പ്രളയത്തില്‍ തകര്‍ന്ന റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്തെ നിര്‍മാണ പ്രവൃത്തികള്‍ അവസാനഘട്ടത്തില്‍
ചാലക്കുടി: പ്രളയത്തില്‍ തകരാറിലായ സതേണ്‍ കോളജിന് സമീപമുള്ള റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ നിര്‍മാണ പ്രവൃത്തികള്‍ അവസാനഘട്ടല്. പാലത്തിന്റെ മുരിങ്ങൂര്‍ ഭാഗത്തെ പുഴയോരത്ത് പ്രളയത്തില്‍ മണ്ണിടിച്ചിലുണ്ടായതാണ് പാലത്തിന്റെ ബലക്ഷയത്തിന് കാരണമായത്.
ബലക്ഷയം സംഭവിച്ചതിനെ തുടര്‍ന്ന് ഇതുവഴിയുള്ള തീവണ്ടികളുടെ വേഗതക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.എം.സാന്റ് ചാക്കുകള്‍ നിറച്ച് താല്‍ക്കാലിക സുരക്ഷയും ഒരുക്കിയിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ ചാക്കുകളും ഇടിഞ്ഞതിനെ തുടര്‍ന്നാണ് റെയില്‍വേ അധികൃതര്‍ ശാശ്വത പരിഹാരത്തിന് നടപടിയെടുത്തത്.
ഇതിന്റെ ഭാഗമായി സതേണ്‍ കോളജിന് സമീപത്തെ പാലത്തിന്റെ പില്ലറുകളുടെ ഭാഗത്ത് കരിങ്കല്ല് ഭിത്തികള്‍ കെട്ടി. ഈ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. കാര്യമായ മണ്ണിടിച്ചിലുണ്ടായ മുരിങ്ങൂര്‍ ഭാഗത്ത് പാലത്തിന് സമീപം കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ അവസാനഘട്ടത്തിലായിരിക്കുന്നത്.
റെയില്‍വേ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്. പാലത്തിന്റെ ഇരുകരകളിലും കാര്യമായ മണ്ണൊലിച്ചില്‍ ഉണ്ടായിട്ടുണ്ടെങ്കിലും പാലത്തിന് ബലക്ഷയം ഉണ്ടായിട്ടില്ലെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ സുരക്ഷ ഒരുക്കുന്നതിനായാണ് ഇപ്പോള്‍ കോണ്‍ക്രീറ്റിങ് അടക്കമുള്ള പ്രവര്‍ത്തികള്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."