നഴ്സുമാരുടെ സമരം: ചര്‍ച്ച പരാജയം, മിനിമം വേതനത്തില്‍ തീരുമാനമായില്ല
കൊച്ചി: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയം. ചര്‍ച്ചയില്‍ മിനിമം വേതനം സംബന്ധിച്ച് തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. ചര്‍ച്ച പരാജയപ്പെട്ട സ്ഥിതിക്ക് വിഷയം മന്ത്രിതലത്തില്‍ വീണ്ടും ചര്‍ച്ച ചെയ്യും.
ചര്‍ച്ചയില്‍ നഴ്സുമാരുടെ പ്രതിനിധികളും മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു. എന്നാല്‍, ചര്‍ച്ചയില്‍ നഴ്സുമാരുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ട വേതന വര്‍ധനവ് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു. എന്നാല്‍, 30 മുതല്‍ 37 ശതമാനം വരെ മാത്രമേ വര്‍ധനവ് കഴിയുകയുള്ളൂ എന്നും മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു. പക്ഷേ, നഴ്സുമാരുടെ പ്രതിനിധികള്‍ തങ്ങളുടെ ആവശ്യങ്ങളില്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്.
വിഷയം മന്ത്രിതലത്തില്‍ ചര്‍ച്ചയാകുന്നത് വരെ പണിമുടക്കിയുള്ള സമരം ഉണ്ടാവില്ലെന്ന് നഴ്സുമാരുടെ പ്രതിനിധികള്‍ പറഞ്ഞു. സംസ്ഥാനത്ത് നിലവിലെ ആരോഗ്യരംഗത്തെ സാഹചര്യം കണക്കിലെടുത്ത് ലേബര്‍ കമ്മീഷണര്‍ അഭ്യര്‍ഥിച്ചതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും നഴ്സുമാരുടെ പ്രതിനിധികള്‍ പറഞ്ഞു.
കോടതി നിര്‍ദേശമനുസരിച്ച് അടിസ്ഥാന ശമ്പളം 20,000 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് നഴ്സുമാരുടെ ആവശ്യം. 2016 ജനുവരി 29നാണ് ഇതു സംബന്ധിച്ച് സുപ്രിം കോടതി നിര്‍ദേശമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."