കാലവര്‍ഷം കലിതുള്ളി; ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം
തൊടുപുഴ: കാലവര്‍ഷം രണ്ടാം ദിവസവും കലിതുള്ളി. പലയിടത്തും മണ്ണിടിഞ്ഞു വീണു വ്യാപക കൃഷിനാശം. സംഭരണശേഷി കവിഞ്ഞതിനാല്‍ കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, മലങ്കര ഡാമുകള്‍ തുറന്നുവിട്ടു. കൂമ്പന്‍പാറയിലും തങ്കമണിയിലും ഉരുള്‍പൊട്ടി.
പല ഭാഗങ്ങളും ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. പ്രധാന പാതകളില്‍ മരം വീണും മണ്ണും കല്ലും ഒഴുകിയിറങ്ങിയും ഗതാഗത തടസ്സം ഉണ്ടായി. ശക്തമായ കാറ്റിലും പേമാരിയിലും വൈദ്യുതി തൂണുകള്‍ ഒടിഞ്ഞു പലയിടത്തും വൈദ്യുതി തടസ്സം നേരിട്ടു. ഫോണ്‍ ബന്ധവും താറുമാറായി. കഴിഞ്ഞ നാല് ദിവസമായി ജില്ലയില്‍ മഴ ശക്തമായി തുടരുകയാണ്.
താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറി. കൊട്ടാരക്കര-ദിണ്ഡുക്കല്‍ ദേശീയപാത 183ല്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കൂമ്പന്‍പാറയില്‍ ഉരുള്‍ പൊട്ടി എട്ടേക്കര്‍ പെട്ടിമുടി റോഡ് തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടിനാണ് ഉഗ്ര ശബ്ദത്തോടെ മലയിടുക്കില്‍ നിന്നും പാറക്കെല്ലുകള്‍ താഴേക്ക് പതിച്ചത്.
മലങ്കര ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നുവിട്ടു. ഇതോടെ തൊടുപുഴയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. ഡാമിന്റെ സംഭരണശേഷി പരമാവധി 42 മീറ്ററാണ്. ജലനിരപ്പ് 40.90 മീറ്ററില്‍ എത്തിയപ്പോള്‍ ആദ്യഷട്ടര്‍ തുറന്നു.
ജലനിരപ്പ് ഉയര്‍ന്നതോടെ ഉച്ചയ്ക്കു ശേഷം മൂന്നു ഷട്ടറുകള്‍ കൂടി തുറന്നു. ഇന്നലെ വൈകിട്ട് 41.20 മീറ്റാണ് ഡാമിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് ഇനിയും മഴ തുടരുന്ന പക്ഷം മറ്റു രണ്ടു ഷട്ടറുകള്‍ കൂടി തുറക്കേണ്ടി വരുമെന്ന് അധികൃതര്‍ പറഞ്ഞു.
രാത്രി വൈകിയും മഴ തുടരുകയാണ്. ഷട്ടറുകള്‍ ഘട്ടംഘട്ടമായി തുറന്നുവിട്ടതിനാല്‍ ആശങ്കയ്ക്ക് വകയില്ലെന്ന് അധികൃതര്‍ പറഞ്ഞു. എങ്കിലും ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തൊടുപുഴ- മുവാറ്റുപുഴയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം. ബാക്കിയുള്ള ഷട്ടറുകള്‍ തുറക്കേണ്ടിവന്നാല്‍ ഇനിയും പുഴയില്‍ ജലനിരപ്പ് ഉയരുമെന്നും അധികൃതര്‍ പറഞ്ഞു. ഡാം തുറന്നതു മൂലം നാശനഷ്ടങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് തൊടുപുഴ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡപ്യൂട്ടി തഹസില്‍ദാര്‍ ബിനു ജോസഫ് പറഞ്ഞു.
കനത്ത മഴയില്‍ തൊടുപുഴ മേഖലയില്‍ പലയിടത്തും മരങ്ങള്‍ വീണും സംരക്ഷണഭിത്തി ഇടിഞ്ഞും നാശനഷ്ടം. മൂന്നു ദിവസമായി ശമനമില്ലാതെ പെയ്യുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. മലങ്കരഡാം തുറന്നതോടെ തൊടുപുഴയാര്‍ പലയിടങ്ങളിലും കര കവിഞ്ഞു.
പന്നിമറ്റത്തിന് സമീപം മണ്ണിടിഞ്ഞ് വീട്ടിലേയ്ക്ക് വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. പന്നിമറ്റം മറ്റം മാരിയില്‍ ഗോപിയുടെ ഭാര്യ രാധ(62)യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിങ്കുന്നത്തിന് സമീപം പെരുവക്കാട്് തോമസിന്റെ വീടിന് പിന്‍ഭാഗത്തെ സംരക്ഷണഭിത്തി കനത്ത മഴയില്‍ ഇടിഞ്ഞുവീണു. പത്ത് അടിയോളം ഉയരത്തിലുള്ള സംരക്ഷണഭിത്തിയാണ് തകര്‍ന്നത്. ഇനിയും ഈ ഭാഗത്ത് സംരക്ഷണഭിത്തി ഇടിയാന്‍ പാകത്തിലുണ്ട്. സമീപത്തെ പെരുവക്കാട്ട് ജോണ്‍സന്റെ വീടും ഇതുമൂലം അപകട ഭീഷണിയിലാണ്. വീടിനു മുന്‍ഭാഗത്തെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണ് കുമാരമംഗലം കുടകശേരില്‍ സോമന്റെ വീടും അപകടനിലയിലായി. മുറ്റം അടക്കം ഒലിച്ചുപോയി. റവന്യൂ അധികൃതര്‍ വീട് സന്ദര്‍ശിച്ചു.
കോലാനി- വെങ്ങല്ലൂര്‍ ബൈപാസിലും പെരിങ്ങാശേരി- ചീനിക്കുഴി റൂട്ടില്‍ ഉപ്പുകുന്നിന് സമീപവും മരം വീണ് ഗതാഗതം തടസപ്പെട്ടു. തൊടുപുഴയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി രണ്ടു സ്ഥലങ്ങളിലും മരങ്ങള്‍ മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."