നിരപരാധിത്യം തെളിയിക്കാന്‍ നുണപരിശോധനയ്ക്കു തയ്യാറാണ്: ദിലീപ്
തിരുവനന്തപുരം:നിരപരാധിത്യം തെളിയിക്കാന്‍ നുണപരിശോധനയ്ക്കു തയ്യാറാണെന്ന് നടന്‍ ദിലീപ്. ബ്രയിന്‍ മാപ്പിങ്ങോ,നാര്‍ക്കോനാലിസിസ്സ്,ടെസ്റ്റോ,നുണ പരിശോധനയോ ആയിക്കോട്ടെ തയ്യാറാണു, അത് മറ്റാരെയും കുറ്റവാളിയാക്കാനല്ല, തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടി മാത്രമാണിതെന്നും ദിലീപ് പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് ദിലീപിന്റെ പ്രതികരണം.
ഒരു കേസിന്റെ പേരില്‍ കഴിഞ്ഞ കുറച്ചു നാളുകളായി തന്നെ തേജോവധം ചെയ്യാനുള്ള ശ്രമം നടക്കുന്നുവെന്നും സോഷ്യല്‍ മീഡിയായിലൂടെയും,ചില മഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും,തെളിഞ്ഞും എന്റെ ഇമേജ് തകര്‍ക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്നും ദിലീപ് പറയുന്നു.
തന്നെ സിനിമാ ലോകത്തു നിന്നും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സലിംകുമാറിനും,അജുവർഗ്ഗീസിനും നന്ദി,ഈ അവസരത്തിൽ നിങ്ങൾ നൽകിയ പിന്തുണ വളരെ വലുതാണ്.ജീവിതത്തിൽ ഇന്നേവരെ എല്ലാവർക്കും നല്ലതുവരണം എന്ന് മാത്രമെ ചിന്തിച്ചീട്ടുള്ളു,അതിനുവേണ്ടിയെ പ്രവർത്തിച്ചീട്ടുള്ളൂ.പക്ഷെ ഒരു കേസിന്റെ പേരിൽ കഴിഞ്ഞ കുറച്ചു നാളുകളായി എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യൽ മീഡിയായിലൂടെയും,ചില മഞ്ഞ ഓൺലൈൻ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും,തെളിഞ്ഞും എന്റെ ഇമേജ് തകർക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നു,ഇപ്പോൾ ഈ ഗൂഡാലോചന നടക്കുന്നത് പ്രമുഖ ചാനലുകളുടെ അന്തപ്പുരങ്ങളിലും,അതിലൂടെ അവരുടെ അന്തിചർച്ച്യിലൂടെ എന്നെ താറടിച്ച് കാണിക്കുക എന്നുമാണു. ഇവരുടെ എല്ലാവരുടേയും ലക്ഷ്യം ഒന്നാണ്, എന്നെ സ്നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായ് എന്നിൽ നിന്നകറ്റുക,എന്റെ ആരാധകരെ എന്നെന്നേക്കുമായ് ഇല്ലായ്മചെയ്യുക,അതിലൂടെ എന്റെ പുതിയ ചിത്രം രാമലീലയേയും,തുടർന്നുള്ള സിനിമകളേയും പരാജയപ്പെടുത്തുക,എന്നെ സിനിമാരംഗത്ത് നിന്നുതന്നെ ഇല്ലായ്മചെയ്യുക.ഞാൻ ചെയ്യാത്തതെറ്റിന് എന്നെക്രൂശിക്കാൻ ശ്രമിക്കുന്നവരോടും,എന്റെ രക്തത്തിനായ് ദാഹിക്കുന്നവരോടും,ഇവിടത്തെ മാധ്യമങ്ങളോടും,പൊതു ജനങ്ങളോടും എനിക്കൊന്നേ പറയാനുള്ളൂ,ഒരു കേസിലും എനിക്ക് പങ്കില്ല,സലിം കുമാർ പറഞ്ഞതു പോലെ ബ്രയിൻ മാപ്പിങ്ങോ,നാർക്കോനാലിസിസ്സ്,ടെസ്റ്റോ,നുണ പരിശോധനയോ എന്തുമാവട്ടെ ഞാൻ തയ്യാറാണു,അത് മറ്റാരെയും കുറ്റവാളിയാക്കാനല്ല,എന്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടി മാത്രം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."