നിര്‍ഭയ കേസിലെ പ്രതികളെ അടുത്തയാഴ്ച തൂക്കിലേറ്റിയേക്കും
ന്യൂഡല്‍ഹി: രാജ്യത്ത് വന്‍ പ്രക്ഷോഭങ്ങള്ക്കിടയാക്കിയ നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളെ അടുത്തയാഴ്ച തന്നെ തൂക്കിലേറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രപതിക്ക് പ്രതികള്‍ ദയാഹരജി സമര്‍പ്പിക്കുന്നില്ലെങ്കില്‍ ഏഴു ദിവസത്തിനകം ശിക്ഷ നടപ്പാക്കുമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കി. നാല് പ്രതികളുടെയും വധശിക്ഷ ഡല്‍ഹി ഹൈക്കോടതിയും സുപ്രിംകോടതിയും ശരിവെച്ചിരുന്നു. വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവുശിക്ഷയാക്കണമെന്ന് കുറ്റവാളികള്‍ക്ക് രാഷ്ട്രപതിയോട് അപേക്ഷിക്കാം. എന്നാല്‍ അതിന് അവര്‍ തയ്യാറായിട്ടില്ലെന്ന് തിഹാര്‍ ജയില്‍ ഡി.ജി.പി സന്ദീപ് ഗോയല്‍ അറിയിച്ചു. ശിക്ഷ നടപ്പാക്കാനൊരുങ്ങുന്നുവെന്ന് അറിയിച്ച് തിങ്കളാഴ്ച ഇവര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ശിക്ഷ നടപ്പാക്കുമെന്ന് അറിഞ്ഞതോടെ കുറ്റവാളികള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും ഗോയല്‍ പറഞ്ഞു.
2012 ഡിസംബര്‍ 16ന് അര്‍ധരാത്രി ഓടുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം പുറത്തേക്കെറിയുകയും രണ്ടാഴ്ചയ്ക്കു ശേഷംചികില്സയ്ക്കിടെ അവര്‍ മരിക്കുകയും ചെയ്ത സംഭവമാണ് നിര്‍ഭയ കേസ്. കേസില്‍ ആറു പ്രതികളാണുള്ളത്. ഒരാള്‍ വിചാരണയ്ക്കിടെ ജയിലില്‍ ജീവനൊടുക്കി. പ്രായപൂര്‍ത്തിയെത്താത്ത പ്രതിയെ ജുവനൈല്ഹോമിലേക്കു മാറ്റി. ബാക്കിയുള്ള മുകേഷ് (31), പവന് ഗുപ്ത (24), വിനയ് ശര്‍മ എന്നിവര്‍ തിഹാര്‍ ജയിലിലും അക്ഷയ്കുമാര്‍ സിങ് മണ്ടോളിയിലെ ജയിലിലുമാണ് കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."