കഠിനംകുളം മുതല്‍ അകത്തുമുറി വരെയുള്ള കായലില്‍ ബോട്ടിങ് തുടങ്ങുമെന്ന് മന്ത്രി
കഠിനംകുളം: ടൂറിസ്റ്റുകള്‍ക്ക് ജില്ലയിലെ കായലിന്റെ ഭംഗി നുകരാന്‍ കഠിനംകുളം മുതല്‍ അകത്തുമുറി വരെയുള്ള കായലില്‍ ബോട്ടിങ് തുടങ്ങുമെന്ന് മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ അറിയിച്ചു.
പെരുമാതുറ, അഞ്ചുതെങ്ങ്, കായിക്കര, പൊന്നുംതുരുത്ത്, പണയില്‍കടവ് വഴി അകത്തുമുറി വരെ ബോട്ടിങ് തുടങ്ങാന്‍ ഉദ്യേശിക്കുന്നതെന്നാണ് ടൂറിസം മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചത്.
ഒരു ദിശയില്‍ മൂന്ന് മണിക്കൂര്‍ നേരം ബോട്ടിലിരുന്ന് കായല്‍ഭംഗി ആസ്വദിക്കാം.
കശ്മീരിലെ ദാല്‍ തടാകത്തിലും മറ്റും ഉപയോഗിക്കുന്ന മനോഹരമായ ഷിക്കാര ബോട്ടുകളാകും കൂടുതലായി ഉപയോഗിക്കുകന്നത്. ഇരുപത് പേര്‍ക്ക് ഇരിക്കാവുന്ന ബോട്ടുകളാണിത്.കഠിനംകുളത്ത് ഹൗസ് ബോട്ടുകള്‍ക്ക് ഉള്‍പ്പെടെ സൗകര്യം നല്‍കുന്ന ബോട്ട് ടെര്‍മിനല്‍, ലഘുഭക്ഷണശാല, ആധുനികരീതിയിലുള്ള ടോയ്‌ലറ്റ് തുടങ്ങിയവ ഒരുക്കും.
മനോഹരമായ പണയില്‍കടവിലാണ് വിശ്രമകേന്ദ്രം തയ്യാറാക്കുക. പെരുമാതുറ, അഞ്ചുതെങ്ങ്, കായിക്കര, പൊന്നുംതുരുത്ത്, പണയില്‍കടവ്, അകത്തുമുറി എന്നിവിടങ്ങളില്‍ ഫ്‌ലോട്ടിങ് ജട്ടികളുമുണ്ടാകും. ഹൗസ്‌ബോട്ട് സര്‍വിസ് നടത്തുന്നതിന് സ്വകാര്യസംരംഭകര്‍ക്കും സൗകര്യമൊരുക്കും.
ഡി.ടി.പി.സിക്കായിരിക്കും പദ്ധതി നിര്‍വഹണ ചുമതല. ബോട്ടുകള്‍ക്ക് പാരിസ്ഥിതിക നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ബയോടോയ്‌ലറ്റുകള്‍ ആയിരിക്കും ഉപയോഗിക്കുക. സ്വീവേജ് ട്രീറ്റ്‌മെന്റിനും സംവിധാനമുണ്ടാകും.
വിദേശികളടക്കമുള്ള വിനോദസഞ്ചാരികള്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ തിരുവനന്തപുരത്തെ കായല്‍ തീരത്തേക്ക് എത്തുമെന്നും ഇവിടെ സംസ്ഥാനത്തെ മികച്ച ടൂറിസം കേന്ദ്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
മലനിരകളും, കടല്‍തീരങ്ങളും കായല്‍ ഭംഗിയും ഒത്തചേരുന്ന തിരുവനന്തപുരത്തിന്റെ തനത് ടൂറിസമാണ് ഇതിലൂടെ പ്രോത്സാഹിപ്പിക്കുകയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കാപ്പില്‍ തീരം വരെ ഈ കായല്‍ടൂറിസം പദ്ധതി വ്യാപിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.അതും പരിഗണിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."