്യമില്ലാതെ വിഷമിക്കരുതെന്ന ഒറ്റലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് സംഘാടകരായ ഹലോ കാഞ്ഞങ്ങാട് കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ കാഞ്ഞങ്ങാട്ടും ജില്ലയിലെ മറ്റിടങ്ങളിലുമുള്ള ഹോട്ടല്‍ റൂമുകളും ഫ്‌ളാറ്റുകളും ഇടനിലക്കാര്‍ മുന്‍കൂട്ടി ബുക്ക്‌ചെയ്ത് പോയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ക്ക് താമസമൊരുക്കാന്‍ ഇത്തരം സംവിധാനങ്ങള്‍ തിരഞ്ഞെടുത്തത്.
താമസം ഒരുക്കുന്ന സ്ഥലം എവിടെയാണോ, അവിടത്തെ വാര്‍ഡ് അംഗത്തിന്റ ഉത്തരവാദിത്വത്തിലായിരിക്കും മറ്റു അനുബന്ധ കാര്യങ്ങള്‍ നടക്കുക. കൂടാതെ വാഹനസൗകര്യവും സംഘാടകര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 50ല്‍പരം ചെറുതും വലുതുമായ വാഹനങ്ങളും 20 ഓളം വേദികളിലും റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളല്ലും ഹെല്‍പ് ഡെസ്‌കും അതിലൂടെ ലഘുഭക്ഷണ വിതരണവും സംഘാടകരുടെ വകയായി നല്‍കും.
ഇതര ജില്ലകളില്‍ നിന്നെത്തുന്ന മത്സരാര്‍ഥികള്‍, രക്ഷിതാക്കള്‍, ഒഫിഷ്യലുകള്‍ എന്നിവരെ സഹായിക്കാനായി ഏര്‍പ്പെടുത്തിയ മൊബൈല്‍ ആപ്ലിക്കേഷന്‍ നവംബര്‍ അഞ്ചിന് പുറത്തിറക്കും. മത്സരാര്‍ഥി, വിദ്യാലയം, ജില്ല തിരിച്ചുള്ള പോയിന്റ് നിലവാരം, ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള ചെറുവിവരണം, ട്രെയിന്‍- ബസ് സമയം, ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരുടെ നമ്പറുകള്‍, നഗരത്തിലെ പ്രധാന ഹോട്ടലുകള്‍ എന്നിവ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വേദികള്‍ തമ്മിലുള്ള ദൂരവും സപ്തഭാഷ സംഗമഭൂമിയായ കാസര്‍കോടിന്റെ ഭാഷാവൈവിധ്യവും ആപ്പില്‍ ഉള്‍പ്പെടുത്തിയേക്കും. കാഞ്ഞങ്ങാട് നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി 32ലധികം വേദികളാണുള്ളത്. 28 വര്‍ഷത്തിനുശേഷമാണ് കാസര്‍കോട് ജില്ലയില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമാമാങ്കം വിരുന്നെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."