ജനസേവ ശിശുഭവനിലെ കുട്ടികള്‍ക്കായി കൊച്ചി മെട്രോയില്‍ സ്‌നേഹയാത്ര
കൊച്ചി മെട്രോയുടെ 'സ്‌നേഹയാത്ര' മുടങ്ങിയ ജനസേവ ശിശുഭവനിലെ കുട്ടികള്‍ക്കായി കാരുണ്യമതികള്‍ കൈകോര്‍ത്തതോടെ മെട്രോയില്‍ യാത്രചെയ്യണമെന്ന ജനസേവ ശിശുഭവനിലെ കുട്ടികളുടെ ആഗ്രഹം സഫലമായി. ജില്ലാ സമൂഹ്യക്ഷേമ വകുപ്പ് യാത്രാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ആതുരലായങ്ങളിലേയും അഗതിമന്ദിരങ്ങളിലേയും അന്തേവാസികള്‍ക്കായി കൊച്ചി മെട്രോ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സ്‌നേഹയാത്രയില്‍ ജനസേവയിലെ കുട്ടികള്‍ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അവസാനനിമിഷം തങ്ങളെ സ്‌നേഹയാത്രയില്‍നിന്ന് ഒഴിവാക്കിയ അധികൃതരുടെ നടപടി കുട്ടികളെ ഏറെ സങ്കടപ്പെടുത്തിയിരുന്നു. പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട കടുങ്ങല്ലൂരിലെ ലോട്ടറി ഏജന്റ് സുരേഷ് കുട്ടികളുടെ മെട്രോയാത്രയ്ക്കുള്ള ചിലവ് വഹിക്കാമെന്ന് അറിയിച്ചതോടെ കുട്ടികളുടെ 'സ്വപ്നയാത്ര' യാഥാര്‍ത്ഥ്യമായി. കടംപറഞ്ഞുവച്ച ലോട്ടറി ടിക്കറ്റിന് ഒരുകോടി സമ്മാനം ഉണ്ടെന്ന് അറിഞ്ഞിട്ടും അത് സ്വന്തമാക്കാതെ ഉടമയെത്തേടിപ്പിടിച്ച് സമ്മാനം കൈമാറിയ സത്യസന്ധതയുടെ പ്രതിരൂപമായ എം.സി. സുരേഷ് അറിയപ്പെടുന്ന സാമൂഹ്യ സേവന പ്രവര്‍ത്തന്‍കൂടിയാണ്. മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം, സി.പി.ഐ നേതാക്കളായ പി. നവകുമാര്‍, എ. ഷംസുദ്ദീന്‍, അഡ്വ. ടി. ഇ. ഇസ്മയില്‍ തുടങ്ങിയവരും കുട്ടികളുടെ മെട്രോയാത്രയ്ക്ക് പി ന്തുണ അറിയിക്കുകയും മെട്രോയില്‍ അവര്‍ക്കൊപ്പം യാത്രചെയ്യുകയും ചെയ്തു.
ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിയുടെ നേതൃത്വത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം നൂറോളം കുട്ടികളാണ് ആലുവയില്‍നിന്ന് പാലാരിവട്ടത്തേയ്ക്കും അവിടെനിന്ന് തിരിച്ചും മെട്രോയില്‍ യാത്രചെയ്തത്. കളിച്ചും ചിരിച്ചും പാട്ടുപാടിയുമാണ് കുട്ടികള്‍ തങ്ങളുടെ ആദ്യ മെട്രോ യാത്ര ആഘോഷമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."