രഞ്ജി: ഈഡനിലും താരമായി ജലജ്
കൊല്‍ക്കത്ത: ഈഡന്‍ഗാര്‍ഡന്‍സിലും സെഞ്ചുറിയുമായി തിളങ്ങിയ ജലജ് സക്‌സേനയുടെ ബാറ്റിങ് കരുത്തില്‍ ബംഗാളിനെതിരേ കേരളത്തിന് ലീഡ്. ഫാസ്റ്റ് ബൗളര്‍മാരുടെ പറുദീസയായി മാറിയ പിച്ചില്‍ 143 റണ്‍സ് അടിച്ചുകൂട്ടിയാണ് ജലജ് സക്‌സേന രഞ്ജിട്രോഫിയില്‍ കേരളത്തിന് ഒന്നാം ഇന്നിങ്‌സ് ലീഡ് സമ്മാനിച്ചത്.
രഞ്ജിട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാമത്തെ സെഞ്ചുറിയാണ് കേരളത്തിന്റെ അതിഥി താരമായ ജലജ് സക്‌സേന നേടിയത്. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് 291 റണ്‍സില്‍ അവസാനിച്ചു. 144 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ കേരളത്തിനെതിരേ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ബംഗാള്‍ കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് റണ്‍സ് എന്നനിലയിലാണ്. മൂന്നു പന്തില്‍ ഒരു റണ്ണുമായി കൗശിക് ഘോഷാണ് പുറത്തായത്. ഇതോടെ കേരളത്തിന്റെ ലീഡ് 139 റണ്‍സായി.
സന്ദീപ് വാരിയരുടെ പന്തില്‍ സഞ്ജു സാംസണ്‍ പിടിച്ചാണ് കൗശിക് പുറത്തായത്. 11 പന്തുനേരിട്ട് അഭിഷേക് കുമാര്‍ പൂജ്യനായി ക്രീസിലുണ്ട്.
ഇന്ത്യന്‍ സീനിയര്‍ ടീം അംഗം മുഹമ്മദ് ഷമി നേതൃത്വം നല്‍കിയ ബംഗാള്‍ ആക്രണത്തെ ശക്തമായി നേരിട്ടാണ് ജലജ് സക്‌സേന സെഞ്ചുറി നേടിയത്. 190 പന്തു നേരിട്ട ജലജ് 21 ബൗണ്ടറിയും രണ്ടു സിക്‌സറും ഉള്‍പ്പെടെ നേടിയാണ് 143 റണ്‍സ് അടിച്ചു കൂട്ടിയത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെന്ന നിലയിലാണ് കേരളം രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയത്. സ്‌കോര്‍ അര്‍ധശതകം പിന്നിട്ടതിനു പിന്നാലെ രോഹന്‍ പ്രേമിനെ നഷ്ടമായി. അശോക് ഡിന്‍ഡയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വിവേക് കുമാര്‍ പിടിച്ചാണ് രോഹന്‍ മടങ്ങിയത്. 47 പന്തില്‍ നാലു ബൗണ്ടറികളോടെ രോഹന്‍ 18 റണ്‍സ് നേടി. രണ്ടാം വിക്കറ്റില്‍ ജലജ് സക്‌സേനയും രോഹന്‍ പ്രേമും 52 റണ്‍സ് നേടി.
ആറാം വിക്കറ്റില്‍ ജഗദീഷിനൊപ്പം 119 റണ്‍സിന്റെ സെഞ്ചുറി കൂട്ടുകെട്ടും സക്‌സേന പടുത്തുയര്‍ത്തിയത് കേരളത്തിന് മുന്‍കൈ നേടിക്കൊടുത്തു. 269 റണ്‍സ് എടുക്കുന്നതിനിടെ ഒന്‍പതു വിക്കറ്റു നഷ്ടമായ കേരളത്തിന് അവസാന വിക്കറ്റില്‍ അക്ഷയ് ചന്ദ്രനും സന്ദീപ് വാരിയരും ചേര്‍ന്ന കൂട്ടുകെട്ട് 23 റണ്‍സ് സമ്മാനിച്ചു. 70 പന്തില്‍ ആറു ബൗണ്ടറികളോടെ 32 റണ്‍സെടുത്ത അക്ഷയ് ചന്ദ്രന്‍ പുറത്താകാതെ നിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."