ഒരു വ്യാഴവട്ടം ഭീകരനായി ജയിലില്‍; ഒടുവില്‍ മോചനം ഇതു പുതുജന്മമെന്ന് ഗുലാബ് ഖാന്‍
ബറേലി: ഒരുവ്യാഴവട്ടം ഭീകരന്‍ ആയി മുദ്രകുത്തി ജയിലിലടക്കപ്പെട്ടെങ്കിലും ഇപ്പോള്‍ നിരപരാധിയെന്നു കണ്ട് കോടതി മോചിപ്പിച്ചതിന്റെ ആശ്വാസത്തിലാണ് 48 കാരന്‍ ഗുലാബ് ഖാന്‍. 'ദൈവം എനിക്ക് പുതിയ ജീവിതം തന്നു. എനിക്ക് തീവ്രവാദവുമായി ഒരു ബന്ധവുമില്ല. ഞാന്‍ ഈ കേസില്‍ അറസ്റ്റിലായപ്പോള്‍, എന്റെ ജീവിതവും കുടുംബവും എല്ലാം തകര്‍ന്നുവെന്നാണ് കരുതിയത്. കാരണം തീവ്രവാദക്കേസ് ചാര്‍ത്തുകയെന്നത് അത്രയും ഭീതിപ്പെടുത്തുന്ന ഒന്നായിരുന്നു. ഈ വര്‍ഷങ്ങളിലെല്ലാം ഞാന്‍ ആ ഭീതിയോടെ കഴിഞ്ഞു. ഇടയ്ക്ക് ഹൃദയാഘാതം വന്നു മരിക്കുകയാണെന്നു പോലും കരുതി. ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ ദൈവത്തെ സ്തുതിച്ചു. ഇപ്പോള്‍ ശുദ്ധവായു ശ്വസിക്കുന്ന പ്രതീതിയാണുള്ളത്. ഇതൊരു പുതിയ തുടക്കമാണ്'- ഗുലാബ് ഖാന്‍ പറഞ്ഞു.
2008 ജനുവരി ഒന്നിന് റാംപൂരിലെ സി.ആര്‍.പി.എഫ് ക്യാംപിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടാണ് ഗുലാബ് ഖാന്‍ പിടിയിലായത്. ആക്രമണത്തില്‍ ഓട്ടോ ഡ്രൈവറും ഏഴ് ജവാന്‍മാരും കൊല്ലപ്പെട്ടിരുന്നു. ഏ.കെ 47 തോക്കുകളുമായി ക്യാംപിലേക്ക് എത്തിയവര്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. കേസില്‍ 12 വര്‍ഷത്തെ വിചാരണത്തടവിനു ശേഷം കഴിഞ്ഞദിവസമാണ് ഉത്തര്‍പ്രദേശിലെ റാംപൂര്‍ ജില്ലാ കോടതി ഗുലാബ് നിരപരാധിയാണെന്നു വിധിച്ചത്. ഗുലാബിനെ കൂടാതെ മറ്റൊരാളും ഇതുപോലെ നീണ്ടകാലം ജയില്‍വാസമനുഭവിച്ച ശേഷം പുറത്തിറങ്ങി. കേസില്‍ ഇയാളുടെ ഭാര്യാസഹോദരന്‍ മുഹമ്മദ് ശരീഫ് അടക്കമുള്ള നാലു പേരെ കുറ്റക്കാരെന്നു കണ്ടെത്തിയിരുന്നു.
2008 ഫെബ്രുവരിയിലാണ് ഗുലാബ് അറസ്റ്റിലായത്. ആ സമയത്ത് ബഹേറിയില്‍ വെള്‍ഡിങ് ഷോപ്പ് നടത്തുകയായിരുന്നു ഗുലാബ് ഖാന്‍. വീട്ടില്‍ ആയുധം സൂക്ഷിച്ചുവെന്നതടക്കമുള്ള കേസുകള്‍ ചാര്‍ത്തിയാണ് അറസ്റ്റ് ചെയ്തത്. ബറേലിയില്‍ അടിപിടിയുണ്ടാക്കിയ സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ഗുലാബിനെ പൊലിസ് പിടിച്ചുകൊണ്ടുപോയത്. എന്നാല്‍ മൂന്നു മാസക്കാലമായി ബറേലിയില്‍ ഞാന്‍ പോയിട്ടില്ലെന്ന് പറഞ്ഞത് പൊലിസ് അംഗീകരിച്ചില്ല. അവര്‍ കാറില്‍ കയറ്റി കൊണ്ടുപോയത് ഒരു ഗസ്റ്റ് ഹൗസിലേക്കാണ്.
പിറ്റേദിവസമാണ് പൊലിസ് സ്റ്റേഷനില്‍ കൊണ്ടുപോയത്. വൈദ്യ പരിശോധന കഴിഞ്ഞ് നേരെ ജയിലിലടച്ചു. എന്തിനാണ് തന്നെ ജയിലില്‍ ഇടുന്നതെന്ന് ചോദിച്ചപ്പോള്‍, അതൊക്കെ പിന്നീട് മനസിലായിക്കോളും എന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് മൂന്നു മാസക്കാലം കുടുംബത്തെ പോലും കാണാന്‍ പറ്റിയില്ല- ഗുലാബ് ഖാന്‍ പറയുന്നു.
ജയിലില്‍ പോവുമ്പോള്‍ മൂന്നുകുട്ടികളാണ് ഗുലാബിന് ഉണ്ടായിരുന്നത്. അവരെ വളര്‍ത്താന്‍ ഭാര്യ നുസ്‌റത്ത് ഏറെ കഷ്ടപ്പെട്ടെന്ന് ഗുലാബ് പറഞ്ഞു. ജയിലില്‍ പോവുമ്പോള്‍ ഇളയകുട്ടിയുടെ പ്രായം ഒരുവയസ് ആയിരുന്നു. അവനിപ്പോള്‍ വയസ് 13 ആയി. മറ്റുള്ളവര്‍ക്ക് 17, 15 വയസും. ജയില്‍വാസകാലത്ത് ഉമ്മയും ഭാര്യാമാതാവും മരിച്ചെങ്കിലും അവരുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോലും അനുമതി ലഭിച്ചിരുന്നില്ലെന്നും ഗുലാബ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."