ജമാല്‍ ഖഷോഗി വധം: സഊദി രാജകുമാരനെ സി.ഐ.എ കുറ്റപ്പെടുത്തിയില്ലെന്ന് ട്രംപ്
വാഷിങ്ടണ്‍,അങ്കാറ: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ വധത്തില്‍ സി.ഐ.എ സഊദി കിരീടാവകാശിയെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊലപാതകത്തിന് ഉത്തരവിട്ടത് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന് യു.എസ് രഹസ്യാന്വേഷണ ഏജന്‍സി പറഞ്ഞിട്ടില്ലെന്ന് ട്രംപ് പറഞ്ഞു. അതേസമയം, സംഭവത്തില്‍ ട്രംപ് അന്ധത നടിക്കുകയാണെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി ആരോപിച്ചു.
കിരീടാവകാശിയുടെ അനുമതിയില്ലാതെ സഊദി കോണ്‍സുലേറ്റില്‍ ഇത്തരത്തിലൊരു കൃത്യം നടക്കില്ലെന്ന് സി.ഐ.എ വൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സി.ഐ.എ അത്തരത്തിലൊരു തീര്‍പ്പിലെത്തിയിട്ടില്ല. സഊദി കിരീടാവകാശി അത്തരമൊരു കൃത്യംചെയ്തതായി ആര്‍ക്കെങ്കിലും തീര്പ്പുകല്പ്പിക്കാനാകുമെന്നു കരുതുന്നുമില്ല. കിരീടാവകാശിയാണ് ചെയ്തതെങ്കിലും ഇല്ലെങ്കിലും അക്കാര്യം അദ്ദേഹവും പിതാവും ശക്തമായി നിഷേധിച്ചിട്ടുണ്ട്-ട്രംപ് ട്വീറ്റ് ചെയ്തു.
ഖഷോഗി വധം യു.എസ്-സഊദി ബന്ധത്തെ ബാധിക്കില്ലെന്ന് കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് അമേരിക്കയ്ക്കെതിരേ തുര്‍ക്കി രൂക്ഷവിമര്ശമെയ്തത്. എന്തു തന്നെ സംഭവിച്ചാലും താന്‍ തിരിഞ്ഞുനോക്കില്ലെന്നു പറയുന്നതിനു സമാനമാണ് ട്രംപിന്റെ പ്രതികരണമെന്ന് തുര്‍ക്കി വിദേശ കാര്യ മന്ത്രി മെവ്ലൂത് കാവുസോഗ്ലു ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."