ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫിസുകളുടെ തുടര്‍ച്ചാനുമതി ഉത്തരവായി; ജീവനക്കാരുടെ വേതനപ്രതിസന്ധിക്കും പരിഹാരമാകുന്നു
മഞ്ചേരി: ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫിസുകളുടെ പ്രവര്‍ത്തനത്തിനു റവന്യൂ വകുപ്പ് തുടര്‍ച്ചാനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവായി. ഇതോടെ ജില്ലയിലേതുള്‍പ്പെടെയുള്ള ലാന്‍ഡ് ട്രിബ്യൂണല്‍ ജീവനക്കാരുടെ വേതന പ്രതിസന്ധിക്കും പരിഹാരമാകുകയാണ്.
2017 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31വരെയുള്ള കാലത്തേക്കാണ് തുടര്‍ച്ചാനുമതി നല്‍കി ഉത്തരവായിരിക്കുന്നത്. ട്രിബ്യൂണല്‍ ഓഫിസുകള്‍ തുടരേണ്ട തസ്തികകള്‍ സംബന്ധിച്ചു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമായിരുക്കും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തുടര്‍ച്ചാനുമതി നല്‍കുകയെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം, ഈ വ്യവസ്ഥ നിലവിലെ തസ്തിക വെട്ടിക്കുറയ്ക്കാനുള്ള നീക്കമാണോയെന്നു ജീവനക്കാര്‍ക്ക് ആശങ്കയുണ്ട്. തുടര്‍ച്ചാനുമതി ലഭിക്കാത്തതു മൂലം ജീവനക്കാര്‍ മാസങ്ങളായി വേതന പ്രതിസന്ധി നേരിടുകയായിരുന്നു. 2016 ഡിസംബര്‍ 31നാണ് ലാന്‍ഡ് ട്രിബ്യൂണലുകളുടെ കാലാവധി തീര്‍ന്നത്. തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാന റവന്യൂ വിഭാഗത്തില്‍നിന്നുള്ള തുടര്‍ച്ചാനുമതി ലഭിക്കാത്തതാണ് ജീവനക്കാരെ കുഴക്കിയിരുന്നത്. ജില്ലയില്‍ ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേരി, തിരൂര്‍ എന്നിവിടങ്ങളിലായി 35 ജീവനക്കാരുണ്ട്. റവന്യൂ വകുപ്പിന്റെ തുടര്‍ച്ചാനുമതി വൈകുകയാണെന്നും മാസങ്ങളായി ജീവനക്കാരുടെ ശമ്പളം മുടങ്ങിക്കിടക്കുകയാണെന്നും സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."