നോമ്പും പെരുന്നാളും എന്റെ കൂടി സംസ്‌കാരത്തിന്റെ ഭാഗം
ബാങ്കുവിളിയും പെരുന്നാള്‍ വിളംബരം ചെയ്യുന്ന തക്ബീര്‍ ധ്വനികളുമെല്ലാം എല്ലാ പൊന്നാനിക്കരെയും പോലെ എന്റെയും ജീവിതത്തിന്റെ ഭാഗമാണ്. പുലര്‍ച്ചെ അല്ലാഹു അക്ബര്‍ എന്ന ബാങ്കുവിളി ഉയരുമ്പോള്‍ അത് സ്വന്തമാണെന്ന് തോന്നാറുണ്ട്. നന്നേ ചെറുപ്പത്തിലെ അത് അങ്ങനെ തന്നെയായിരുന്നു. കാരണം അത് എന്റെ കൂടി സംസ്‌കാരത്തിന്റെ ഭാഗമാണ്.
നോമ്പായാല്‍ സഹോദരന്മാര്‍ പലരും നോമ്പുതുറക്ക് ക്ഷണിക്കാറുണ്ട്. എന്റെ ഓര്‍മവച്ച നാള്‍മുതല്‍ അതെല്ലാം നടക്കുന്നു. മുപ്പത് ദിവസം നോല്‍ക്കാനായില്ലെങ്കിലും ഓരോ വര്‍ഷവും ഇടക്ക് സഹോദരന്മാരോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി നോമ്പെടുക്കാറുണ്ട്. വിശ്വാസങ്ങളുമായുള്ള ഐക്യപ്പെടല്‍ കൂടിയാണ് എനിക്ക് ആ കര്‍മം. സത്യത്തില്‍ അപ്പോഴാണ് അതിന്റെ കാഠിന്യം നാം അനുഭവിച്ചറിയുക. ഒരു മാസം വ്രതമെടുക്കുകയെന്നത് ചെറിയ കാര്യമല്ല.
പൊന്നാനി കോടതിസ്റ്റോപ്പിന് മുന്‍പാണ് കിണര്‍ സ്റ്റോപ്പ്. അവിടെ ബസ് ഇറങ്ങിയാല്‍ പൊന്നാനി വലിയ ജുമഅത്ത് പള്ളിയുടെ അരികിലൂടെ എം.ഇ.എസ് കോളജിലേക്ക് എത്താന്‍ ഇടുങ്ങിയ ഒരു വഴിയുണ്ട്. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് എളുപ്പത്തിന് അതുവഴിയാണ് സുഹൃത്തുക്കള്‍ക്കൊപ്പം പോകുക. അച്ഛന്‍ ജോലി ചെയ്തിരുന്ന പൊന്നാനി അച്ചുകൂടവും അതിന് സമീപത്താണ്. ഇന്നും ആ വഴിക്ക് കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. പൗരാണികതയുടെ ഗന്ധം വിട്ടുമാറാത്ത അരക്കിലോമീറ്ററോളം നീളുന്ന ആ വഴിയില്‍ ഏത്‌നേരവും ഫക്കീര്‍മാരെയും സൂഫികളെയും കാണാം. ധ്യാന നിരതരായ ആ മനുഷ്യരുടെ കണ്ണുകള്‍ എപ്പോഴും പടിഞ്ഞാറോട്ട് നോക്കിയായിരിക്കും. ആ മുഖങ്ങളില്‍ യാതൊരു കാലുഷ്യവുമില്ല. ഉള്ളത് പരമസ്‌നേഹം മാത്രം. ഒരു അധികാരകേന്ദ്രത്തെയും അവര്‍ അംഗീകരിക്കുന്നില്ല, പ്രപഞ്ചനാഥന്റെ വിധിവിലക്കുകളെയല്ലാതെ. മക്കയുടെവഴിയിലേക്ക് നീളുന്ന ആ കണ്‍കളില്‍ തേട്ടം ഘനീഭവിച്ച് കിടക്കുന്നുണ്ടാവും. ആ തേട്ടം അനന്തമായ സ്‌നേഹത്തിലേക്കും സത്യത്തിലേക്കുമാണ് നീളുന്നത്.
