'സുരക്ഷിത കൂടൊരുക്കും കേരളം' പദ്ധതിക്ക് തുടക്കം
കൊല്ലങ്കോട്: പ്രകൃതിക്ഷോഭത്തില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പൂര്‍ണമായും ഭാഗീകമായും തകര്‍ന്ന 100 കുടുംബങ്ങളുടെ വീടുകളുടെ പുനര്‍നിര്‍മാണത്തിനായുള്ള 'സുരക്ഷിത കൂടൊരുക്കും കേരളം' പദ്ധതിക്ക് തുടക്കം. റവന്യുവകുപ്പും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തുന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസിദാസ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് സെക്രട്ടറി ഉമ്മര്‍ കോങ്ങത്ത് അധ്യക്ഷനായി. പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണം ഉറപ്പാക്കലും വീട് നഷ്ടപ്പെട്ട കുടുംബങ്ങളെ സാധാരണ ജീവിതത്തിലേക്ക് മടക്കിയെത്തിക്കലും ഉറപ്പാക്കാനായി നടപ്പിലക്കിവരുന്ന 'സുരക്ഷിത കൂടൊരുക്കും കേരളം' പദ്ധതിയിലൂടെയാണ് വീടുകള്‍ക്കുള്ള ധനസഹായം നല്‍കുന്നത്.
പദ്ധതിയുടെ ഭാഗമായി കൊല്ലങ്കോട് ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലായി മുഴുവനായി തകര്‍ന്ന 91 വീടുകളും 75 ശതമാനത്തിലധികം തകര്‍ന്ന ഒന്‍പത് വീടുകളുടെ കരാര്‍ വച്ചു. സ്വന്തമായി ഭൂമിയുള്ളവരും സ്വയം ഏറ്റെടുത്ത് നടത്താന്‍ സന്നദ്ധതയുള്ളവരെയും സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടപ്പിലാക്കേണ്ടവയുമായി തിരിച്ചാണ് കരാര്‍ വച്ചത്.
പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ മാനസികമായി ഉയര്‍ത്തുന്നതിനുള്ള ബോധവല്‍ക്കരണവും, ചെലവുകുറഞ്ഞ വീടുനിര്‍മാണ ശൈലികളെ കുറിച്ചുള്ള പരിചയപ്പെടുത്താലും ജോയിന്റ് ബി.ഡി.ഒ ഹൗസിങ്ങ് ജി. നാരായണന്‍കുട്ടി ക്ലാസെടുത്തു. 400 ചതുരശ്രയടി പ്ലിന്ത് വിസ്തൃതി വരുന്നതും, ഒരു ഹാളും രണ്ടു കിടപ്പുമുറിയും അടുക്കളയും ശുചിമുറിയും ഉള്‍പ്പെട്ട വീടുകളാണ് നിര്‍മിക്കേണ്ടത്.
കൊടുവായൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ജി. കൃഷ്ണപ്രസാദ്, പെരുവെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി. ശശികല, പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശ്രീ, വടവന്നൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ രാജീവ്, ഡെപ്യുട്ടി തഹസിദാര്‍ രാജലിംഗം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."