പെലെയും മറഡോണയും
പെലെ
ബ്രസീലിന്റെ കറുത്ത മുത്ത് എന്നറിയപ്പെടുന്ന ഫുട്‌ബോള്‍ താരമാണ് പെലെ. എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ എന്നാണ് പെലെയുടെ യഥാര്‍ഥ പേര്. ഡീകോ എന്നായിരുന്നു ഓമനപ്പേരെങ്കിലും കൂട്ടുകാര്‍ വിളിച്ചത് പെലെ എന്നായിരുന്നു. പ്രഥമ ലോകകപ്പില്‍ തന്നെ ഹാട്രിക് നേടിയ താരമാണ് പെലെ. ലോകകപ്പ് ഫുട്‌ബോളില്‍ മല്‍സരിക്കുമ്പോള്‍ 17 വയസായിരുന്നു പ്രായം. ബ്രസീലിന്റെ ദേശീയ നിധിയായി പെലെയെ പ്രഖ്യാപിച്ചിട്ടുണ്ട്.
ആത്മകഥ
' എന്റെ ജീവിതവും സുന്ദരമായ കളിയും' എന്നതാണ് പെലെയുടെ ആത്മകഥ. എസ്‌കേപ് ടു വിക്ടറി, യങ് ജയന്റ്‌സ്, ഹോട്ട് ഷോട്ട് തുടങ്ങിയ സിനിമകളില്‍ പെലെ അഭിനയിച്ചിട്ടുണ്ട്.
ലോകകപ്പ് ഫുട്‌ബോളിലെ ഏറ്റവും സുന്ദരമായ ഗോളായി വിശേഷിപ്പിക്കുന്ന ഗോള്‍ പെലെയുടേതാണ്. ലോകംകണ്ട ഏറ്റവും മികച്ച ഗോളുകളിലൊന്നും പെലെയുടെതു തന്നെ. 1958 ലെ ലോകകപ്പ് ഫൈനലിലാണ് ആ ഗോള്‍ പിറന്നത്. സ്വീഡനുമായുള്ള മല്‍സരത്തിന്റെ ഇടവേള കഴിഞ്ഞ് പത്താം മിനുട്ട്. ബ്രസീല്‍ താരം സഗാലോ നല്‍കിയ പന്ത് പെലെക്കു ലഭിച്ചു. വളരെ പെട്ടെന്ന് തിരിഞ്ഞ് സ്വീഡന്റെ ഗോള്‍ പോസ്റ്റിന് അഭിമുഖമായിനിന്ന് കാല്‍മുട്ടു കൊണ്ട് നിയന്ത്രിച്ച പന്ത് പെലെയുടേയും സ്വീഡന്‍ താരം ഗുസ്താവ് സണ്ണിയുടേയും തലയ്ക്കു മുകളിലൂടെ മറിച്ച ശേഷം പെട്ടെന്ന് തിരിഞ്ഞ് ഒരു ഷോട്ട് .പന്ത് സ്വീഡന്റെ വലയില്‍ ചെന്നു പതിച്ചു.
ജഴ്‌സിയുടെ വില
1970 ലെ ലോകകപ്പ് ഫുട്‌ബോളില്‍ പെലെ ധരിച്ച ഒരു ജഴ്‌സി 2003ല്‍ ലേലത്തില്‍ വയ്ക്കുകയുണ്ടായി. രണ്ടേ കാല്‍ ലക്ഷം രൂപയ്ക്കാണ് ജഴ്‌സി വിറ്റുപോയത്.
നൂറ്റാണ്ടിന്റെ ഗോള്‍
ഡീഗോ ആര്‍മാന്‍ഡോ മറഡോണ എന്നാണ് മറഡോണയുടെ മുഴുവന്‍ പേര്. അര്‍ജന്റീനയുടെ ഡീഗോ മറഡോണയുടെ പേരിലാണ് ദൈവത്തിന്റെ കൈ എന്ന പേരിലുള്ള ഗോള്‍. 1986 ലെ മെക്‌സിക്കോ ലോകകപ്പ് ഫുട്‌ബോളിലായിരുന്നു ദൈവത്തിന്റെ കൈയും നൂറ്റാണ്ടിന്റെ ഗോളും പിറന്നത്. ജൂണ്‍ 22 ന് ഇംഗ്ലണ്ടിനെതിരെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തിലാണ് ദൈവത്തിന്റെ കൈ എന്ന ഗോള്‍ ഇംഗ്ലണ്ടിന്റെ വല കിലുക്കിയത്. മല്‍സരത്തിന്റെ രണ്ടാം പകുതിയുടെ ആദ്യത്തില്‍ ഇംഗ്ലണ്ടിന്റെ ഗ്ലെന്‍ ഹോഡ് ഡില്‍ ബോക്‌സിനു തൊട്ടു പുറത്തുനിന്ന് അവരുടെ ഗോളിയായ പീറ്റര്‍ ഷില്‍ട്ടന് ഒരു ഹാഫ് വോളി ബാക്ക് പാസ് നല്‍കുകയായിരുന്നു. ഈ സമയം അവിടെ കുതിച്ചെത്തിയ മറഡോണ തലയ്ക്കു മുകളില്‍ ഉയര്‍ന്നു വരുന്ന പന്തില്‍ കൈ കൊണ്ട് ചെറുതായൊന്ന് സ്പര്‍ശിച്ചു. ദാ കിടക്കുന്ന പന്ത് ഗോള്‍ വലയില്‍. റഫറി ബെന്നസീറിനെ പോലെ പലരും കരുതിയത് ഹെഡ് ചെയ്താണ് മറഡോണ ഗോള്‍ നേടിയതെന്നാണ്. ഇംഗ്ലണ്ടിന്റെ പ്രതിഷേധം ആരും മുഖ വിലക്കെടുത്തില്ല. അര്‍ജന്റീനയെ വിജയിപ്പിക്കാനുള്ള ദൈവത്തിന്റെ കൈ എന്നാണ് ഈ ഗോളിനെ കുറിച്ച് മറഡോണ പിന്നീട് പറഞ്ഞത്.
