ഗജ ചുഴലിക്കാറ്റ് കണക്കെടുപ്പ് ഇന്ന് പൂര്‍ത്തിയായേക്കും
പൂച്ചാക്കല്‍: തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തില്‍ ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റിലുണ്ടായ നഷ്ടപരിഹാര കണക്കെടുപ്പ് ഇന്ന് പൂര്‍ത്തിയായേക്കും.
പഞ്ചായത്തിന്റെ മൂന്ന് മുതല്‍ എട്ട് വരെ വാര്‍ഡുകളിലെ നൂറുകണക്കിനു വീടുകളെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്.
ഒരു ഡെപ്യൂട്ടി തഹസില്‍ദാര്‍, പഞ്ചായത്ത് ഓവര്‍സീയര്‍, പഞ്ചായത്ത്, വില്ലേജ് ജീവനക്കാര്‍ എന്നിങ്ങനെ നാല് ഉദ്യോഗസ്ഥരും വാര്‍ഡ് മെംബര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആറ് സംഘങ്ങളാണ് ദുരിതബാധിത വീടുകള്‍ കയറിയിറങ്ങി കണക്കെടുപ്പ് നടത്തുന്നത്. ലഭിച്ച അപേക്ഷകള്‍ ക്രോഡീകരിച്ച ശേഷം ശനിയാഴ്ച്ചയോടെ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാനും പരമാവധി വേഗത്തില്‍ നഷ്ടപരിഹാരം ലഭ്യമാക്കലുമാണ് ലക്ഷ്യം.
വൈദ്യുതി ബോര്‍ഡ് മധ്യമേഖലാ ചീഫ് എന്‍ജിനീയര്‍ ജയിംസ് ജേക്കബ് കഴിഞ്ഞ ദിവസം പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
ഇന്നലെ കെ.എസ്.ഇ.ബി സംഘത്തിന്റെ പ്രവര്‍ത്തന ഫലമായി നൂറുകണക്കിന് ഗുണഭോക്താക്കള്‍ക്ക് വൈദ്യുതി നല്‍കാനായി.പൂച്ചാക്കല്‍, തേവര്‍വട്ടം, വെറുങ്ങോട്ട, കണ്ണാടി തുടങ്ങിയ പ്രദേശങ്ങളിലായി നാനൂറോളം വീടുകള്‍ക്കുകൂടി വൈദ്യുതി ലഭിക്കാനുണ്ട്.
മരം മുറിക്കലും വൈദ്യുതി പോസ്റ്റ് പുനസ്ഥാപിക്കലും പൂര്‍ണമാകാത്തതാണ് കാരണം. അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ മരം മുറിക്കലുകള്‍ തുടരുകയാണ്.
വീട്ടുകാര്‍ അവരുടെ ചെലവിലും മരം മുറിക്കുന്നുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവരും ചുഴലിക്കാറ്റില്‍ നഷ്ടപ്പെട്ട വീടുകള്‍ പുനരുദ്ധരിക്കുന്നതിന് രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."