മണിവാസകത്തെ മാവോയിസ്റ്റാക്കിയത് പൊലിസെന്ന് സഹോദരി ലക്ഷ്മി
പാലക്കാട്: അട്ടപ്പാടിയിലെ മേലെ മഞ്ചിക്കണ്ടിയില്‍ ഭക്ഷണം കഴിക്കുന്നതിനിടെ പൊലിസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട ഭവാനിദളം നേതാവ് മണിവാസകത്തെ മാവോവാദിയാക്കിയത് തമിഴ്നാട് പൊലിസാണെന്ന് ഇളയ സഹോദരി ലക്ഷ്മിയും ഭര്‍ത്താവ് കെ.സാലിവാഹനും പറഞ്ഞു.
മേലെ മഞ്ചിക്കണ്ടിയില്‍ സായുധസേനയും മാവോവാദികളും തമ്മില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ബന്ധുക്കളുടെ സമ്മതമില്ലാതെ പോസ്റ്റ്മോര്‍ട്ടം നടത്തുക മാത്രമല്ല, മൃതദേഹം കാണാന്‍ പോലും അനുവദിച്ചില്ലെന്നും അവര്‍ സുപ്രഭാതത്തോട് വ്യക്തമാക്കി.
തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത് സൂക്ഷിച്ചിരിക്കുന്ന സഹോദരന്റെ മൃതശരീരം കാണാന്‍ പൊലിസ് അനുമതി നിഷേധിച്ചതിനെതിരേ പാലക്കാട് ജില്ലാ കോടതിയില്‍ അന്യായം ഫയല്‍ ചെയ്യാന്‍ എത്തിയതായിരുന്നു അവര്‍. ബുധനാഴ്ച പുലര്‍ച്ചെയാണ് തമിഴ് ചാനലുകളിലൂടെ മണിവാസകം കൊല്ലപ്പെട്ട വിവരം അറിയുന്നത്. കേരള പൊലിസ് ഈ വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. രണ്ടു ദിവസം മുന്‍പ് തന്നെ പൊലിസ് സഹോദരനെ കൊന്നതായി ഇവിടെ വന്നപ്പോഴാണ് അറിയുന്നത്. ബുധനാഴ്ച രാത്രി എട്ടോടെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തി. പൊലിസിനോട് സഹോദരന്റെ മൃതദേഹമൊന്ന് കാണിച്ചുതരാന്‍ ആവശ്യപ്പെട്ടിട്ടും അവര്‍ തയാറായില്ല. മണിവാസകത്തിന്റെ ഭാര്യ കല ട്രിച്ചിയിലെ ജയിലില്‍ കഴിയുകയാണ്. അവരിപ്പോള്‍ മദ്രാസ് ഹൈക്കോടതിയിയുടെ മധുര ബെഞ്ചില്‍ മൃതദേഹം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
കേരള പൊലിസ് മൃതദേഹം കാണിക്കാനോ, വിട്ടുനല്‍കാനോ തയാറാകുന്നില്ല. എന്റെ കൂടപ്പിറപ്പിനെ ഒരുനോക്ക് കാണാന്‍ സമ്മതിക്കാത്തത് എന്തു നീതിയാണെന്നാണ് ഇവര്‍ ചോദിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം നടത്തണമെങ്കില്‍ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ പരിശോധനകള്‍ നടത്തണമെന്നിരിക്കെ മൃതദേഹം ഒരുനോക്ക് കാണാന്‍ പോലും അനുവദിച്ചില്ല. 60 വയസ് പ്രായമുള്ള മണിവാസകം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി രോഗബാധിതനാണ്. ഇടക്ക് അണ്ണന് വീട്ടിലേക്ക് വിളിക്കും. ഞങ്ങളുടെ സുഖവിവരങ്ങള്‍ അന്വേഷിക്കും. ആറുവര്‍ഷം മുന്‍പാണ് അവസാനമായി വീട്ടിലെത്തിയത്. പിന്നീട് ഞങ്ങള്‍ കണ്ടിട്ടില്ല.
ബി.എഡ് പഠനം കഴിഞ്ഞ് ജോലിയൊന്നും കിട്ടാതെയിരിക്കുമ്പോള്‍ കുട്ടികള്‍ക്ക് ട്യൂഷനും സാമൂഹിക സേവനപ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞിരുന്ന സഹോദരനെ മാവോയിസ്റ്റാക്കി മുദ്രകുത്തി തമിഴ്നാട് പൊലിസുകാര്‍ ആദ്യം ജയിലിലടക്കുകയായിരുന്നു. ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയത് മുതല്‍ പിന്നെ പാവപ്പെട്ട ജനങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാട്ടം നടത്തിക്കൊണ്ടിരുന്നു. 25ാം വയസില്‍ വീട്ടില്‍നിന്ന് പോയതാണ്. പിന്നെ കുറേക്കാലം വിവരമൊന്നും ലഭിച്ചില്ല. തമിഴ്നാട്, കേരള, കര്‍ണാടക സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നുവെന്നാണ് അണ്ണന് പറഞ്ഞിരുന്നത്.
സേലം ഓമല്ലൂര്‍ രാമമൂര്‍ത്തി നഗര്‍ മുത്തുചെട്ടിയാരുടെയും രുഗ്മിണി അമ്മാളിന്റെയും രണ്ടാമത്തെ മകനാണ് മണിവാസകം. മൂത്ത സഹോദരന് സുബ്രമണി. രണ്ടു സഹോദരിമാര്‍. ത്രിച്ചിയില്‍ താമസിക്കുന്ന ചന്ദ്രാ, പിന്നെ ലക്ഷ്മിയും.
കൂലിപ്പണിക്കാരനായ സുബ്രമണി ബുധനാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിയിരുന്നുവെങ്കിലും മൃതദേഹം കാണിക്കാന്‍ പൊലിസ് തയാറല്ലാത്തതിനാല്‍ നാട്ടിലേക്ക് തിരിച്ചു പോവുകയായിരുന്നു. ബുധനാഴ്ച രാത്രി ഒന്‍പതു വരെ കാത്തിരുന്നിട്ടും സഹോദരന്റെ മൃതദേഹം കാണിക്കാത്തതിനെ തുടര്‍ന്നാണ് മുണ്ടൂര്‍ രാവുണ്ണി, അഡ്വ.തുഷാര്‍ നിര്‍മല്‍ സാരഥി എന്നിവരോടൊപ്പം ഹര്‍ജി നല്കാന് പാലക്കാട് ജില്ലാ കോടതിയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."