ജോസ് കെ.മാണിയുടേത് സത്യത്തിന്റെ നഗ്നമായ വളച്ചൊടിക്കല്‍: പി.ജെ ജോസഫ്
തൊടുപുഴ: ജോസ് കെ.മാണിയുടേത് സത്യത്തിന്റെ നഗ്നമായ വളച്ചൊടിക്കലാണെന്ന് കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്മാന് പി.ജെ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കട്ടപ്പന സബ്കോടതിയുടെ വിധി സംബന്ധിച്ച് ജോസ് കെ.മാണി പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും ജോസഫ് പറഞ്ഞു.
വിധിയിലെ ചില ഭാഗങ്ങള്‍ മറച്ചുവെയ്ക്കുകയും അതോടൊപ്പം കോടതിയുടെ നിരീക്ഷണങ്ങളെ വിധിയായി ഉയര്‍ത്തിക്കാട്ടുകയുമാണ്. നുണ പ്രചരിപ്പിക്കാന്‍ ജോസ് കെ.മാണി വിദഗ്ധനാണ്. പറയിപ്പിച്ചേ അടങ്ങൂവെന്ന വിധത്തിലാണ് ജോസിന്റെ പ്രവര്‍ത്തികള്‍. വാക്ക് പാലിക്കുന്ന നേതാവായിരുന്നു കെ.എം മാണി. ജോസിനെപ്പോലെ കൃത്രിമം കാണിക്കില്ല. ചെയര്മാന് തര്‍ക്കത്തില്‍, വ്യാജ സീലും കള്ളയൊപ്പുമിട്ട വ്യാജപ്രമാണമാണ് ഇടുക്കി കോടതിയില്‍ നേരത്തെ ജോസ് കെ.മാണി ഹാജരാക്കിയതെന്ന് തെളിഞ്ഞിരുന്നു. ഇതുപോലെ കൃത്രിമം കാണിക്കുന്നയാള്‍ ഒരു പാര്‍ട്ടിയ്ക്കും ഗുണകരമല്ലെന്ന് ഇടുക്കി മജിസ്ട്രേറ്റിന്റെ വിധിന്യായത്തിലുണ്ട്. വ്യാജരേഖ ചമച്ചതിന് ജോസ് കെ.മാണിക്ക് എതിരെ കോട്ടയം സി.ജെ.എം കോടതിയില്‍ കേസുണ്ട്. ചുരുങ്ങിയത് ഒരു കൊല്ലം കഠിനതടവ് കിട്ടാവുന്ന കുറ്റമാണത്.
ജോസ് കെ.മാണി വിഭാഗം തിരുവനന്തപുരം കോടതിയില്‍ കേസ് നല്കിയിരിക്കുന്നതിനാല് സംസ്ഥാന സമിതി വിളിച്ചു ചേര്‍ക്കാനാവില്ല. ഈ കേസ് നവംബര്‍ 23ന് പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്. എവിടെയെല്ലാം തടയിടാന്‍ പറ്റുമെന്നാണ് ജോസ് കെ.മാണി നോക്കുന്ന പി.ജെ ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."