പൊന്നാനി വലിയ ജുമഅത്ത് പള്ളിയുടെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയ തച്ചന്‍ താഴികക്കുടം ഉറപ്പിക്കാനായി കയറിയപ്പോള്‍ പടിഞ്ഞാറോട്ട് നോക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ജോലിക്കിടെ വിലക്ക് ലംഘിച്ചു. നേരെ മുന്നില്‍ മക്കയുടെ ഒളികണ്ടെന്നും താഴെവീണു മരിച്ചെന്നും ആശാരിയെ അടക്കിയ ഇടമാണ് ഇന്ന് കാണുന്ന ആശാരി തങ്ങളുടെ ഖബറ്. മരുഭൂമിയുടെ അനന്തതയിലുള്ളതാണ് യഥാര്‍ഥമായ പ്രാര്‍ഥനയെന്ന് വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞിട്ടുണ്ട്. മരുഭൂമിയില്‍ ഒറ്റപ്പെടുന്ന മനുഷ്യന് അവന്റെ സ്രഷ്ടാവും അവനായുള്ള പ്രാര്‍ഥനയും മാത്രമേ കൂട്ടുണ്ടാവൂ. മനുഷ്യന്റെ അനാഥത്വം, നിസ്സാരത എന്നിവയെല്ലാം ആ നിമിഷങ്ങളില്‍ അനുഭവിക്കും. ഏത് നിമിഷവും പിടഞ്ഞുവീണു മരിക്കാവുന്ന ജീവിയാണ് മനുഷ്യനെന്ന് നമ്മെ ബോധ്യപ്പെടുത്താന്‍ അത്തരം സന്ദര്‍ഭം ധാരാളം.
നോമ്പ് 27ലേക്ക് കടക്കുന്നതോടെ വിശ്വാസികള്‍ ദൈവവുമായി ഏറ്റവും അടുക്കും. ആ ദിനങ്ങളില്‍ എല്ലാ വീടുകളിലും സകാത്ത് എത്തിയിട്ടുണ്ടാവുമെന്നതിനാല്‍ റമദാന്റെ പൂവിടലായ പെരുന്നാളില്‍ ഒരാളും പട്ടിണികിടക്കില്ല. സഊദിയില്‍ സന്ദര്‍ശനം നടത്തിയ അവസരത്തില്‍ ദമാമില്‍നിന്ന് സ്‌നേഹിതനെ കാണാന്‍ പോയ അവസരത്തിലായിരുന്നു ആ റോഡിനരുകില്‍ മക്കയിലേക്ക് 600 കിലോമീറ്റര്‍ എന്ന ബോര്‍ഡ് കണ്ടത്. ആ കാഴ്ച വിശുദ്ധ കഅ്ബാലയത്തിനൊപ്പം മക്കയും മദീനയുമെല്ലാം എന്റെ ഹൃദയത്തിലേക്ക് എത്തിച്ചു. ഖുര്‍ആന്‍ അവതീര്‍ണമായ വിശുദ്ധ റമദാന്‍ മാസവും നബി തങ്ങളുടെ ജീവിതത്തിലേക്ക് പ്രവാചകത്വം കടന്നുവന്ന ഹിറാ ഗുഹയുമെല്ലാം അതിനെ തുടര്‍ന്നെത്തി. മദ്യത്തിലും മദിരാക്ഷിയിലും അധമരായി അഹങ്കാരത്തോടെ കാലംകഴിച്ച ഒരു ജനതയെയാണ് സത്യബോധത്തിലേക്ക് പ്രവാചകന്‍ മുഹമ്മദ് (സ) നയിച്ചത്. അതൊരു മനുഷ്യന്റെ തേട്ടത്തിന്റെയും പുരുഷായുസിന്റെയും നേട്ടമായിരുന്നു.
തയാറാക്കിയത്: ആദില്‍ അബ്ദുല്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."