ആത്മവിശുദ്ധിയോടെ ജില്ലയില്‍ ചെറിയപെരുന്നാള്‍ ആഘോഷം
കൊച്ചി: അല്ലാഹുഅക്ബര്‍.. അല്ലാഹു അക്ബര്‍... അല്ലാഹുഅക്ബര്‍ വലില്ലാഹില്‍ ഹംദ്.. തക്ബീര്‍ ധ്വനികളോടെ വിശ്വാസികള്‍ ചെറിയപെരുന്നാള്‍ ആഘോഷിച്ചു.
30 ദിവസത്തെ വ്രതം നല്കിയ പരിശുദ്ധിയുടെ മനസുമായാണു മുസ്്ലിംകള്‍ ഞായറാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിച്ചത്. 30 നോമ്പും ലഭിച്ചതിനാല്‍ ഞായറാഴ്ച രാവിലെ മുതല്‍ പെരുന്നാള്‍ തിരക്കിലായിരുന്നു ജില്ല. പെരുന്നാള്‍ മൈലാഞ്ചിയിട്ടും പിറ്റേദിവസത്തെ ആഘോഷത്തിന് ഒരുക്കങ്ങള്‍ നടത്തുന്നതിനായി വൈകി ഉറങ്ങിയവര്‍ അതിരാവിലെ തന്നെ എഴുന്നേറ്റു പുതുവസ്ത്രം ധരിച്ചും സുഗന്ധം പൂശിയും പള്ളികളിലേക്കു നീങ്ങി. പതിവുപോലെ പള്ളികള്‍ നിറഞ്ഞു കവിഞ്ഞു.
പെരുന്നാള്‍ നിസ്കാരം കഴിഞ്ഞയുടന്‍ ബന്ധുവീടുകളില്‍ പോയും പ്രായം ചെന്നവര്‍ക്കും കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കിയും യുവാക്കള്‍ പെരുന്നാള്‍ ഹൃദയത്തിലേറ്റി. സോഷ്യല്‍മീഡിയയും പെരുന്നാള്‍ ആഘോഷത്തിലായി. വാട്ട്സാപ്പിലൂടെയും മറ്റ് സോഷ്യല്‍ മീഡിയകളിലൂടെയും അകലെയുള്ളവര്‍ക്ക് സ്നേഹം പങ്കിട്ട് പെരുന്നാള്‍ സന്ദേശം കൈമാറി. ഉച്ചകഴിഞ്ഞതോടെ കുടുംബത്തോടൊപ്പം പാര്‍ക്കുകളിലും നഗരങ്ങളിലും ചെലവഴിക്കാനായിരുന്നു മിക്കവരുടേയും ശ്രമം. മെട്രൊ കഴിഞ്ഞ ദിവസം നിറഞ്ഞു കവിഞ്ഞു.
ദേശത്തിന്റേയും ഭാഷയുടേയും അതിര്‍വരമ്പുകള്‍ക്കതീതമായി ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള വിശ്വാസ സമൂഹം ചെറിയ പെരുന്നാള്‍ നമസ്ക്കാരത്തിനായി ആലുവ സെന്‍ട്രല്‍ ജുമുഅ: മസ്ജിദില്‍ ഇത്തവണയും സംഗമിച്ചു. ബഹുഭാഷാ ഖുര്‍ആന്‍ പണ്ഡിതന് കൂടിയായ മസ്ജിദ് ചീഫ് ഇമാം അന്‍വര്‍ മുഹിയിദ്ദീന്‍ ഹുദവി അറബി, മലയാളം ഭാഷകള്‍ക്ക് പുറമെ ഹിന്ദി, ഉറുദു ഭാഷകളിലും ഈദ് സന്ദേശം നല്കി. ബീഹാര്‍, ബംഗാള്‍, ഒറീസ്സ, ആസ്സാം, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, കര്‍ണ്ണാടക തുടങ്ങി ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് പെരുന്നാള്‍ നമസ്ക്കാരത്തിനായി ഒഴുകിയെത്തിയത്. ഇവരുള്‍പ്പെടെയുള്ള വിശ്വാസികളെ മസ്ജിദ് ഭാരവാഹികളുടെ നേതൃത്വത്തില്‍ മധുരം നല്‍കിയും സുഗന്ധം പൂശിയും സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."