നാലു മിനുട്ടിനു ശേഷം ഇംഗ്ലണ്ടിന്റെ അഞ്ച് താരങ്ങളെ കബളിപ്പിച്ച് ഒരു ഗോള്‍ കൂടി മറഡോണ നേടി. മിഡ് ഫീല്‍ഡര്‍ ഹെക്ടര്‍ എന്‍ റിക്ക് നല്‍കിയ പാസുമായി സെന്റര്‍ സര്‍ക്കിളിന്റെ റൈറ്റ് സൈഡിലേക്ക് നീങ്ങിയ മറഡോണ പ്രതിരോധം തീര്‍ക്കാനെത്തിയ പീറ്റര്‍ റീഡ്, പീറ്റര്‍ ബോര്‍ഡ്‌സ്‌കെ എന്നിവരെ ഡ്രിബ് ചെയ്ത് മുന്നോട്ട് കുതിച്ചു. ഈ സമയത്ത് ബ്ലോക്ക് ചെയ്യാന്‍ വന്ന സ്റ്റീവ് ഹോഡ്ജിനെയും പിന്നിട്ട് പെനാല്‍ട്ടി ബോക്‌സിലേക്ക്. പിന്നെ ടെറിഫെന്‍വിക്ക്, ഗോളി പീറ്റര്‍ ഷില്‍ട്ടണ്‍ എന്നിവരെ കബളിപ്പിച്ച് അതിവേഗത്തില്‍ ഗോള്‍ വലയത്തിലേക്ക്. മറഡോണയുടെ ഗോളിനെ ഫിഫ നൂറ്റാണ്ടിന്റെ ഗോളായി തിരഞ്ഞെടുത്തു. ലിറ്റില്‍ പെലെ എന്ന വിശേഷണം മറഡോണയ്ക്കുണ്ട്.
മറക്കാതെ മാറക്കാന
1950ലെ ലോകകപ്പ് ഫുട്‌ബോള്‍ ബ്രസീലിന് അനുവദിച്ച് കിട്ടിയപ്പോള്‍ നിര്‍മാണം നടത്തിയ സ്‌റ്റേഡിയമാണ് ബ്രസീലിലെ മാറക്കാന സ്‌റ്റേഡിയം. ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ ഏറ്റവും വലിയ ദുരന്തം ഈ സ്‌റ്റേഡിയത്തില്‍വച്ചാണുണ്ടായത്. 1950 ലെ ലോകകപ്പ് ഫൈനലില്‍ യുറുഗ്വായോടേറ്റ പരാജയം മാറക്കാനസോ എന്ന പേരിലാണ് അറിയപ്പെടുന്നത്. മറക്കാന സ്റ്റേഡിയത്തില്‍വച്ചേറ്റ ആ പരാജയം ബ്രസീലിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി. പക്ഷെ പിന്നീട് കഠിനാധ്വാനം കൊണ്ട് ഫുട്‌ബോള്‍ ലോകത്തിലെ അത്യുന്നതങ്ങളിലെത്തിക്കാന്‍ ആ ദുരന്തം സഹായിച്ചു. മാറക്കാന പണിയുന്ന സമയത്ത് ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയമായിരുന്നു അത്. മുനിസിപ്പല്‍ എന്ന പേരായിരുന്നു സ്റ്റേഡിയത്തിന് ആദ്യം നല്‍കിയത്. എന്നാല്‍ സ്റ്റേഡിയത്തിനു സമീപത്തിലൂടെ ഒഴുകുന്ന മാറക്കാന എന്ന കൊച്ചു നദിയുടെ പേര് പിന്നീട് സ്റ്റേഡിയത്തിനും ലഭിക്കുകയായിരുന്നു. അതല്ല ടുപി ഗൊരണി ഗോത്ര വര്‍ഗക്കാര്‍ നീലച്ചിറകുള്ള തത്തയ്ക്ക് നല്‍കിയ പേരായ മാറക്കാനയില്‍നിന്നാണ് സ്റ്റേഡിയത്തിന് ആ പേര് ലഭിച്ചതെന്നും പറയപ്പെടുന്നു. ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ കളിച്ചു വളര്‍ന്നതും പെലെയുടെ ആയിരം തിയ്ക്കുന്ന ഗോള്‍ നേടിയതും ഈ സ്‌റ്റേഡിയത്തില്‍വച്ചാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."