സാഹോദര്യ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുക: സമസ്ത
കോഴിക്കോട്: റമദാനിന്റെ ആത്മീയ ചൈതന്യം തുടര്‍ ജീവിതത്തിലും കാത്തു സൂക്ഷിക്കണമെന്നും വ്രത വിശുദ്ധിയില്‍ പാകപ്പെടുത്തിയ സൂക്ഷമത തുടര്‍ ജീവിതത്തിന്റെ അടയാളമാക്കാന്‍ പ്രതിജ്ഞ പുതുക്കണമെന്നും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, ജന. സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി തുടങ്ങിയവര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് പെരുന്നാള്‍. കാരുണ്യവും സ്‌നേഹവും പരസ്പരം കൈമാറുന്നതിനും കുടുംബ സാഹോദര്യ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും പെരുന്നാള്‍ ദിവസം ഉപയോഗപ്പെടുത്തണം. കഷ്ടതയനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുകയും, ആഗോള രംഗത്ത് പീഡിതരായി കഴിയുന്ന സ്വസഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം നേരുകയും വേണം.
വിവിധ മതസ്ഥര്‍ അധിവസിക്കുന്ന ഇന്ത്യയില്‍, മുസ്‌ലിം സമുദായത്തിന്റെ വിശ്വാസത്തിനും സംസ്‌കാരത്തിനും നേരെയും, രാജ്യത്തെ ജനവിഭാഗങ്ങളുടെ ജീവിതരീതിയും ഭക്ഷണക്രമവും വരെ ഫാസിസ്റ്റ് കൈയേറ്റത്തിനു വിധേയമാവുകയും ചെയ്യുന്നു. വിശ്വാസികള്‍ക്ക് നേരെ ആപത്കരമായ പ്രവണതകള്‍ വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് സമാധാനവും, പരസ്പര ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുകയും ബഹുസ്വര സമുഹത്തില്‍ തുടരുന്ന സാമൂഹ്യ മൂല്യങ്ങള്‍ തകര്‍ക്കുന്നവരെ കരുതിയിരിക്കുകയും ചെയ്യണമെന്നും നേതാക്കള്‍ പറഞ്ഞു.
സയ്യിദ് മുഹമ്മദ്
കോയ തങ്ങള്‍
കോഴിക്കോട് : വിശുദ്ധ മാസത്തില്‍ കരസ്ഥമാക്കിയ ആത്മീയ ചൈതന്യം കൊണ്ട് മാതൃകാ ജീവിതം നയിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് കോഴിക്കോട് ഖാസിയും സുന്നി യുവജനസംഘം ജന സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.
കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി
കൊല്ലം: അതിരുകളില്ലാത്ത മനുഷ്യ സ്‌നേഹത്തിന്റെ വാതിലുകള്‍ സമൂഹത്തിന് മുന്നില്‍ തുറന്നുവയ്ക്കാന്‍ വിശ്വാസിക്ക് പ്രചോദനം നല്‍കുന്നതാകണം ഓരോ ഈദ് ആഘോഷവുമെന്ന് കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഈദ് സന്ദേശത്തില്‍ പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: റമദാനിന്റെ അനുഭവക്കരുത്ത് കൊണ്ട് ഭാവിജീവിതത്തെ സംശുദ്ധമാക്കാനും സഹജീവികളുടെ പ്രയാസങ്ങള്‍ അടുത്തറിയാനും വിശ്വാസികള്‍ക്ക് സാധിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും സെക്രട്ടറി സത്താര്‍ പന്തലൂരും ഈദ് സന്ദേശത്തില്‍ പറഞ്ഞു. രാജ്യനന്മയും സാമൂഹിക പുരോഗതിയും ലക്ഷ്യമാക്കിയാവണം നമ്മുടെ പ്രവര്‍ത്തികളെന്നും അവര്‍ പറഞ്ഞു.
ഐ.എസ്.എം
കോഴിക്കോട്: വ്രതത്തിലൂടെ നേടിയെടുത്ത മാനസിക വിശുദ്ധിയോടൊപ്പം ചുറ്റുപാടുകളുടെ വൃത്തിയും വെടിപ്പും കരുതലോടെ കാണണമെന്ന് ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹിയും ജന.സെക്രട്ടറി ഡോ. ജാബിര്‍ അമാനിയും ഈദ് സന്ദേശത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."