മാല്‍കോടെക്സിലെ തൊഴില്‍ പീഡനം, പൊലിസ് അന്വേഷണം തുടങ്ങി
തൊടുപുഴ: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട തൊഴില്‍ പീഡനം സംബന്ധിച്ച് പൊലിസ് അന്വേഷണം തുടങ്ങി.
നിരന്തരമായ തൊഴില്‍ പീഡനത്തെത്തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനമായ കുറ്റിപ്പുറം മാല്‍കോടെക്സിലെ ഫിനാന്‍സ് മാനേജര്‍ സഹീര്‍ കാലടിക്ക് രാജിവയ്ക്കേണ്ടിവന്നിരുന്നു. ഉന്നതങ്ങളിലടക്കം നിരവധി പരാതി നല്‍കിയെങ്കിലും പൊലിസ് അന്വേഷണം തുടങ്ങിയിരുന്നില്ല. തൊഴില്‍ പീഡനം സംബന്ധിച്ച് സുപ്രഭാതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ ചൊവ്വാഴ്ച മലപ്പുറം കാടാമ്പുഴ പൊലിസ് സ്റ്റേഷനില്‍ വച്ചാണ് സഹീര്‍ കാലടിയുടെ മൊഴിയെടുത്തത്. മന്ത്രി കെ.ടി ജലീലിന്റെ പേഴ്സണല്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചനയടക്കം ഗുരുതര ആരോപണങ്ങള്‍ മൊഴിയില്‍ ഉന്നയിച്ചിട്ടുണ്ട്.
ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ അപേക്ഷ നല്‍കിയതില്‍ കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയും 13 വര്‍ഷം പൊതുമേഖലാ സ്ഥാപനത്തില്‍ പ്രവര്‍ത്തന പരിചയവുമുള്ള അപേക്ഷകനായിരുന്നു സഹീര്‍. ഇദ്ദേഹത്തെയടക്കം അവഗണിച്ച് മന്ത്രി ജലീല്‍, ബന്ധു കെ.ടി അദീബിന് നിയമനം നല്‍കിയത് വന്‍ വിവാദമായിരുന്നു. മാല്‍കോടെക്സ് എം.ഡി നടത്തിയ സാമ്പത്തിക ക്രമക്കേടിനെതിരേ 2019 ജനുവരി 16ന് സഹീര്‍ ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഹാന്‍ഡ്ലൂം ഡയരക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതോടെയാണ് എം.ഡിയില്‍ നിന്ന് തൊഴില്‍ പീഡനം തുടങ്ങിയത്. തുടര്‍ന്ന് ഗുരുതര ആരോഗ്യപ്രശ്നം മൂലം ജനുവരി 29 മുതല്‍ സഹീര്‍ മെഡിക്കല്‍ ലീവിലായിരുന്നു.
അവധി കാലയളവിലും പീഡനം തുടര്‍ന്നതോടെ 2019 ജൂലൈ ഒന്നിന് 20 വര്‍ഷം സര്‍വിസ് ശേഷിക്കെയാണ് സഹീര്‍ ജോലിയില്‍ നിന്ന് രാജിവച്ചത്. തുടര്‍ന്ന് ഗ്രാറ്റുവിറ്റി, ശമ്പളം, ബോണസ് എന്നിവ നല്‍കുന്നത് എം.ഡി തടയുകയായിരുന്നു.
തൊഴില്‍ പീഡനം, അഴിമതി എന്നിവയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍, മുഖ്യമന്ത്രി, വ്യവസായ മന്ത്രി, ചീഫ് സെക്രട്ടി, ഡി.ജി.പി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, വിജിലന്‍സ് ഡയരക്ടര്‍ എന്നിവര്‍ക്ക് സഹീര്‍ പരാതി നല്‍കിയിരുന്നു.
സെപ്റ്റംബര്‍ 2ന് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും വീണ്ടും പരാതി നല്‍കിയെങ്കിലും അന്വേഷണം ആരംഭിച്ചിരുന്നില്ല. ഉന്നത സ്വാധീനത്താല്‍ അന്വേഷണം അട്ടിമറിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."