സംസ്ഥാന പൊലിസ് മേധാവിയെ തെരഞ്ഞെടുക്കാന്‍ സമിതിയായി
തിരുവനന്തപുരം: ഈ മാസം 30ന് വിരമിക്കുന്ന സംസ്ഥാന പൊലിസ് മേധാവി ടി.പി സെന്‍കുമാറിന്റെ പകരക്കാരനെ കണ്ടെത്താന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ അധ്യക്ഷതയില്‍ സമിതിയായി. ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസ്, നിയമ സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.
ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഇവര്‍ നല്‍കുന്ന പട്ടികയില്‍നിന്ന് പുതിയ ഡി.ജി.പിയെ തീരുമാനിക്കും. സെന്‍കുമാര്‍ വിരമിക്കുമ്പോള്‍ സംസ്ഥാനത്തെ മുതിര്‍ന്ന ഡി.ജി.പിയായി ജേക്കബ് തോമസ് മാറും. രണ്ടര മാസത്തെ അവധി കഴിഞ്ഞെത്തിയ അദ്ദേഹത്തെ ഐ.എം.ജി ഡയരക്ടര്‍ ജനറലായി സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. 2020 മെയിലാണ് ജേക്കബ് തോമസ് വിരമിക്കുക. വിജിലന്‍സ് ഡയരക്ടര്‍ ലോക്‌നാഥ് ബെഹ്‌റ 2021 ജൂണിലും എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് 2021 ജൂലൈയിലുമാണ് വിരമിക്കുക.
ഡി.ജി.പി പദവിയുള്ള പൊലിസ് നവീകരണ വിഭാഗം മേധാവി നിര്‍മ്മല്‍ചന്ദ്ര അസ്താനയ്ക്ക് 2019 നവംബര്‍ വരെയും ഫയര്‍ഫോഴ്‌സ് മേധാവി എ. ഹേമചന്ദ്രന് 2020 മെയ് വരെയും കാലാവധിയുണ്ട്. ടി.പി.സെന്‍കുമാര്‍ കഴിഞ്ഞാല്‍ ഏറ്റവും മുതിര്‍ന്നയാള്‍ 1984 ബാച്ചിലെ സിന്‍ഹയാണ്. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങില്‍ അമേരിക്കയിലായിരുന്ന സിന്‍ഹ ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി മടങ്ങിയെത്തിയെങ്കിലും പ്രധാനമന്ത്രിയുടെ ഓഫിസില്‍ അറ്റാച്ച് ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിന് 2018 ഒക്ടോബര്‍വരെ കാലാവധിയുണ്ടെങ്കിലും കേരളത്തിലേക്ക് മടങ്ങിവരുന്നില്ല.
അതേസമയം, ലോക്‌നാഥ് ബെഹ്‌റയെ വീണ്ടും പൊലിസ് മേധാവിയായി നിയമിക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ പിന്തുണയാണ് ബെഹ്‌റയുടെ സാധ്യത വര്‍ധിപ്പിക്കുന്നത്. ഡി.ജി.പി ആയിരിക്കെ എടുത്ത പലതീരുമാനങ്ങളുടെയും പേരില്‍ ലോക്‌നാഥ് ബെഹ്‌റയ്ക്ക് ഏറെ പഴികേള്‍ക്കേണ്ടിവന്നെങ്കിലും സര്‍ക്കാരിന്റെ വിശ്വസ്തനാണെന്നതാണ് അദേഹത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നത്. മുന്നണിക്കുള്ളില്‍നിന്നുതന്നെ ബെഹ്‌റയുടെ പല നടപടികള്‍ക്കെതിരേയും കടുത്ത വിമര്‍ശനം ഉണ്ടായിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ പിന്തുണ ബെഹ്‌റയ്ക്കാണ്. വിജിലന്‍സ് ഡയരക്ടറുടെ ചുമതലയില്‍നിന്ന് മാറ്റാതെ ബെഹ്‌റയ്ക്ക് പൊലിസ് മേധാവിയുടെ അധിക ചുമതലകൂടി നല്‍കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. സെന്‍കുമാര്‍ വിരമിക്കുന്നതോടെ സേനയില്‍ വന്‍ അഴിച്ചുപണിയുണ്ടാകും. ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസീനും ജയില്‍ എ.ഡി.ജി.പി ആര്‍. ശ്രീലേഖയ്ക്കും സ്ഥാനചലനമുണ്ടാകും. തച്ചങ്കരിയെ ജയില്‍ എ.ഡി.ജി.പി സ്ഥാനത്തുനിന്നു മാറ്റിയേക്കും. സേനയിലെ മുഴുവന്‍ ഉന്നതപദവികളിലും അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന. അതിനിടെ, സെന്‍കുമാറിന് നല്‍കുന്ന യാത്രയയപ്പ് ചടങ്ങില്‍നിന്ന് പൊലിസ് ആസ്ഥാനത്തെ എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിയെ ഒഴിവാക്കി. ഇതുകാരണം പൊലിസ് ആസ്ഥാനത്ത് ആയിരിക്കില്ല യാത്രയയപ്പ് നല്‍കുക. പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടില്‍ ആയിരിക്കും യാത്രയയപ്പ് ചടങ്ങ്. ആംഡ് ബറ്റാലിയന്‍ ഡി.ഐ.ജി ഷഫീന്‍ അഹമ്മദ് നേതൃത്വം നല്‍കും.ഐ.പി.എസ് അസോസിയേഷനാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
തച്ചങ്കരിയെ ഒഴിവാക്കണമെന്ന് സെന്‍കുമാര്‍ അസോസിയേഷനോട് ആവശ്യപ്പെട്ടിരുന്നുവത്രേ. 30ന് രാത്രി താജ് ഹോട്ടലില്‍ അസോസിയേഷന്‍ ഗംഭീര അത്താഴവിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ തച്ചങ്കരിയെ ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലിസ് മേധാവികളും ഐ.പി.എസ് ഉദ്യോഗസ്ഥരും യാത്രയയപ്പ് യോഗത്തില്‍ പങ്കെടുക്കണമെന്ന് അസോസിയേഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്രയയപ്പിന് തിളക്കംകൂട്ടാന്‍ ആംഡ് ബറ്റാലിയന്‍ കമാന്‍ഡന്റുമാരുടെ നേതൃത്വത്തില്‍ പ്രത്യേക പരേഡ് ഉണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."